ദോഹ: ഫോബ്സ് മിഡിൽ ഈസ്റ്റ് ടോപ് ഹെൽത്ത് കെയർ ലീഡർ പട്ടികയിൽ ഇടം നേടി ഖത്തറിൽ നിന്നുള്ള ഇന്ത്യൻ വ്യവസായി മുഹമ്മദ് മിയാൻദാദ് വി.പി. 33 ഹോൾഡിംഗ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറും, നസീം ഹെൽത്ത് കെയർ എം.ഡിയുമായ മുഹമ്മദ് മിയാൻദാദ് വി.പി ഫോബ്സ് മിഡിൽ ഈസ്റ്റിന്റെ 2023ലെ 100 ഹെൽത്ത് കെയർ ലീഡർമാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം സ്വദേശിയായ മുഹമ്മദ് മിയാൻദാദ് വി.പി. ഖത്തറിൽ നിന്ന് അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുന്ന നാല് ആരോഗ്യ പ്രവർത്തകരിൽ ഏക ഇന്ത്യക്കാരനാണ്.
ഖത്തറിലെ ആരോഗ്യ മേഖലയിൽ ശക്തമായ സാന്നിധ്യമായി മാറിയ നസീം ഹെൽത്ത് കെയറിന്റെ വിജയത്തിനു പിന്നിൽ മിയാൻദാദിന്റെ ദീർഘവീക്ഷണം കൂടിയാണ്. അത്യാധുനിക സൗകര്യങ്ങളുള്ള ഏഴ് ബ്രാഞ്ചുകളിലൂടെ പ്രതിമാസം 95 രാജ്യങ്ങളിൽ നിന്നുള്ള 90,000 ത്തിലധികം രോഗികൾക്ക് പരിചരണം നൽകുന്നു. ഇതിനു പുറമെ ‘33 ഹോൾഡിംഗ്‌സ്’ 2022-ൽ അത്യാധുനിക ശസ്ത്രക്രിയാ സേവനങ്ങൾ നൽകുന്ന സർജിക്കൽ സെന്ററും ആരംഭിച്ചിട്ടുണ്ട്.
ആതുര സേവന രംഗത്തിന്റെ വളർച്ചയ്ക്കായി മിയാൻദാദിന്റെ നൂതന സമീപനവും, പ്രതിബദ്ധതയുമാണ് ഫോബ്സ് മിഡിൽ ഈസ്റ്റ് 2023 ലെ മികച്ച 100 ഹെൽത്ത് കെയർ ലീഡർമാരിൽ ഒരാളായി അദ്ദേഹത്തെ തിരഞ്ഞെടുക്കാൻ കാരണമായത്. ഹെൽത്ത് കെയർ മാനേജ്‌മെന്റിൽ 15 വർഷത്തിലേറെയുള്ള പരിചയസമ്പത്തോടെ അദ്ദേഹം ഖത്തറിലെ ഏറ്റവും വലിയ സ്വകാര്യ ഹെൽത്ത് കെയർ പ്രൊവൈഡർ എന്ന നിലയിലേക്ക് നസീം ഹെൽത്ത് കെയറിനെ നയിച്ചു.
നസീം ഹെൽത്ത്‌കെയറിന്റെ മാനേജിംഗ് ഡയറക്‌ടർ എന്ന പദവിക്ക് പുറമേ, മറ്റുവിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 33 ഹോൾഡിംഗ്‌സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുംകൂടിയാണ് ഇദ്ദേഹം. ഇത് കൂടാതെ 2023ൽ പ്രോപ്പർട്ടി ഡെവലപ്പ്മെന്റിലും നിക്ഷേപം നടത്തുന്നു.
ലോകമെമ്പാടുമുള്ള ഏഴ് രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന 33 ഹോൾഡിംഗ്സാണ് മിയാൻദാദിന്റെ കീഴിൽ ഈ വ്യവസായങ്ങളെയെല്ലാം നയിക്കുന്നത്. ഫോബ്‌സ് മിഡിൽ ഈസ്റ്റിന്റെ ടോപ് ഹെൽത്ത് കെയർ ലീഡർ എന്ന അംഗീകാരം വ്യത്യസ്ത മേഖലകളിലായി മികച്ച സേവനങ്ങളും ഉൽപ്പന്നങ്ങളും നൽകാനുള്ള മുഹമ്മദ് മിയാൻദാദിന്റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.