ഒട്ടും നിനച്ചിരിക്കാതെ സംഭവിച്ച അപകടങ്ങളിൽപെട്ടും മാറാരോഗങ്ങൾ ബാധിച്ചും ജീവിതം കീഴ്മേൽ മറിഞ്ഞ ചിലരുണ്ട്. ഒരു കാലത്ത് പെരുന്നാളിന് കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം സജീവമായി ഓടിനടന്ന് ആഘോഷങ്ങളിൽ പങ്കുചേർന്നവർ. അവരിൽ പലരും ബെഡിലും വീൽചെയറിലുമായി വീടകങ്ങളിലോ ഒരു മുറിക്കുള്ളിലോ ഒതുങ്ങിപ്പോയത് നാം കണ്ടിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയുന്നതിന് മുമ്പ് ഒരു നിമിഷാർധത്തിൽ ജീവിതം മാറിപ്പോയി സ്‌പൈനൽ കോർഡ് അല്ലെങ്കിൽ സുഷുമ്നാ നാഡിക്ക് ക്ഷതമേറ്റ് ശരീരം പൂർണമായോ ഭാഗികമായോ തളർന്നുപോയവർ ഇതിൽ വലിയൊരു വിഭാഗമാണ്. എന്നാൽ, ഇതാണ് ഇനി എന്‍റെ ജീവിതം എന്ന് തിരിച്ചറിഞ്ഞ് പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട് അസാമാന്യ ആത്മവിശ്വാസത്തോടെ ജീവിച്ച് കാണിക്കുന്ന നിരവധി പേരുണ്ട്. അത്തരത്തിൽ മൂന്നു പേരുടെ അനുഭവ സാക്ഷ്യമാണിത്. അവരെ മുന്നോട്ട് കൈപിടിച്ച കെയർ ഹോമിനെക്കുറിച്ചും.
2024 മാർച്ചിലുണ്ടായ ബൈക്കപകടമാണ് കോഴിക്കോട് താമരശ്ശേരി സ്വദേശി പി.കെ. ഹമീദിന്‍റെ (47) ജീവിതം മാറ്റിമറിച്ചത്. ബൈക്കിൽ സഞ്ചരിക്കവെ പെട്ടെന്ന് മുന്നിലെത്തിയ സ്കൂട്ടർ യാത്രികനെ രക്ഷിക്കാനായി സഡൻ ബ്രേക്കിട്ടതോടെ തെറിച്ചുവീഴുകയായിരുന്നു. കഴുത്തിനേറ്റ പരിക്കിൽ സുഷുമ്നാ നാഡിക്ക് ക്ഷതമേറ്റു. ഇതോടെ കഴുത്തിന് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ടു...
കൊയിലാണ്ടി സ്വദേശി സരൂജ (47) മഴച്ചാറൽ കണ്ട് വിറക് മൂടാനായി ടെറസിൽ കയറിയതായിരുന്നു. 2025 മാർച്ചിൽ, കഴിഞ്ഞ വർഷം റമദാൻ മൂന്നിന്. നോമ്പ് തുറക്ക് ഏതാനും സമയമേ ബാക്കിയുണ്ടായിരുന്നുള്ളൂ. പിറ്റേന്ന് രാവിലെയായിരുന്നു മൂത്ത മകളുടെ പ്രസവത്തിന് ഡേറ്റ് നൽകിയിരുന്നത്. അതിന്‍റെ ഒരുക്കത്തിലായിരുന്നു സരൂജ. ടെറസിൽനിന്ന് വീണത് താഴെ മതിൽ കെട്ടിന് മുകളിലേക്കായിരുന്നു. സുഷുമ്നാ നാഡിക്ക് ക്ഷതമേറ്റതോടെ അരക്ക് താഴെ തളർന്നു... ഒരു വർഷത്തോളം കിടപ്പുരോഗിയായി.
