ബെനഡിക്ട്16-ാമൻ: പരമ്പരാഗത മൂല്യങ്ങൾ പിന്തുടർന്ന ധൈഷണികൻ

ആഗോള കത്തോലിക്ക സഭയുടെ പരമ്പരാഗത പ്രബോധനങ്ങളിലും മൂല്യങ്ങളിലും അടിയുറച്ച് പ്രവർത്തിച്ച മാർപാപ്പയായിരുന്നു അന്തരിച്ച ബെഡനിക്ട് 16-ാമൻ. ധൈഷണികനും പരമ്പരാഗത മൂല്യങ്ങളെ സംരക്ഷിക്കുന്നയാളും എന്നതാണ് ജോൺ പോൾ രണ്ടാമന്റെ പിൻഗാമിയാകാൻ ബെനഡിക്ട് 16-ാമനെ യോഗ്യനാക്കിയതെന്നാണ് അനുയായികളുടെ പക്ഷം. യാഥാസ്ഥിതികനെന്ന് വിമർശകർ കുറ്റപ്പെടുത്തിയെങ്കിലും, വൈദികർ നടത്തിയ പീഡനങ്ങൾ ഉൾപ്പെടെ സഭയുടെ വീഴ്ച്കൾ തുടർച്ചയായി ഏറ്റുപറഞ്ഞും ക്ഷമാപണം നടത്തിയും ജനഹൃദയങ്ങൾ കീഴടക്കിയ മാർപാപ്പയായിരുന്നു ബെനഡിക്ട്.

1927 ഏപ്രിൽ 16ന് ജർമനിയിലെ ബവേറി പ്രവിശ്യയിലെ മാർക് തലിൽ പൊലീസ് ഓഫീസർ ജോസഫ് റാറ്റ്സിങ്ങർ സീനിയറുടെയും മരിയയുടെയും മൂന്നാമത്തെ മകനായാണ് ജോസഫ് റാറ്റ്സിങ്ങർ എന്ന ബ​ന​ഡി​ക്ട് പതിനാറാമ​​ന്‍റെ ജനനം. 2005 - 2013 വരെ കത്തോലിക്ക സഭയെ നയിച്ച അദ്ദേഹം 2013 ഫെബ്രുവരി 28-ന് സ്ഥാനത്യാഗം ചെയ്തു.

ജർമനിയിലെ ഓസ്‌റ്റിയ ആർച്ച് ബിഷപ്പായിരിക്കെയാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് 2005 ഏപ്രിൽ 19ന് പിൻഗാമിയായി ബെനഡിക്റ്റ് പതിനാറാമനെ തെരഞ്ഞെടുത്തത്. മെയ് ഏഴിന് സ്ഥാനമേറ്റു. സ​ഭയുടെ 265ാമ​ത്തെ മാ​ർ​പാ​പ്പ​യായിരുന്നു അദ്ദേഹം. ജർമൻ, വത്തിക്കാൻ പൗരത്വങ്ങളുള്ള ബെനഡിക്റ്റ് പതിനാറാമൻ, ആധുനിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ ദൈവശാസ്ത്രജ്ഞരിലൊരാളും മികച്ച എഴുത്തുകാരനുമാണ്.

ജോൺ പോൾ രണ്ടാമൻറെ അടുത്ത സഹായിയായിരുന്ന കർദിനാൾ റാറ്റ്‌സിങ്ങർ, മാർപാപ്പയാകുന്നതിനു മുൻപ്‌ ജർമനിയിലെ വിവിധ സർവകലാശാലകളിൽ അധ്യാപകൻ, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദൈവശാസ്ത്ര ഉപദേഷ്ടാവ്, മ്യൂണിക് ആൻറ് ഫ്രെയ്സിങ് അതിരൂപതാ മെത്രാപോലീത്ത, കർദിനാൾ തുടങ്ങി വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.

