ക്രിസ്മസ് ആശംസകളിൽനിന്ന് ആഘോഷങ്ങളിലേക്കുള്ള ഒരു യാത്രയാണ്. കർത്താവ് തന്റെ ഏകജാതനായ പുത്രനെ ലോകത്തിലേക്ക് അയക്കമ്പോൾ അതൊരു യാത്രയായിട്ടാണ് കാണേണ്ടത്. പിതാവായ ദൈവം ആഗ്രഹിച്ചത് തന്റെ സൃഷ്ടി മുഴുവനും തന്നോട് ചേർന്നു നിൽക്കണമെന്നാണ്. ദൈവ സൃഷ്ടി ദൈവത്തോടൊപ്പമായിരിക്കേണ്ടത് അതിലെ കളങ്കമില്ലാത്ത അവസ്ഥയിലാണ്. ഉണ്ണിയേശുവിനെ സ്വീകരിക്കേണ്ട മനുഷ്യർക്കുണ്ടാകേണ്ടതായ ചില നല്ല ചിന്തകളുണ്ട്. ഒന്ന്, ക്രിസ്തുവിനെ നൽകത്തക്ക രീതിയിൽ ദൈവം കാണിച്ച സ്നേഹം. ഈ സ്നേഹം വാക്കുകളിൽ നിൽക്കുന്നതല്ല. അത് പ്രവൃർത്തിയിലും അനുഭവത്തിലും കാണപ്പെടണം. കൈവശമുള്ളതിൽനിന്ന് നമുക്ക് വലിയ പ്രയാസം വരുത്താത്തൊന്നും നൽകുന്നതിൽ വലിയ വേദനയുണ്ടാവാറില്ല. എന്നാൽ, വിലപ്പെട്ടതിനെ നൽകത്തക്ക രീതിയിലുള്ളതായ ഒരു മനസ്സൊരുക്കം നമുക്ക് ഉണ്ടാവണം.
നമ്മുടെ ജീവിതത്തിൽ ക്രിസ്തുവിനെ പോലെ എല്ലാ നന്മകളെയും കാണുവാനായി ദൈവം നമ്മെ സഹായിക്കണം. ഈ ക്രിസ്തു ജനനത്തിന്റെ കൃപകളെ കാണുവാനുള്ള ഭാഗ്യമുണ്ടാവണം. മനസ്സിനുണ്ടാവുന്ന ചിന്തകൾ സ്വാർഥത നിറഞ്ഞതാണെങ്കിൽ അത് സ്വയം ഉപഭോഗ അവസ്ഥയിലേക്ക്പോകുന്ന ഒരു മനസ്സാണ്. നേരെ മറിച്ച്, നമ്മൾ മറ്റുള്ളവരെ കരുതുന്നവരാവണം. ആ രീതിയിലാണ് ക്രിസ്തുസ്നേഹവും ക്രിസ്മസും ആഘോഷിക്കപ്പെടേണ്ടത്.
മറ്റൊരു ഭാവം എന്ന് പറയുന്നത് അന്വേഷിക്കാനിറങ്ങുന്നതായ ഒരു മനുഷ്യന്റെയും വിശ്വാസിയുടെയും ഭാവമാണ്. ക്രിസ്തു ജനിച്ചുകഴിഞ്ഞപ്പോൾ എവിടെയാണ് എന്ന് അന്വേഷിച്ചപോയ വിദ്വാന്മാരെ പോലെയും മാതാപിതാക്കളെ തിരഞ്ഞ് തിരികെ യാത്ര ചെയ്ത ക്രിസ്തുവിന്റെയും ഒരു മനോഭാവം. ഈ ക്രിസ്മസ് ഒരു തിരിച്ചുനോട്ടത്തിന്റെ അനുഭവമായിരിക്കണം. ഒന്നു പുറകോട്ടുനോക്കി നമ്മൾ എവിടെയാകുന്നു, ദൈവം നമ്മോടുകൂടെത്തന്നെ ഉണ്ടോ എന്നും ഇല്ല എങ്കിൽ എവിടെയാണ് സൃഷ്ടാവിന്റെയും എന്റെയും വഴികൾ രണ്ടായി മാറിപ്പോയത് എന്ന് ചിന്തിക്കാനും ഇടയാവണം. അങ്ങനെയെങ്കിൽ അത് കണ്ടെത്തി മടങ്ങിപ്പോകണം. തിരിച്ചുപോക്കിന്റെ ഒരു അനുഭവമാണ് ഈ ക്രിസ്മസിന്റെ കാലഘട്ടം. തിരിച്ചുപോകുമ്പോൾ നമ്മൾ എവിടെയാണ് തെറ്റിയത് എന്ന് അറിയാത്തതിനാൽ പലതിനെയും അന്വേഷിക്കാൻ തുടങ്ങുന്നു. ആ മടങ്ങിപ്പോക്കിൽ പലതിനെയും നമ്മൾ മനസ്സിലാക്കുകയും അനേകം കുറവുകൾ നമ്മളിലുണ്ട് എന്ന് മനസ്സിലാക്കി തിരുത്തുവാനുമുള്ള അവസരമായിട്ടാണ് നമുക്ക് ലഭിക്കുന്നത്. ഇപ്രകാരമുള്ള ഒരു അനുഗ്രഹത്തിന്റെ കാലമായിട്ടും ഈ ക്രിസ്മസ് മാറണം.