23 വയസേയുള്ളൂ മലപ്പുറം പരപ്പനങ്ങാടി സ്വദേശി മശ്ഊദ് അസ്ഹറിന്. 2023 ഫെബ്രുവരി 28ന് പ്ലസ് ടു മോഡൽ പരീക്ഷ നടക്കുന്നതിനിടെയായിരുന്നു അപകടം. പരീക്ഷക്കിടെ ലഭിച്ച അവധി ദിനങ്ങളിലൊന്നിൽ വീടിന് സമീപത്തെ മാവിൽ കയറിയതായിരുന്നു ഒരു മാങ്ങ പറിക്കാൻ. വീണ് പരിക്കേറ്റ മശ്ഊദിപ്പോൾ വീൽചെയറിലാണ്. നെഞ്ചിന് താഴേക്ക് തളർന്നുപോയിരിക്കുന്നു...
മറ്റൊരു ജീവന് പ്രതീക്ഷയേകാൻ കഴിയുന്നതിനേക്കാൾ സാർഥകമായി മറ്റെന്തുണ്ട്...? ഹെൽപിങ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റിന്‍റെ കെയർ ഹോം എന്ന കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ന്യൂറോളജിക്കൽ പരിക്കുകളുള്ള രോഗികളുടെ സമ്പൂർണ പുനരധിവാസ കേന്ദ്രമായ ‘റീഹാബിറ്റ്’ (ReHabit) ആണ് ഇവർക്കെല്ലാം കൈത്താങ്ങായത്.
പന്ത്രണ്ട് വർഷത്തോളം സൗദി അറേബ്യയിൽ പ്രവാസിയായിരുന്നു ഹമീദ്. നാട്ടിൽ തിരിച്ചെത്തി ടോറസ് അടക്കം വാഹനങ്ങളിൽ ഡ്രൈവറായി ജോലി നോക്കുമ്പോഴായിരുന്നു അപകടം. കാലുകൾ തറയിൽ വെക്കാനും ആളുകളുടെ സഹായത്തോടെ രണ്ടടി നടക്കാനും സാധിച്ചത് ‘റീഹാബിറ്റി’ൽ ലഭിച്ച പരിചരണത്തിലൂടെയാണെന്ന് ഹമീദ് ഉറപ്പിച്ച് പറയുന്നു. ‘‘ബൈക്കപകടത്തിൽപെട്ട് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചത്. 25 ദിവസം തീവ്രപരിചരണ വിഭാഗത്തിൽ. ശേഷം വീടിന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഏതാനും ആഴ്ച നീണ്ട ചികിത്സ. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലെ തന്നെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സെന്‍ററിലും ഏറെക്കാലം. പിന്നീടാണ് കെയർ ഹോമിനെക്കുറിച്ച് അറിഞ്ഞത്. എന്‍റെ അവസ്ഥ മെച്ചപ്പെടുമെന്ന് പ്രതീക്ഷയില്ലാത്തതിനാൽ രണ്ടാഴ്ചത്തേക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. എന്നാൽ ആരോഗ്യനിലയിൽ വലിയ പുരോഗതി കണ്ടതോടെ മൂന്നര മാസം ചികിത്സ ലഭിച്ചു...’’ ഇപ്പോൾ ഓമശ്ശേരിയിൽ വാടകക്ക് താമസിക്കുകയാണ് ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന ഹമീദിന്‍റെ കുടുംബം. ഭാര്യ സൈഫുന്നിസയാണ് കൂടെ നിന്ന് പരിചരിക്കുന്നത്. കെയർ ഹോമിലെ ചികിത്സ കഴിഞ്ഞെങ്കിലും വളണ്ടിയർമാർ ഇപ്പോഴും വീട്ടിലെത്താറുണ്ടെന്നും കൃത്യമായി ഇടവേളകളിൽ ഡോക്ടർമാരടക്കം വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാറുണ്ടെന്നും ഹമീദ് പറയുന്നു. പലപ്പോഴും മരുന്നിനുള്ള പണവും ഭക്ഷ്യവസ്തുക്കളുടെ കൂപ്പണും നൽകാറുണ്ട്. ഫിസിയോ തെറാപ്പി തുടരേണ്ടതുണ്ടെങ്കിലും സാമ്പത്തികാവസ്ഥ മൂലം സാധിക്കാറില്ല. പലപ്പോഴും അവശ്യ മരുന്നുകളും മുടങ്ങുന്നു. മാസത്തിൽ 6000 രൂപയോളം മരുന്നിന് മാത്രം വേണം. നോമ്പെടുത്ത്, പള്ളിയിൽ തറാവീഹിന് പോയി, സജീവമായിരുന്ന റമദാൻ ദിനങ്ങളും ബന്ധുവീടുകൾ സന്ദർശിച്ചിരുന്ന പെരുന്നാൾ ദിനങ്ങളുമെല്ലാം ഓർമയായി. എങ്കിലും താൻ സംതൃപ്തനാണെന്നും ദൈവത്തിന് സ്തുതിയെന്നും ഹമീദ് പറയുന്നു.
