കത്തുകൾ

ഡിജിറ്റൽ കാലത്തും ജെൻസികൾക്ക് കത്തുകളോട് പ്രണയം; വൈറലായി സ്നെയിൽ മെയിൽ ക്ലബ്ബുകൾ

ഇൻസ്റ്റാഗ്രാം സ്റ്റോറികളും, ഡിസ്പിയറിങ് മെസ്സേജുകളും, ഒരു ക്ലിക്കിൽ വാതിൽക്കൽ എത്തുന്ന ഓൺലൈൻ ഡെലിവറികളും നിറഞ്ഞ ഡിജിറ്റൽ ലോകത്ത് ജീവിക്കുന്ന ഇന്നത്തെ തലമുറക്ക്, പോസ്റ്റ്‌മാനും കാത്തിരുന്ന് എത്തുന്ന കൈയെഴുത്തു കത്തുകളും ഒരുപക്ഷേ അപൂർവ്വമായ ഒന്നായി തോന്നിയേക്കാം. എന്നാൽ, കൈകൊണ്ട് എഴുതിയ മനോഹരമായ കത്തുകളും സ്റ്റിക്കറുകളും ചെറിയ സമ്മാനങ്ങളും തേടിപ്പിടിച്ച് 'സ്നെയിൽ മെയിൽ ക്ലബ്ബുകളുടെ' സബ്‌സ്‌ക്രിപ്ഷനുകൾക്കായി ക്യൂ നിൽക്കുകയാണ് ആയിരക്കണക്കിന് യുവജനങ്ങൾ.

സ്നെയിൽ മെയിൽ

ഡിജിറ്റൽ കാലഘട്ടത്തിന് മുൻപ് നമ്മൾ കത്തുകൾ കൈമാറാൻ ഉപയോഗിച്ചിരുന്ന പരമ്പരാഗത തപാൽ സംവിധാനത്തെയാണ് ഇന്ന് 'സ്നെയിൽ മെയിൽ' (ഒച്ചിന്റെ വേഗതയിലുള്ള പോസ്റ്റ്) എന്ന് വിശേഷിപ്പിക്കുന്നത്. ഇതു കേട്ട് മില്ലേനിയലുകൾ ഒരുപക്ഷേ അത്ഭുതപ്പെട്ടേക്കാം. ഞങ്ങൾ കൊച്ചുകാലത്ത് ചെയ്ത് ശീലിച്ച ആ പഴയ കാര്യം ഇപ്പോഴൊരു പുതിയ ട്രെൻഡാണോ? എന്ന് അവർ ചിന്തിച്ചാൽ അത് തികച്ചും സ്വാഭാവികമാണ്.

എന്നാൽ 2026ൽ എത്തുമ്പോൾ ഇതൊരു സാധാരണ കത്തയക്കൽ മാത്രമല്ല. അതൊരു മനോഹരമായ അനുഭവവും, പുതിയൊരു ഹോബിയുമാണ്. എപ്പോഴും ഓൺലൈനിൽ ഇരിക്കുന്ന ഡിജിറ്റൽ ലോകത്തുനിന്നുള്ള സുഖകരമായ ഒരു മോചനം കൂടിയാണിത്. പഴയകാലത്തോടുള്ള ഗൃഹാതുരത കൊണ്ടല്ല ജെൻ-സി ഇതിന് പിന്നാലെ പായുന്നത്. കാരണം അവരിൽ ഭൂരിഭാഗം പേരും അത്തരം കത്തുകളുടെ കാലം നേരിട്ട് കണ്ടിട്ടില്ലാത്തവരാണ്. എന്നാൽ, പെട്ടെന്ന് ലഭ്യമാകുന്ന സന്ദേശങ്ങളുടെ ഈ കാലത്ത്, ഒരു കത്തിനായി  കാത്തിരിക്കുക എന്ന സുഖമാണ് അവരെ ഇതിലേക്ക് ആകർഷിക്കുന്നത്.

എന്തുകൊണ്ട്‍? 

സ്മാർട്ട്ഫോണുകളുമായി വളർന്ന ഒരു തലമുറ എന്തിനാണ് ആശയവിനിമയത്തിലെ ഏറ്റവും മടിയുള്ള ഈ വഴി സ്വമേധയാ തിരഞ്ഞെടുത്തത്? അതിനുള്ള ഉത്തരം വളരെ വ്യക്തമാണ്. ഓഫീസ് മെയിലുകൾ, സോഷ്യൽ മീഡിയ നോട്ടിഫിക്കേഷനുകൾ, അനന്തമായ വാട്സാപ്പ് ഗ്രൂപ്പുകൾ എന്നിവയിൽ നിന്ന് രക്ഷപ്പെടാൻ സ്ക്രീനുകൾക്ക് പുറത്തുള്ള ഒരു ലോകം അവർ ആഗ്രഹിക്കുന്നു. ഇൻസ്റ്റാഗ്രാമിലും പിന്ററെസ്റ്റിലും വിന്റേജ് സ്റ്റാമ്പുകളും വാഷി ടേപ്പുകളും ഉണങ്ങിയ പൂക്കളും വാക്സ് സീലുകളും കൊണ്ട് അലങ്കരിച്ച മനോഹരമായ കവറുകൾ ഇന്ന് വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്.

