മാജിക്കുകാരനല്ല; പൂർണ മനുഷ്യൻ

'ഭൂമിയിൽനിന്ന് നീയൊരു നീരുറവയുടെ പ്രവാഹമുണ്ടാക്കുന്നതുവരെ ഞങ്ങൾ നിന്നിൽ വിശ്വസിക്കുകയില്ല. അല്ലെങ്കിൽ നിനക്ക് ആറുകളൊഴുകുന്ന ഒരു ഈന്തപ്പന, മുന്തിരിത്തോട്ടം ഉണ്ടാകുന്നതുവരെ. അല്ലെങ്കിൽ ആകാശം കഷണം കഷണമായി നീ ഞങ്ങളുടെ മേൽ വീഴ്ത്തുന്നതുവരെ. അങ്ങനെയൊരിക്കൽ സംഭവിക്കുമെന്നല്ലേ നീ പറയുന്നത്. അല്ലെങ്കിൽ നീ ദൈവത്തെയും മാലാഖമാരെയും ഞങ്ങളുടെ മുന്നിൽ കൊണ്ടുവരുന്നതുവരെ. അല്ലെങ്കിൽ നിനക്ക് മോടിയുള്ള ഒരു മണിമേടയുണ്ടാകുന്നതുവരെ. അല്ലെങ്കിൽ നീ ആകാശത്തേക്ക് കയറിപ്പോകുന്നതുവരെ. നീ അവിടെനിന്ന് ഞങ്ങൾക്ക് വായിക്കാൻ കഴിയുന്ന ഒരു ഗ്രന്ഥം ഇറക്കിക്കൊണ്ടുവരുന്നതുവരെ നിന്റെ ആകാശാരോഹണത്തിൽ ഞങ്ങൾ വിശ്വസിക്കുന്നതല്ല. പ്രവാചകാ, നീ അവരോട് ഇങ്ങനെ പറയുക: 'അത്ഭുതംതന്നെ, എന്റെ നാഥൻ എത്ര വിശുദ്ധൻ. എന്തൊക്കെയാണ് നിങ്ങൾ പറയുന്നത്? ദൈവദൂതനായ ഒരു മനുഷ്യൻ മാത്രമല്ലേ ഞാൻ? (ഖുർആൻ, 17:93).

'ഞാൻ നിങ്ങളെപ്പോലെ ഒരു മനുഷ്യൻ മാത്രം. എനിക്ക് വെളിപാട് ലഭിക്കുന്നു.... (ഖുർആൻ, 16:110).

നബിയുടെ പ്രവാചകത്വത്തിന് തെളിവായി അത്ഭുതങ്ങൾ കാണിക്കാൻ ആവശ്യപ്പെട്ടുള്ള വെല്ലുവിളിയും അതിന് നൽകപ്പെട്ട മറുപടിയും ഖുർആനിൽ ആവർത്തിച്ച് വരുന്നുണ്ട്. 'ഇതെന്തൊരു നബിയാണ്. ആഹാരം കഴിക്കുകയും അങ്ങാടിയിൽ നടക്കുകയും ചെയ്യുന്ന നബിയോ എന്ന് മറ്റൊരിടത്ത് (ഖുർആൻ, 25:7) ജനം അത്ഭുതംകൂറുന്നുണ്ട്. ഇങ്ങനെ അത്ഭുതംകൂറുന്നിടത്തും അത്ഭുതങ്ങൾ കാണിക്കാൻ ആവശ്യപ്പെടുന്നിടങ്ങളിലുമൊക്കെ പ്രവാചകന്മാരും മനുഷ്യർ മാത്രമാണെന്നാണ് ഖുർആൻ ഊന്നിപ്പറയുന്നത്.