ടെറസിൽനിന്ന് വീണ് ഗുരുതരാവസ്ഥയിലായ സരൂജയും ആഴ്ചകൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. നട്ടെല്ലിന് സർജറിക്കടക്കം വിധേയയായി. പിന്നീട് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സെന്‍ററിലും ചികിത്സ. വീട്ടിലേക്ക് മടങ്ങി കൊയിലാണ്ടിയിലെ ക്ലിനിക്കിൽ മൂന്ന് മാസത്തോളം ഫിസിയോതെറാപ്പി. പിന്നീട് വീട്ടിൽ ആളെ നിർത്തിയും ഫിസിയോതെറാപ്പി തുടർന്നു. ഇതിനിടെ ഒരു ആംബുലൻസ് ഡ്രൈവറാണ് കെയർ ഹോമിനെക്കുറിച്ച് പറഞ്ഞത്. അപകടം സംഭവിച്ച് പത്ത് മാസങ്ങൾക്ക് ശേഷം സരൂജ ‘റീഹാബിറ്റി’ൽ എത്തി. ‘‘അവിടെ നിന്നാണ് എന്റെ ജീവിതം വീണ്ടും തുടങ്ങിയത്. ധൈര്യം പകരുന്ന ആളുകളും പ്രതീക്ഷ കൈവിടാത്ത ഒരു ടീമും. എന്റെ ജീവിതം മുഴുവൻ മാറിയിരുന്നു. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവില്ലായിരുന്നു. ബാക്കിയുള്ള ജീവിതം ബെഡിൽ തന്നെ ആയി എന്ന് ഞാൻ ഉറപ്പിച്ചിരുന്നു. വീണ്ടും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. രണ്ട് മാസത്തെ ചികിത്സയാണ് ലഭിച്ചത്. ഇപ്പോൾ അടുക്കളയിൽ കയറി വീൽചെയറിലിരുന്ന് പാചകം പോലും ചെയ്യുന്നു. ദൈനംദിന കാര്യങ്ങളെല്ലാം സ്വന്തമായി ചെയ്യാൻ സാധിക്കുന്നു എന്ന സന്തോഷമാണുള്ളത്...’’ -സരൂജ പറയുന്നു. വാടക വീട്ടിലാണ് സരൂജയും കഴിയുന്നത്. പെയ്ന്‍റിങ് തൊഴിലാളിയായ ഭർത്താവും രണ്ട് മക്കളുമടങ്ങുന്നതാണ് കുടുംബം.
