ക്രിസ്മസിനെ വരവേൽക്കാം

ക്രിസ്മസ് പടിവാതിൽക്കൽ എത്തിയിരിക്കുന്നു. ഓർമ്മകളിൽ സന്തോഷവും, മനസ്സിൽ സ്നേഹവും ഹൃദയത്തിൽ കാരുണ്യവും നിറഞ്ഞൊഴുകുന്ന നനുത്ത തണുപ്പുകാലം. ഡിസംബറിലെ തണുപ്പും പാതിരാ കുർബാനയുടെ വിശുദ്ധിയും ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഒരു കുളിർമഴ പെയ്യും. പാതിരാത്രിയിൽ പള്ളിയിലേക്ക് പോകുമ്പോൾ വഴിനീളെ കാണുന്ന മിന്നുന്ന നക്ഷത്രക്കാഴ്ചകൾ, പുൽക്കൂടിന്റെ ലാളിത്യം, ക്രിസ്മസ് കേക്കിന്റെ മാധുര്യം അങ്ങനെ എത്രയധികം ഓർമ്മകളാണ് ഓരോ ക്രിസ്മസും നമുക്ക് സമ്മാനിക്കുന്നത്. എന്റെ കുട്ടിക്കാലത്ത് 25 ദിവസം ഞങ്ങൾക്ക് നോമ്പാണ്. ക്രിസ്മസിന്റെ തലേദിവസം എന്റെ വീട്ടിൽ ഇറച്ചിക്കറിയുടെ രുചികരമായ ഗന്ധം ആഞ്ഞടിക്കും. വീട് മുഴുവനും അമ്മയുണ്ടാക്കുന്ന വിഭവങ്ങളുടെ കൊതിപ്പിക്കുന്ന മണം പരക്കും. ax

തലേദിവസം മുഴുവനും ഞങ്ങൾ അപ്പനും മക്കളും ക്രിസ്മസ്ട്രീ ഉണ്ടാക്കുന്ന തിരക്കിലായിരിക്കും. പുൽക്കൂട് ഉണ്ടാക്കുന്നത് ചേട്ടന്മാരാണ്. ഒരാഴ്ച മുമ്പ് ചെറിയ ധാന്യങ്ങൾ വലിയ ചിരട്ടകളിൽ മണ്ണ് നിറച്ച് മുളപ്പിക്കും. ക്രിസ്മസ് ആകുമ്പോഴേക്കും അത് ഒരു വിരൽ പൊക്കം വളർന്ന് ഇളം പച്ച നിറത്തിൽ നല്ല ഭംഗിയോടെനിൽക്കും. മൂത്ത ചേട്ടൻ ആണ് മല ഉണ്ടാക്കുന്ന ശില്പി. ചെറുതും വലുതുമായ കല്ലുകളും വയലിലെ ചേറും ഉപയോഗിച്ചാണ് വളരെ മനോഹരമായ ചെറിയമല രൂപപ്പെടുത്തുന്നത്. മലയിൽ നിന്ന് പുറപ്പെടുന്ന കുഞ്ഞ് അരുവിയും അത് ചെന്ന് ചേരുന്ന കുഞ്ഞു കുളവും. അരുവിയുടെ ഇരുകരകളിലും പുല്ലുകൾ പാകിയിട്ടുണ്ടാവും. മലയുടെ മുകളിലും ഇരുവശങ്ങളിലും മരച്ചില്ലകൾ കൊണ്ടുള്ള ഒരു ഒരു ചെറിയ വനം,അതിൽ നിറയെ ഓട്ടോമാറ്റിക് ബൾബുകൾ പല വർണ്ണങ്ങളിൽ കത്തും. കൂടാതെ മുൻവർഷങ്ങളിലെ ക്രിസ്മസ് ആശംസ കാർഡുകൾ അതിൽ പലയിടങ്ങളിലായി തൂക്കിയിട്ടിട്ടുണ്ടാവും.