സ്നേഹവും കണ്ടെത്തലും കഴിഞ്ഞാൽ മൂന്നാമതായി സമാധാനത്തിൽ കഴിയുന്ന ഒരു അനുഭവമായിരിക്കണം. ഈ സമാധാനം നിറഞ്ഞായ ഒരനുഭവം ഈ കാലഘട്ടത്തിൽ വളരെ കുറവാണ്. എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് തരുന്നു എന്ന് കർത്താവ് പറയുന്നുണ്ട്. സ്വർഗത്തിലെ സ്നേഹം സമാധാനമായി ഭൂമിയിലേക്ക് വരുമ്പോൾ അവനെ കണ്ടെത്തുവാൻ, സ്വീകരിക്കുവാനുള്ള ഒരുക്കം ഉള്ളിലുണ്ടോ എന്നാണ്. നിങ്ങളെ സ്വീകരിക്കുന്ന ഏത് ഭവനവും എന്നെയാകുന്നു സ്വീകരിക്കുന്നതെന്ന് കർത്താവ് പറയുന്നുണ്ട്. ഈ സ്വീകരിക്കത്തക്ക രീതിയിലുള്ള ഒരുക്കം നമ്മൾക്കുണ്ടോ എന്നും നമ്മൾ ചിന്തിക്കണം. ശുദ്ധിയുള്ള മനസ്സിന്റെ ഉടമകൾക്ക് മാത്രമേ ദൈവത്തെ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. ദൈവത്തെ സ്വീകരിക്കാൻ സാധിക്കുന്നവർക്കേ ദൈവ സ്നേഹത്തിൽ എല്ലാരെയും സ്വീകരിക്കാൻ സാധിക്കൂ.
നമുക്ക് ദൈവ സമാധാനത്തിന്റെ മനസ്സുണ്ടാകുമ്പോൾ നമ്മൾ ദൈവത്തിന്റെ മക്കളായിത്തീരും. അങ്ങനെ ദൈവേച്ഛ നിറവേറ്റുന്നവരായിത്തീരും. ഈ പുറമെ കാണുന്നതായ എല്ലാ ഘോഷങ്ങളും അകമേ നൽകുന്ന സമാധാനത്തിന് ഇടയായിത്തീരുന്നതാവണം. നമുക്കു ചുറ്റുമുള്ളരെ ഒന്നാക്കി നമ്മോടുചേർക്കാനും നമ്മളിലൂടെ ദൈവത്തിലേക്ക് അടുപ്പിക്കാനും കഴിയുന്ന നല്ല കാലമുണ്ടാവട്ടെ. ക്രിസ്മസിന്റെയും പുതുവർഷത്തിന്റെയും നന്മകളിലേക്ക് പ്രവേശിക്കുമ്പോൾ കഴിഞ്ഞുപോയ ഒരു വർഷം എത്രമാത്രം ദൈവാനഗ്രഹമുള്ളതായിരുന്നു എന്നും അവ നന്മക്കായിരുന്നു എന്നും ഓർക്കുവാനിടയാവണം. നമ്മുടേതായ അനുഭവങ്ങൾ പങ്കുവെക്കുമ്പോൾ മറ്റുള്ളവരുടെ വേദനകളെ ശമിപ്പിക്കുവാനായിട്ടുള്ള ഒരുക്കം നമുക്കുണ്ടാവണം. അങ്ങനെയായിട്ടുള്ള ഒരു യാത്രയായാണ് ക്രിസ്മസിനെ കാണേണ്ടത്. മടങ്ങിപ്പോകുമ്പോൾ പഴയതിലേക്ക് പോകാതെ പുതിയ വഴികൾ കണ്ടെത്തി ആയതിലേക്ക് നീങ്ങി സൃഷ്ടാവിനെ സ്തുതിച്ച് ജീവിപ്പാൻ നമുക്കിടയാവണം. എല്ലാവർക്കും ക്രിസ്മസിന്റെയും പുതുവർഷത്തിന്റെയും ആശംസകൾ നേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.