പത്തനംതിട്ട: ജനുവരിയിൽ ജില്ല ആസ്ഥാനത്തെ അഗ്നിരക്ഷാ ഓഫിസിലേക്ക് അമേരിക്കയിൽനിന്ന് ഒരു ഫോൺ കാൾ വന്നു. നാട്ടിലെ വീട്ടിൽ അമ്മ മുറിയിൽ വീണ് കിടക്കുന്നു. എഴുന്നേൽക്കാൻ കഴിയുന്നില്ല. വാതിലുകളെല്ലാം അകത്തുനിന്ന് പൂട്ടിയ നിലയിലാണ്, രക്ഷിക്കണം. ഒറ്റക്ക് താമസിക്കുകയാണ് അമ്മ. കുളിമുറിയുടെ ജനാലകൾ അറുത്തുമാറ്റി അകത്ത് കയറിയാണ് അഗ്നിരക്ഷാസേന രക്ഷാപ്രവർത്തനം നടത്തിയത്. ഇവരുടെ മൂന്ന് മക്കളും വിദേശത്താണ്. അടൂരാണ് സംഭവം.
നാല് മക്കളുള്ള മറ്റൊരു അമ്മയുണ്ട് ഇലവുംതിട്ടയിൽ. മക്കൾക്ക് ആർക്കും നോക്കാൻ വയ്യ. ആൺമക്കളുടെയടുത്ത് മൂന്ന് മാസം വീതം മാറി താമസിക്കാൻ കോടതി ഉത്തരവായി. മൂന്നുമാസം തീരുമ്പോൾ തന്നെ അടുത്ത വീട്ടിലേക്ക് മാറണം. ഓടിത്തളർന്ന അമ്മ ഇപ്പോൾ ഇളയ മകന്റെ കൂടെയാണ് താമസം. അമ്മയുടെ പ്രശ്നമാണെന്ന് മക്കളും തിരിച്ചാണെന്ന് അമ്മയും. മക്കളെല്ലാവരും നാട്ടിൽ തന്നെയാണുള്ളത്.
നിരവധി കേസുകളാണ് വയോധികരുമായി ബന്ധപ്പെട്ട് ജില്ലയിലുണ്ടാകുന്നത്. പല കേസുകളും ഇപ്പോൾ കോടതിയിലാണ്. വിദേശത്തായ അമ്മയെ നോക്കാൻ സഹായികളെ ഏർപ്പെടുത്താത്ത നിരവധി പേരുമുണ്ട്. രക്ഷിതാക്കളെ വീട്ടിൽ നിന്നിറക്കി വിടുന്നവരെയും കാണാം.
വയോധികരുമായി ബന്ധപ്പെട്ട് എല്ലാമാസവും 20 കേസെങ്കിലും ജില്ലയിൽ റിപ്പോർട്ട് ചെയ്യാറുണ്ട്. ജില്ലയിൽ ആകെ രണ്ട് ലക്ഷത്തോളം വയോധികരാണുള്ളത്. ഇവരിൽ പലരും പലവിധമായ ആക്രമണങ്ങൾ നേരിടുന്നു. മക്കളുടെ സുരക്ഷയെ കരുതി പലരും പലതും പുറത്ത് പറയാതെ ജീവിക്കുകയാണ്.
വയോധികർ ഒറ്റപ്പെടാതെ ഒരുമിച്ചു കൂടാനും അവരുടെ മാനസിക ഉല്ലാസങ്ങൾക്ക് അവസരമൊരുക്കാനും സർക്കാർ തദ്ദേശ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന പദ്ധതിയാണ് പകൽ വീട്. ജില്ലയിൽ വെച്ചൂച്ചിറ, പെരുനാട്, തേക്കുതോട്, പള്ളിക്കൽ, ഉളനാട് പോളച്ചിറ, പാണിൽ, പുതുവാക്കൽ പ്രദേശങ്ങളിൽ പകൽ വീടുകളുണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല.
കോന്നിയിലും കലഞ്ഞൂരും മാത്രമാണ് പകൽവീടുകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നത്. പകൽ വീടുകൾ പഞ്ചായത്തുതല കമ്മിറ്റി കൂടി സാമൂഹിക നീതി വകുപ്പിന്റെ സായംപ്രഭ വീടാക്കി മാറ്റാം. എന്നാൽ, ചെലവ് കൂടുതലായതിനാൽ തദ്ദേശ സ്ഥാപനങ്ങൾ ഈ പദ്ധതി പ്രോത്സാഹിപ്പിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.