‘‘വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പോലും സാധിച്ചിരുന്നില്ല, അത്രമേൽ മനക്കരുത്ത് ചോർന്നുപോയിരുന്നു. ആളുകളെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം പോലും ലഭിച്ചത് കെയർ ഹോമിലെത്തിയ ശേഷമാണ്...’’ -മശ്ഊദ് പറയുന്നു. അപകടത്തിന് പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ഒരു മാസത്തെ ചികിത്സയ. പിന്നീട് ആഴ്ചകളോളം തിരൂരങ്ങാടിയിലെ ആശുപത്രിയിലും ഒരു ആയുർവേദ കോളേജിലും ചികിത്സ തേടി. ഒരു വർഷത്തിന് ശേഷമാണ് കെയർ ഹോമിലെത്തിയത്. രണ്ടര മാസത്തെ ചികിത്സയോടെ പല കാര്യങ്ങളും സ്വന്തമായി ചെയ്യാവുന്ന അവസ്ഥയിലേക്കെത്തി. വിഷാദത്തിൽ കീഴടക്കിയ അവസ്ഥയിൽ കെയർ ഹോമിൽ കയറിയ താൻ സന്തോഷത്തോടെയാണ് പിന്നീട് ലോകത്തിന് മുന്നിലേക്ക് ഇറങ്ങിയതെന്ന് മശ്ഊദ് പറഞ്ഞു. വീട്ടിലെത്തി മുടങ്ങിയ പഠനം പുനഃരാരംഭിച്ചു. പ്ലസ് ടു പൂർത്തിയാക്കിയ ഈ മിടുക്കൻ ഇപ്പോൾ ഉപരിപഠനത്തിനും ഒപ്പം പി.എസ്.സി പരീക്ഷകൾക്കും തയാറെടുക്കുകയുമാണ്. പാർട്ട് ടൈം ആയി ജോലി നോക്കി സ്വന്തം കാര്യങ്ങൾക്ക് പണം കണ്ടെത്താൻ ഓട്ടോറിക്ഷ വാങ്ങാനുള്ള തയാറെടുപ്പിലാണ്. ‘‘എനിക്ക് ചുറ്റും ഒന്നും മാറിയിട്ടില്ല. എല്ലാത്തിനും കുടുംബം കൂടെയുണ്ട്, കട്ടക്ക് സപ്പോർട്ടുമായി ഉറ്റസുഹൃത്തുക്കളും. ചങ്കുകൾക്കൊപ്പം ഈ പെരുന്നാളും കളറാക്കും...’’ -മശ്ഊദിന്‍റെ വാക്കുകൾ.
അഞ്ച് വർഷത്തിനിടെ ‘റീഹാബിറ്റി’ലൂടെ ഇത്തരത്തിൽ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട, മുന്നോട്ട് ജീവിക്കാൻ ആത്മവിശ്വാസം നേടിയ അനേകരുടെ അനുഭവങ്ങളിൽ ചിലത് മാത്രമാണിത്. സ്ട്രോക്ക്, സ്‌പൈനൽ കോർഡ് ഇഞ്ച്വറി, ബ്രെയിൻ ഇഞ്ച്വറി തുടങ്ങിയ ന്യൂറോളജിക്കൽ ആഘാതങ്ങൾക്ക് ശേഷം രോഗികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കൃത്യമായ പുനരധിവാസത്തിന്റെ അഭാവമാണ്. നമ്മുടെ നാട്ടിൽ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്ന പലർക്കും വിദഗ്ധ തെറാപ്പികളോ പിന്തുണയോ ലഭിക്കുന്നില്ല. ഈ വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെയാണ് 30 വർഷത്തോളമായി ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്ന ഹെൽപിങ് ഹാൻഡ്സ് ട്രസ്റ്റിന് കീഴിൽ ‘റീഹാബിറ്റ്’ ആരംഭിച്ചത്. ഇതിനോടകം 340-ലേറെ കുടുംബങ്ങൾക്ക് താങ്ങായി മാറാൻ ഈ സംഘത്തിന് സാധിച്ചു.
ശാരീരികവും മാനസികവുമായ വെല്ലുവിളികളെ അതിജീവിക്കാൻ പ്രാപ്തമാക്കുകയും സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയാണിവിടെ. പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാനും ഉയർന്ന നിലവാരത്തിലുള്ള ന്യൂറോ റീഹാബിലിറ്റേഷൻ സേവനങ്ങൾ, വിദഗ്ധ പരിശീലനം, ഗവേഷണം എന്നിവ ഏകോപിപ്പിക്കാനുമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ എക്സലൻസ് (ഐ.ആർ.ഇ) എന്ന കേന്ദ്രവും പ്രവർത്തിക്കുന്നു. ഹമീദിനെയും സരൂജയെയും മശ്ഊദിനെയും പോലെ ജീവിതം മാറിമറിഞ്ഞ അനേകം ആളുകളുടെ മുഖത്ത് പ്രത്യാശയുടെ പുഞ്ചിരി നിറയ്ക്കാനായി പ്രയത്നിക്കുന്നവർക്കാകട്ടെ നമ്മുടെ പെരുന്നാൾ പ്രാർത്ഥനകൾ...!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.