മ​ക്ക​ള്‍ക്കാ​യി തീ​ര്‍ത്തൊ​രു ഉ​മ്മ ജീ​വി​തം

'നാലുവയസ്സേ ഉണ്ടായിരുന്നുള്ളൂ ഉപ്പ മരിക്കുമ്പോള്‍. പിന്നീടങ്ങോട്ട് ഒരു പോരാട്ടം തന്നെയായിരുന്നു ഉമ്മയുടെ ജീവിതം. ഇത്തിരിപ്പൊടിയായ മക്കളെ പോറ്റിവളര്‍ത്താനുള്ള പാച്ചില്‍. ഓരോ നേരവും മക്കളുെട വയറുനിറക്കാനുള്ള തത്രപ്പാട്. ഇതൊന്നും മക്കള്‍ അറിയാതിരിക്കാനുള്ള വ്യഗ്രത. എല്ലാം കൂടി ചേര്‍ത്തുവെച്ചതായിരുന്നു ഉമ്മയുടെ ജീവിതം. അപ്പുറത്തുനിന്നും ഇപ്പുറത്തുനിന്നും ഒഴുകിപ്പരക്കുന്ന രുചിഗന്ധങ്ങള്‍. കുഞ്ഞുങ്ങളായ ഞങ്ങള്‍ക്കറിയില്ലല്ലോ ഉമ്മ എത്രത്തോളം കഷ്ടപ്പെട്ടിട്ടാണ് ഓരോ നേരത്തേയും അന്നമൊപ്പിക്കുന്നതെന്ന്.

എന്നാലും നോമ്പുതുറക്കാന്‍ ഞങ്ങളുടെ ഇഷ്ടവിഭവങ്ങള്‍ ഉമ്മ എങ്ങനെയെങ്കിലുമൊക്കെ ഒരുക്കിത്തന്നിരുന്നു. ഉമ്മയുടെ യൗവനകാലമായിരുന്നിരിക്കണം ഉപ്പ ഞങ്ങളെ വിട്ടുപിരിയുന്നത്. ജീവിതത്തില്‍ തനിക്ക് വേണ്ടതെന്തെന്ന് ഒരിക്കലും ഉമ്മ ചിന്തിച്ചു കാണില്ല. മക്കളെ കുറിച്ചു മാത്രമോര്‍ത്ത് അവരുടെ ഇഷ്ടങ്ങള്‍ നിറവേറ്റാനായി വേവലാതിപ്പെട്ട് ഓടിത്തളര്‍ന്ന് ആ തളര്‍ച്ച വകവെക്കാതെ പിന്നേം പിന്നേം എഴുന്നേറ്റ് നടന്ന്...അങ്ങനെ 57 കൊല്ലം. ശരിക്കും ആറു പതിറ്റാണ്ടോളം നീണ്ടൊരു ഒറ്റയാള്‍ പോരാട്ടം.

ഞങ്ങള്‍ ആറുപേര്‍ക്കുവേണ്ടി മാത്രം ജീവിച്ചു തീര്‍ത്തൊരു ജീവിതം. ദൈവത്തിന്റെ വിളിക്കുത്തരം നല്‍കി കുറച്ചുനാള്‍ മുമ്പാണ് ഉമ്മ യാത്രയായത്. വല്ലാത്തൊരു ശൂന്യതയാണ് ഉമ്മയുടെ അഭാവം ഞങ്ങളില്‍ നിറക്കുന്നത്. ഞങ്ങള്‍ക്കായി പൊരിവെയില്‍ കൊണ്ട പൊന്നുമ്മാക്ക് വേണ്ടോളം തണല്‍ നല്‍കാനായില്ലേ...എന്നൊരു നോവ്...കുറച്ചുനാള്‍കൂടി ആ വാത്സല്യ മധുരം നുകരാനായിരുന്നെങ്കില്‍ എന്നൊരാശ നിറയും ചിലപ്പോഴെങ്കിലും മനസ്സില്‍. തമ്പുരാനേ നിന്റെ സ്വർഗത്തണുപ്പില്‍ ചേര്‍ത്തുവെക്കണേ എന്നൊരു പ്രാര്‍ഥന മാത്രമാണ് ബാക്കിയാവുന്നത്'.

Tags:    
News Summary - It's a wonderful life for children by the mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.