മലയടിവാരത്തിൽ ഗുഹയോട് അടുത്താണ് മറിയത്തിനും ജോസഫിനും( ഔസേപ്പ്) നടുവിലായി ഉണ്ണിയേശുവിനെ കിടത്തുന്നത്. അതിന് അടുത്തുതന്നെ രാജാക്കന്മാരെയും ആടുകളെയും ആട്ടിടയന്മാരെയും അണിനിരത്തും. മാലാഖമാരെ ഉണ്ണീയേശുവിന് അടുത്തായി മലയിൽ അങ്ങിങ്ങായി തൂക്കിയിടും. ഇതു മാത്രമല്ല കുഞ്ഞു പശുവും പശുക്കൂടും ഒട്ടകവും കിളികളും ഒക്കെ ഉണ്ടാവും. വിവിധ വർണ്ണങ്ങളിലുള്ള വലുതും ചെറുതുമായ ബലൂണുകൾ പുൽക്കൂടിനെ വർണ്ണാഭമാക്കിയിരിക്കും. പുൽക്കൂടിന് മുകളിൽ ഒരു ചെറിയ നക്ഷത്രം തൂക്കിയിട്ടുണ്ടാവും. ക്രിസ്മസിന് മുമ്പ് കടകളിൽ ക്രിസ്മസ് ആശംസ കാർഡ് വാങ്ങാൻ വൻ തിരക്കായിരിക്കും. പോസ്റ്റ് ഓഫിസിലും അയക്കാൻ എത്തുന്നവരുടെ തിരക്കായിരിക്കും. ക്രിസ്മസ് സന്ദേശവുമായി എത്തുന്ന കരോൾ സംഘങ്ങൾ വീടുകൾ കയറിയിറങ്ങി അന്തരീക്ഷം സംഗീത സാന്ദ്രമാക്കുന്നതും അവർക്കായി സമ്മാനങ്ങൾ കൊടുക്കുന്നതും ഓർമ്മകളാണ്.

രാത്രിയായാൽ ഞങ്ങളുടെ വീടിന്റെ പ്രദേശത്ത് ഏറ്റവും കൂടുതൽ പടക്കം പൊട്ടിക്കുന്നത് എന്റെ വീട്ടിലാണ്. അപ്പൻ കരുതലോടെ പെണ്മക്കളുടെ കയ്യിൽപിടിച്ചു ഈർക്കിലിന്റെ തുമ്പത്ത് ഒരു പടക്കം കുത്തി, അത്‌ മെഴുകുതിരിയിൽ മുട്ടിച്ചു പൊട്ടിക്കും. അടുത്ത വീട്ടിലെ കുട്ടികളൊക്കെ എന്റെ വീട്ടിലെ കരിമരുന്ന് പ്രയോഗം കാണാൻ എത്തും. രാത്രിയിൽ ഞങ്ങൾ എല്ലാവരും കൂടെ പള്ളിയിലേക്ക് പാതിരാ കുർബാന കാണാൻ പോകും. ഞങ്ങൾ വയൽ വരമ്പിലൂടെ നടക്കുമ്പോൾ മഞ്ഞണിഞ്ഞ പുൽനാമ്പുകളിൽ തട്ടി കാലു നനയും. ആ സമയത്ത് വയലിൽ പലയിടത്തുനിന്നും തവളകളുടെയും ചീവീടുകളുടെയും കരച്ചിൽ കേൾക്കാം.

ഇരുട്ടത്ത് ടോർച്ച് കത്തിച്ചിട്ടാവും എല്ലാവരും നടന്നു പോവുക. ചിലർ ടോർച്ചിന് പകരം ചൂട്ടുകത്തിച്ചുകൊണ്ടാണ് പോകുന്നത്. പുൽക്കൂടിന് അടുത്തായിട്ട് തീ കത്തിക്കും. പാവം പൈതലാം ഉണ്ണിയേശു പിറന്നതല്ലേ ഉള്ളൂ. അതിന് തണുക്കുന്നുണ്ടാവും. ഡിസംബർ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാസമാണ്. നല്ല തണുപ്പത്തു പാതിരാ കുർബാനക്കു പോകുന്നത് ഇഷ്ടമാണ്. രാവിലെ മുറ്റം നിറയെ വെളുപ്പും ചുവപ്പും കലർന്ന പൊട്ടിത്തെറിച്ച പടക്കത്തിന്റെ അവശിഷ്ടങ്ങളും. കത്തി തീർന്ന കമ്പിത്തിരിയുടെ കരിഞ്ഞ കമ്പികളും ഉണ്ടാവും. ഈ ക്രിസ്മസ് നമുക്ക് നിറഞ്ഞ സന്തോഷത്തോടെ ആഘോഷിക്കാം.

Tags:    
News Summary - christmas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.