യാത്ര, സാഹിത്യം, കവിത്വം അല്ലെങ്കിൽ ദൈനംദിന ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ എന്നിവയെക്കുറിച്ചുള്ള കൈയെഴുത്തു കത്തുകളാണ് സബ്‌സ്‌ക്രൈബർമാർക്ക് ലഭിക്കുന്നത്. ഒരു ടെക്സ്റ്റ് മെയിൽ പോലെ വേഗത്തിൽ വായിച്ചുതള്ളാൻ കഴിയുന്നതല്ല ഇത്. പേപ്പറിന്റെ സ്പർശം അനുഭവിച്ചറിഞ്ഞ്, വളരെ ശ്രദ്ധയോടെ തുറന്ന്, ഓരോ വരിയും വായിച്ചെടുക്കുന്ന ആ അനുഭവം തികച്ചും വ്യക്തിപരമാണ്.

 

വരുമാന മാർഗ്ഗം

പുതിയകാലത്തെ സ്നെയിൽ മെയിൽ ക്ലബ്ബുകൾ വെറുമൊരു പെൻ പാൽ സൗഹൃദമല്ല. അതൊരു ക്യൂറേറ്റഡ് പ്രതിമാസ അനുഭവമാണ്. കൈയെഴുത്തു കത്തുകൾ, ചിത്രീകരിച്ച പോസ്റ്റർ കാർഡുകൾ, സ്റ്റിക്കറുകളും സ്റ്റേഷനറികളും, ബുക്ക്‌മാർക്കുകൾ, ആർട്ട് പ്രിന്റുകൾ, ജേണൽ പ്രോംപ്റ്റുകൾ, ഉണങ്ങിയ പൂക്കൾ, കൈകൊണ്ട് നിർമിച്ച സമ്മാനങ്ങൾ എന്നിവയൊക്കെ ഇതിലുണ്ടാകാം.

ഓൺലൈൻ ഷോപ്പിങ് സാധനങ്ങൾ മിനിറ്റ് വെച്ച് ട്രാക്ക് ചെയ്യുന്ന കാലത്ത്, കവറിനുള്ളിൽ എന്താണെന്നറിയാത്ത ആ ആകാംക്ഷ ചെറുതൊന്നുമല്ല. ഇന്ത്യയിലെ സ്നെയിൽ മെയിൽ ക്ലബ്ബുകൾ സാധാരണയായി മാസം 300 രൂപ മുതൽ 500 വരെയാണ് ഇതിനായി ഈടാക്കുന്നത്. പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളിൽ എക്സ്ക്ലൂസീവ് സ്റ്റേഷനറികളും ലിമിറ്റഡ് എഡിഷൻ ശേഖരങ്ങളും ലഭിക്കും.

ഇല്ലസ്ട്രേറ്റർമാർക്കും കാലിഗ്രാഫർമാർക്കും കലാകാരന്മാർക്കും ഇതൊരു പുതിയ ബിസിനസ്സ് സാധ്യത കൂടിയാണ്. ഹോബിയായി തുടങ്ങിയ പല കാര്യങ്ങളും ഇന്ന് സബ്‌സ്‌ക്രൈബർമാരുമായി മികച്ച കമ്മ്യൂണിറ്റി ഉണ്ടാക്കാനും, സ്വന്തം സർഗ്ഗാത്മകതയിലൂടെ സ്ഥിരമായ വരുമാനം നേടാനും ഉള്ള വഴിയായി മാറിയിരിക്കുന്നു. വാട്സ് ആപ്പോ ജിമെയിലോ എങ്ങും പോകുന്നില്ല. സാങ്കേതികവിദ്യ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി തുടരുമ്പോഴും, അല്പം പഴയ കാലത്തിന്റെ സ്പർശവും മനുഷ്യത്വവും കണ്ടെത്തുക എന്നതാണ് ഈ പുതിയ ട്രെൻഡിന്‍റെ ഉദ്ദേശം.

Tags:    
News Summary - ജെൻ സിയുടെ സ്നെയിൽ മെയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.