ഡോ. ദാഹർ ബഷർ അൽ അനാസ് അതിഥികളെ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: റമദാൻ കാലമാകുന്നതോടെ ഫിന്താസിലെ ഡോ. ദാഹർ ബഷർ അൽ അനാസിന്റെ വീട്ടിലെ ദീവാനികൾ സജീവമാകും. വൈകുന്നേരത്തോടെ അവിടേക്ക് ബന്ധുക്കളും പുറംനാട്ടുകാരായ പ്രവാസികളും വന്നുചേരും. വർഷങ്ങളായുള്ള കണ്ടുമുട്ടലുകളാൽ രൂപംകൊണ്ട ചിരപരിചയം സലാം ചൊല്ലിയും കെട്ടിപ്പിടിച്ചും അവർ പങ്കുവെക്കും. പിന്നെ ഇഫ്താറിലേക്കു കടക്കും.
കാലം എത്രയോ മാറിമാറി വന്നിട്ടും ഈ വീട്ടുമുറ്റത്തെ റമദാൻകാഴ്ചകൾക്കു മാറ്റമില്ല. കുവൈത്തിയായ ഡോ. ദാഹർ ബഷറി(അബൂ ബഷർ) ന്റെ റമദാൻ വൈകുന്നേരങ്ങൾ അതുകൊണ്ടുതന്നെ വിവിധ ദേശക്കാരായ സൗഹൃദവലയത്താൽ സജീവമാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആത്മീയ ഉത്സവമാണ് നോമ്പുകാലം. ദാനധർമങ്ങള്‍ വർധിപ്പിച്ചും വിശക്കുന്നവനെ ഊട്ടിയും പ്രയാസം അനുഭവിക്കുന്നവരെ സഹായിച്ചും മത്സരിക്കുന്ന കാലം. റമദാനിൽ മുഴു ദിവസവും ഇഫ്താർ ഒരുക്കുന്നതിലൂടെ ഡോ. ദാഹർ ബഷർ ചെയ്യുന്നത് അതുതന്നെയാണ്. വംശ, ദേശങ്ങൾ വ്യത്യാസമില്ലാതെ നിരവധിയായ ജനങ്ങൾക്ക് ഇദ്ദേഹം ഭക്ഷണം ഒരുക്കുന്നു. വ്രതമെടുക്കുന്ന വിശ്വാസിക്കുവേണ്ടിയുള്ള കരുതലും പ്രാര്‍ഥനയുമായാണ് ഓരോ വിഭവവും ഒരുക്കുക. ദാനധർമങ്ങൾക്കും നോമ്പുതുറകൾക്കും ഇസ്ലാം കൽപിക്കുന്ന പ്രാധാന്യം പ്രവൃത്തിയിലൂടെ പൂർത്തീകരിക്കുകയാണ് ഇദ്ദേഹം.
നോമ്പു തുറ സമയത്തെ മറ്റുള്ളവരുടെ സന്തോഷത്തിൽ പങ്കുചേരൽ വലിയ ആത്മസംതൃപ്തി നൽകുന്നതായി ഡോ. ദാഹർ ബഷർ സാക്ഷ്യപ്പെടുത്തുന്നു. 15 വർഷമായി അബു ബഷർ ഈ പ്രവൃത്തിയിൽ കർമനിരതനാണ്. ഉച്ച കഴിയുന്നതോടെ നോമ്പുതുറ വിഭവങ്ങളൊരുക്കാനുള്ള തയാറെടുപ്പ് തുടങ്ങും. വീട്ടില്‍ തന്നെയാണ് ഭക്ഷണം ഒരുക്കുന്നത്. വിഭവങ്ങൾ അഞ്ചരയോടെ ദീവാനിയിൽ സജ്ജീകരിക്കും. സഹായത്തിനായി മലയാളികളും ഹിന്ദിക്കാരും അടങ്ങുന്ന വലിയ സംഘം കൂട്ടിനുണ്ട്. അവരോടൊപ്പം സഹോദരനും ബന്ധുക്കാരും പിന്നെ അതിഥികളെ സ്വീകരിക്കാനുള്ള കാത്തിരിപ്പിലാകും.
വന്നുചേരുന്ന അറബിയെയും അനറബിയെയും സ്നേഹപുഞ്ചിരിയോടെ സ്വീകരിച്ച് ദീവനിയയിലേക്ക് ആനയിക്കും. സ്വന്തം കൈകൊണ്ടുതന്നെ എല്ലാവർക്കും ഭക്ഷണം വിളമ്പി നല്‍കും. മനസ്സും വയറുനിറഞ്ഞ് സന്തോഷത്തോടെ ഓരോരുത്തരും പടിയിറങ്ങുമ്പോള്‍ യാത്രയാക്കാനും അബു ബഷർ മുന്നിലുണ്ടാകും. നാളെയും വരണമെന്ന സ്നേഹാഭ്യർഥനയോടെ.
അതിഥികൾ ഇഫ്താറിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.