ദുബൈ: ലോകത്തെ ശതകോടീശ്വരന്മാരുടെ 2026-ലെ പട്ടിക ഫോബ്‌സ് പുറത്തുവിട്ടപ്പോൾ യു.എ.ഇയിൽ നിന്നുള്ള ഇന്ത്യൻ പ്രവാസി സംരംഭകർക്ക് തിളക്കമാർന്ന നേട്ടം. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒമ്പത് ഇന്ത്യൻ ബിസിനസ് പ്രമുഖരാണ് ഇത്തവണ പട്ടികയിൽ ഇടംപിടിച്ചത്. ഇവരുടെ ആകെ സമ്പാദ്യം 49.9 ശതകോടി ഡോളറാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. റീട്ടെയിൽ, നിർമാണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ളവർ കൈവരിച്ച വളർച്ചയുടെ നേർച്ചിത്രമാണ് പുതിയ റാങ്കിങ്.
യു.എ.ഇയിലെ ഇന്ത്യൻ ശതകോടീശ്വരന്മാരിൽ 20.8 ബില്യൺ ഡോളർ ആസ്തിയുള്ള വിനോദ് അദാനിയാണ് ഒന്നാമത്. അദാനി ഗ്രൂപ് തലവൻ ഗൗതം അദാനിയുടെ മൂത്ത സഹോദരനായ വിനോദ് അദാനി ആഗോളതലത്തിൽ 121-ാം സ്ഥാനത്താണ്. റീട്ടെയിൽ മേഖലയിൽ നിന്നുള്ള പ്രമുഖരും പട്ടികയിൽ മുൻനിരയിലുണ്ട്. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി (5.8 ബില്യൺ ഡോളർ) ആസ്തിയോടെ പ്രവാസി മലയാളികളിൽ ഒന്നാമതെത്തി. ആഗോള റാങ്കിങ്ങിൽ 720-ാം സ്ഥാനത്താണ് അദ്ദേഹം. ലാൻഡ്മാർക്ക് ഗ്രൂപ് മേധാവി രേണുക ജഗ്തിയാനി (5.6 ബില്യൺ ഡോളർ) തൊട്ടുപിന്നാലെയുണ്ട്.
നിർമാണ-വിദ്യാഭ്യാസ മേഖലകളിലെ കരുത്തരും പട്ടികയിൽ സാന്നിധ്യമറിയിച്ചു. ആർ.പി ഗ്രൂപ് സ്ഥാപകൻ രവി പിള്ള (4.2 ശതകോടി ഡോളർ) ആസ്തിയോടെയും ശോഭ ഗ്രൂപ്പിന്റെ പി.എൻ.സി മേനോൻ (3.9 ശതകോടി ഡോളർ) ആസ്തിയോടെയും പട്ടികയിലുണ്ട്. വിദ്യാഭ്യാസ രംഗത്തെ പ്രമുഖനായ ജെംസ് എജുക്കേഷൻ സ്ഥാപകൻ സണ്ണി വർക്കി (4 ശതകോടി ഡോളർ), ഫൈവ് ഹോൾഡിങ്സിന്റെ കബീർ മൂൽചന്ദാനി (2.2 ശതകോടി ഡോളർ), ആരോഗ്യരംഗത്തെ സംരംഭകനും ബുർജീൽ ഹോൾഡിങ്സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംസീർ വയലിൽ 1.8 ബില്യൺ ഡോളർ ആസ്തിയുമായി ലിസ്റ്റിൽ ഇടംപിടിച്ച മലയാളിയാണ്. ത്രിവേണി എൻജിനീയറിങ് മേധാവി ധ്രുവ് സാഹ്‌നി (1.6 ശതകോടി ഡോളർ) യാണ് പട്ടികയിലുള്ള മറ്റൊരാൾ.
ആഗോളതലത്തിൽ 839 ബില്യൺ ഡോളർ ആസ്തിയുള്ള ടെസ്‌ല മേധാവി ഇലോൺ മസ്‌ക് ലോകത്തെ ഏറ്റവും സമ്പന്നനായി തുടരുന്നു. ചരിത്രത്തിലാദ്യമായി ശതകോടീശ്വരന്മാരുടെ എണ്ണം 3,428 ആയി ഉയർന്നതായും ഫോബ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ലാരി പേജ്, സെർജി ബ്രിൻ, ജെഫ് ബെസോസ്, മാർക്ക് സക്കർബർഗ് എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിച്ച മറ്റു സമ്പന്നർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.