എ.​വി. ജ​ലീ​ൽ, യു.​ഇ. ബ​ദ്​​റു​ദ്ദീ​ൻ

ഓർമയിൽ മുഴങ്ങുന്നു, അത്താഴമുണർത്തു സംഘങ്ങൾ

പുതുനഗരത്തെ ബെയ്ത്ത് സഭയുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന അത്താഴമുണർത്തുപാട്ടി‍െൻറ ഒളി മങ്ങാത്ത ഓർമയിൽ മഹല്ലുനിവാസികൾ. ഉച്ചഭാഷിണിയും ഡിജിറ്റൽ സംവിധാനവും ഇല്ലാത്ത കാലത്ത്, അത്താഴസമയങ്ങളിൽ പദയാത്രയായാണ് വീടുകളിലെത്തി ബെയ്ത്ത് സഭയുടെ സഹർ കമ്മിറ്റി സംഘം വിശ്വാസികളെ വിളിച്ചുണർത്തുന്നത്. ആദ്യം ഉച്ചഭാഷിണിയില്ലാതെയും ശേഷം കോളാമ്പി മൈക്ക്, സൈക്കിളിൽ കെട്ടിയുമാണ് തമിഴ് ഇസ്ലാമിക ഗാനവുമായി പുതുനഗരത്തിലെ തെരുവുകൾ തോറും അത്താഴമുണർത്തു സംഘങ്ങൾ കയറിയിറങ്ങിയിരുന്നതെന്ന് ബെയ്ത്ത് സഭയുടെ ഭാരവാഹിയായിരുന്ന എ.വി. ജലീൽ പറഞ്ഞു.

ബെയ്ത്ത് സഭയുടെ നടത്തിപ്പുകാരായ പുതുനഗരത്തെ മുസ്ലിം വാലിബർ മുന്നേറ്റ സംഘമാണ് പിന്നീട് പുതുനഗരത്തെ, മുസ്ലിം യൂത്ത് ലീഗായി പരിണമിച്ചത്. പുതുനഗരത്ത് 1935ൽ തന്നെ അഖിലേന്ത്യ മുസ്ലിംലീഗി‍െൻറ ശാഖ പ്രവർത്തിച്ചിരുന്നതായി പറയപ്പെടുന്നു. അക്കാലത്ത് കച്ചവടാവശ്യാർഥം കണ്ണൂരിലേക്ക് പോയിരുന്ന കട്ടയൻ അബ്ദുൽ അസീസ് ഹാജി, അഖിലേന്ത്യ മുസ്ലിം ലീഗി‍െൻറ മെംബർഷിപ് പുതുനഗരത്തേക്ക് കൊണ്ടുവന്നു. അതിനുശേഷമാണ് പുതുനഗരത്ത് യുവാക്കളുടെ സേവന-ഗായക സംഘം രൂപവത്കൃതമാവുന്നത്. രണ്ടാംലോക മഹായുദ്ധ കാലത്ത് ആവശ്യസാധനങ്ങളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും മൂലം ജനങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകൾ പുതുനഗരത്തെ യുവാക്കളെ രോഷം കൊള്ളിച്ചു.

ഈ സാഹചര്യത്തിൽ പരേതരായ എം.എൻ. സെയ്ത് മുഹമ്മദ്, കെ.എസ്. അബ്ദുൽമജീദ്, കാദർഷാ, വങ്കൻ മുഹമ്മദ് മൊയ്തീൻ, എ.എസ്. ഗുലാം മുഹമ്മദ്, എൻ.എസ്.എൻ ഗനി എന്ന സഭാക്കണ്ണൻ, എ.എം. ഷേക് പരീദ് റാവുത്തർ തുടങ്ങിയവരുടെ നേതൃത്വത്തിൽ യുവാക്കൾ ഒത്തുകൂടി മുസ്ലിം വാലിബർ മുന്നേറ്റ സംഘം എന്ന പേരിൽ ഒരു സംഘടനയുടെ നേതൃത്വത്തിൽ റിലീഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തീപ്പെട്ടിക്ക് കടുത്ത ക്ഷാമം നേരിട്ട സന്ദർഭമായിരുന്നു. പല പ്രദേശങ്ങളിൽനിന്നും കിട്ടാവുന്നത്ര തീപ്പെട്ടികൾ സംഭരിച്ച് ഓരോ വീടുകളിലും എത്തിച്ചുകൊടുത്ത സേവനമാണ് പുതുനഗരത്തിലെ ആദ്യ റിലീഫ് പ്രവർത്തനം. തുടർന്ന് വാലിബർ സംഘം വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു.

ഇതോടൊപ്പം റമദാനിലെ അത്താഴമുണർത്ത് സംഘവും ബെയ്ത്തു സഭയും പ്രവർത്തിച്ചിരുന്നു. ബെയ്ത്തുസഭക്ക് ഇമ്പമാർന്ന തമിഴ്-മലയാളം ഇസ്ലാമിക ഗാനങ്ങൾ രചിച്ചിരുന്നത് യു.ഇ. ബദ്റുദീൻ സാഹിബും അലവിക്കയുമായിരുന്നു. ബെയ്ത്തുസഭയുടെ അഭിമാനമായിരുന്ന എസ്.എസ്. ഹനീഫ സാഹിബ്, എസ്.എസ്. സുലൈമാൻ, എസ്.എ. ബഷീർ, പി.ഇ. അബ്ദുറഹീം, സുലൈമാൻ, എ.എം. അബ്ദുൽ റഹിമാൻ, പി.എ.എ. ഗഫൂർ, പി.ഇ. അബ്ദുൽ മജീദ്, ടി.എ. നൂർ മുഹമ്മദ് തുടങ്ങിയവരാണ് ഗാനങ്ങൾക്ക് ശബ്ദം നൽകിയത്. അത്താഴമുണർത്ത് സംഘത്തിന് സി.എം. മുഹമ്മദ് യൂസഫ്, ജി.എം. സഹാബുദ്ദീൻ, കെ.എ. കിദർ മുഹമ്മദ്, കെ.എ. അലാവുദ്ദീൻ, എൻ.എം.എ. ഖാദർ, എ.വി. ജലീൽ, എം.എം. ഫാറൂഖ്, യു. ഷഹീദ്, ആർ.എ. ബഷീർ, ടി.എ. ഷേക് ഉസ്മാൻ, കെ.എസ്. മുഹമ്മദലി, എ.കെ. ഹുസൈൻ തുടങ്ങിയവർ പല സന്ദർഭങ്ങളിലായി നേതൃത്വം നൽകിയിട്ടുണ്ട്. 1935 മുതൽ 2000 വരെ ആറര പതിറ്റാണ്ട് കാലം ഒരു മുടക്കുവുമില്ലാതെ, അത്താഴമുണർത്തു സംഘവും ബെയ്ത്തു സഭയും നിലനിന്നിരുന്നതായി ഭാരവാഹികൾ പറയുന്നു. 

Tags:    
News Summary - Athazham Unathupattu Team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.