78ാം വയസിലാണ് മാർപാപ്പയായത്.1724-1730 കാലത്തെ പോപ്പായിരുന്ന ക്ലമൻറ് പന്ത്രണ്ടാമനുശേഷം ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ബെനഡിക്ട്. ഇദ്ദേഹത്തിന്റെ കാലത്താണ് ​​അമേരിക്കയിലെ റോമൻ കത്തോലിക്കാ സഭ വൈദികർ ലൈംഗിക പീഡന വിവാദത്തിൽ പെട്ടത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഒരു വൈദികനെ താൻ സംരക്ഷിച്ചതായി 2002ൽ ബോസ്റ്റൺ ആർച്ച് ബിഷപ്പ് നടത്തിയ വെളിപ്പെടുത്തലാണ് വിവാദത്തിന് വഴിവെച്ചത്.

വൈദികരുടെ പീഡനങ്ങൾക്ക് വിധേയരായ അനേകമാളുകൾ ഇതേ തുടർന്ന് പരസ്യമായി രംഗത്തെത്തി. 1960 മുതൽ 2002 വരെ അയ്യായിരത്തോളം വൈദികർ പതിനാലായിരത്തോളം കുട്ടികളെ പീഡിപ്പിച്ചതായാണ് കണക്ക്. വിവാദം കത്തിനിൽക്കെ 2008 ഏപ്രിലിൽ മാർപാപ്പ അമേരിക്ക സന്ദർശിച്ചു. അമേരിക്കയിലേക്കുള്ള യാത്രാമധ്യേതന്നെ ബെനഡിക്ട് 16-ാമൻ വിഷയത്തിൽ തൻറെ നിലപാട് വ്യക്തമാക്കിയിരുന്നു. ഒരുപാട് വൈദികർ ഉണ്ടാകുന്നതിനേക്കൾ നല്ല വൈദികർ ഉണ്ടാകുക എന്നതാണ് പ്രധാനമെന്നാണ് അദ്ദേഹം പറഞ്ഞത്.

ആസ്ത്രേലിയ സന്ദർശിച്ചപ്പോഴും അദ്ദേഹം ലൈംഗിക പീഡനത്തിന് ഇരയായവരോട് മാപ്പ് ചോദിച്ചു. എന്നാൽ, ഗർഭച്ഛിദ്രം, ഗർഭനിരോധനം, സ്വവർഗ ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ സഭയുടെ സമീപനത്തിന്റെ ആത്യന്തിക വക്താവും സംരക്ഷകനുമായിരുന്നു ബെനഡിക്ട് 16-ാമൻ.

പ്രായാധിക്യംമൂലം ചുമതലകൾ നിറവേറ്റാൻ സാധിക്കാത്തതിനാൽ 2013 ഫെബ്രുവരി 28-ന് സ്ഥാനമൊഴിയുകയാണെന്ന് ബെനഡിക്റ്റ് പതിനാറാമൻ പ്രഖ്യാപിച്ചു. 1294-ൽ സ്ഥാനത്യാഗം നടത്തിയ സെലസ്റ്റീൻ അഞ്ചാമനാണ് ഇതിനു മുൻപ് സ്വമനസാ അധികാരമൊഴിഞ്ഞ അവസാനത്തെ മാർപാപ്പ. ഗ്രിഗറി 12-ാമൻ അധികാരമൊഴിഞ്ഞിരുന്നെങ്കിലും നിർബന്ധത്തിനു വഴങ്ങിയുള്ള രാജിയായിരുന്നു അദ്ദേഹത്തിന്റേത്. സ്ഥാ​ന​മൊ​ഴി​ഞ്ഞ ശേഷം 'പോ​പ് എ​മി​രി​റ്റ​സ്' എ​ന്നാ​ണ് അ​ദ്ദേ​ഹം അ​റി​യ​പ്പെ​ടു​ന്ന​ത്. വി​ര​മി​ക്ക​ലി​നു ശേ​ഷം വ​ത്തി​ക്കാ​നി​ലെ ആ​ശ്ര​മ​ത്തി​ൽ ഏ​കാ​ന്ത​വാ​സ​ത്തി​ലാ​യിരുന്നു അ​ദ്ദേ​ഹം.


Tags:    
News Summary - Benedict XVI: A visionary who pursued traditional values

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.