‘കിങ് അബ്ദുല്ല’ എന്ന് നാമകരണം ചെയ്ത ഹറമിലെ കവാടം
ജിദ്ദ: മക്ക ഹറമിലെ 100ാം നമ്പർ കവാടത്തിന് 'കിങ് അബ്ദുല്ല' എന്ന് നാമകരണം ചെയ്തു. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസാണ് ഇക്കാര്യം അറിയിച്ചത്. ഭരണകൂടത്തിന്റെ നിർദേശം, ഇരുഹറമുകളിലെത്തുന്നവർക്ക് സൗദി അറേബ്യ നൽകിവരുന്ന സേവനങ്ങളുടെ വിപുലീകരണത്തിന്റെ തുടർച്ചയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇതിലൂടെ ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ നൽകാൻ സാധിക്കും. അബ്ദുൽ അസീസ് രാജാവ് സൗദി അറേബ്യ ഏകീകൃത രാജ്യമായി സ്ഥാപിച്ചത് മുതൽ ഇന്നുവരെ ഭരണാധികാരികൾ ഇരുഹറമുകളുടെ സേവനത്തിന് വളരെ ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹറമിലെ ഏറ്റവും വലിയ കവാടങ്ങളിലൊന്നാണ് കിങ് അബ്ദുല്ല. ഹറമിന്റെ വടക്കേ മുറ്റം വിപുലീകരിച്ചത് അനുബന്ധിച്ചാണ് ഈ കവാടം നിർമിച്ചത്. ആധുനിക വാസ്തുവിദ്യ ശൈലിയിൽ നിർമിച്ച കവാടം ഇസ്‍ലാമികമായ അലങ്കാരവേലകൊണ്ട് കമനീയമാക്കിയിട്ടുണ്ട്. കവാടത്തിന് മുകളിൽ രണ്ട് മിനാരങ്ങളുണ്ട്. ഹറമിലെ മറ്റ് മിനാരങ്ങളെക്കാൾ ഉയരം കൂടിയതാണ് ഇവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.