ജനം പൊതുവെ, അന്നും ഇന്നും അത്ഭുതവേലകളിൽ കൗതുകം കൊള്ളുന്നവരാണ്. ഇത്തരം 'അത്ഭുതവേല'കളുടെ കള്ളപ്രചാരണങ്ങളിലൂടെയാണ് ആൾദൈവങ്ങൾ സൃഷ്ടിക്കപ്പെടുന്നതും നിലനിൽക്കുന്നതും. എന്നാൽ, വിശ്വാസം നിലനിൽക്കേണ്ടത് അത് സമർപ്പിക്കുന്ന ആശയങ്ങളുടെ ആന്തരിക ബലത്തിലാണ്. അത് ബോധ്യപ്പെട്ട് വിശ്വസിക്കുമ്പോഴേ ആ വിശ്വാസത്തിന് ദൃഢതയുണ്ടാകൂ. ആശയം സ്വന്തം നിലക്ക് സത്യസന്ധമാണെങ്കിൽ അതിന് അത്ഭുതങ്ങളുടെ താങ്ങ് എന്തിന്? അപ്പോൾ വിശ്വസിക്കുന്നത് ആശയത്തിലല്ല അത്ഭുതത്തിലായിരിക്കും. ജീവിതത്തിൽ അതുകൊണ്ട് എന്തു ഫലം? നബി ജീവിതംകൊണ്ടുതന്നെ അത് നിരാകരിച്ച സംഭവങ്ങളുണ്ട്.

നബിക്ക് ഈജിപ്തുകാരിയായ മാരിയ (മേരി) യിൽ ജനിച്ച മകൻ ഇബ്രാഹീം മരിച്ച നാളിൽ സൂര്യഗ്രഹണമുണ്ടായിരുന്നു. പ്രവാചകപുത്രന്റെ മരണം കാരണമുണ്ടായ അത്ഭുതസംഭവമായി ജനം അതിനെ വ്യാഖ്യാനിച്ച് പ്രചരിപ്പിക്കാൻ തുടങ്ങി. ഇക്കാലത്തെ ആൾദൈവങ്ങളായിരുന്നെങ്കിൽ ഈ അവസരം എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ, നബി ആ പ്രചാരണത്തെ തിരുത്തുകയാണ് ചെയ്തത്. സൂര്യ-ചന്ദ്രന്മാർ ദൈവത്തിന്റെ ദൃഷ്ടാന്തങ്ങളായ പ്രകൃതിപ്രതിഭാസങ്ങൾ മാത്രമാണെന്നും മനുഷ്യരുടെ ജനന-മരണങ്ങളുമായി അവക്ക് ഒരു ബന്ധവുമില്ലെന്നും ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ അത് വിപത്തായി മാറാതിരിക്കാൻ ദൈവത്തോട് പ്രാർഥിക്കുകയാണ് വേണ്ടതെന്നും ഉപദേശിക്കുകയായിരുന്നു നബി.

നബിയെ 'മാജിക്കുകാരനായി' അവതരിപ്പിക്കുന്നവർ തിരുമേനിയുടെ പ്രവാചകത്വപദവിയെ തരംതാഴ്ത്തുകയാണ് ചെയ്യുന്നത്. അപ്പോൾ നബി മനുഷ്യനാണെന്ന് പറയുന്നതിന്റെ അർഥമെന്താണ്? 'എനിക്ക് വെളിപാട് ലഭിക്കുന്നു' എന്ന വിശേഷണമാണ് അതിന്റെ മറുപടി. 'ഇൻസാൻ കാമിൽ' എന്ന് സൂഫികൾ വിശേഷിപ്പിക്കുന്ന 'പൂർണ മനുഷ്യൻ' എന്നാണ് അതിന്റെ വ്യാഖ്യാനം. ആ മനുഷ്യനാണ് മനുഷ്യരായ നമ്മിൽനിന്ന് പ്രവാചകനായ മനുഷ്യനെ വേർതിരിച്ചുനിർത്തുന്നത്. പൂർണതയുണ്ടെങ്കിലേ ഏതു മോഡലും മോഡലാവുകയുള്ളൂ. വൈദ്യശാസ്ത്ര വിദ്യാർഥിക്ക് മനുഷ്യശരീരത്തിന്റെ അന്യൂനമായ മോഡലുണ്ടെങ്കിലേ അനാട്ടമി പഠനം സഫലമാവൂ. അതുപോലെ അപൂർണരായ സാധാരണ മനുഷ്യർക്ക് സഫലമായ ജീവിതം നയിക്കാനുള്ള പൂർണ മനുഷ്യ മോഡലാണ് നബി.●

Tags:    
News Summary - Article about the Prophet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.