സമസ്‌ത ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ

മാഞ്ഞു, സൗമ്യത ചാലിച്ച പുഞ്ചിരി

പണ്ഡിതരുടെ പ്രിയ ഗുരുവര്യർ, നൂറുകണക്കിന് മഹല്ലുകളുടെ ഖാദി എന്നിങ്ങനെ മഹാ പദവികൾക്കിടയിലും എളിമയുടെ പുഞ്ചിരിയുമായി സമുദായത്തിന്റെ ഹൃദയാന്തരങ്ങളിൽ കുടിയേറിയ പ്രകാശ ഗോപുരമാണ്, പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിലൂടെ വിടവാങ്ങുന്നത്

മലപ്പുറം: വിടവാങ്ങിയത് ഒരായുസ്സ് മുഴുവൻ മത വൈജ്ഞാനിക വിപ്ലവത്തിനായി ഉഴിഞ്ഞുവെച്ച പണ്ഡിത വര്യൻ. പാണ്ഡിത്യത്തിന്റെ പ്രൗഢിയും പ്രതിഭയുടെ പകിട്ടുമായി ഒരു ജനതയെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആദർശത്തിൻ കീഴിൽ വഴിനടത്തിയ ഗുരുശ്രേഷ്ഠനായിരുന്നു പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ. സമസ്തയിലെ കാരണവർ, ആയിരക്കണക്കിന് ഫൈസി പണ്ഡിതരുടെ പ്രിയപ്പെട്ട ഗുരുവര്യർ, നൂറുകണക്കിന് മഹല്ലുകളുടെ ഖാദി എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പദവികൾക്കിടയിലും സൗമ്യതയിൽ ചാലിച്ച പുഞ്ചിരിയുമായി സമുദായത്തിന്റെ ഹൃദയാന്തരങ്ങളിൽ കുടിയേറിയ പ്രകാശ ഗോപുരമായിരുന്നു അദ്ദേഹം.

കർമശാസ്ത്രഗ്രന്ഥങ്ങളിലെ അഗാധ പ്രാവീണ്യം അദ്ദേഹത്തെ ശിഷ്യരുടെ പ്രിയപ്പെട്ട ഗുരുനാഥനാക്കി മാറ്റി. സമസ്തയുടെ വൈജ്ഞാനിക മുന്നേറ്റങ്ങളുടെ ചാലകശക്തിയായ പട്ടിക്കാട് ജാമിഅ നൂരിയ്യയിലെ മുദരിസായും പിന്നീട് രണ്ടു പതിറ്റാണ്ട് പ്രിൻസിപ്പലായുമുള്ള അധ്യാപന ജീവിതത്തിൽ സങ്കീർണമായ ഇസ്‍ലാമിക വിഷയങ്ങളെ നർമത്തിൽ ചാലിച്ച സ്വതസിദ്ധമായ ശൈലിയിലാണ് ആലിക്കുട്ടി മുസ്‍ലിയാർ ശിഷ്യഗണങ്ങളിലേക്ക് പകർന്നത്. പാരമ്പര്യ ദർസിൽനിന്ന് തുടങ്ങി ഇസ്‌ലാമിക ലോകത്തെ പരമോന്നത സഭയായ മുസ്‍ലിം വേൾഡ് ലീഗിന്റെ വിചാരവേദികൾ വരെ അദ്ദേഹത്തിന്റെ വൈജ്ഞാനിക പ്രയാണമെത്തി.

ആലിക്കുട്ടി മുസ്‍ലിയാരുടെ പാണ്ഡിത്യം ആഗോളതലത്തിൽ അറിയപ്പെടാൻ കാരണമായ ഭാഷാപഠനം നടന്നത് ജാമിഅയിലായിരുന്നു. സഹപാഠിയായിരുന്ന പാണക്കാട് ഉമറലി ശിഹാബ് തങ്ങളാണ് അവിടെവെച്ച് അദ്ദേഹത്തെ ഇംഗ്ലീഷ് പഠിപ്പിച്ചത്. ജാമിഅയിൽ നടന്നിരുന്ന കെ.പി. ഉസ്മാന്റെ പ്രതിവാര ക്ലാസുകളിലൂടെ ഉർദുഭാഷയും മുസ്‍ലിയാർ സ്വായത്തമാക്കി. ജാമിഅ പഠനകാലത്ത് ഇ.കെ. അബൂബക്കർ മുസ്‍ലിയാർ, കോട്ടുമല ടി.എം. ബാപ്പു മുസ്‍ലിയാർ എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ച ആലിക്കുട്ടി മുസ്‍ലിയാർക്ക് പിന്നീടുള്ള എല്ലാ പ്രവർത്തനങ്ങളിലും ഇവരുടെ മനസ്സറിഞ്ഞ പ്രോത്സാഹനവും പിന്തുണയും ഉണ്ടായിരുന്നു. 1968ൽ ഫൈസി ബിരുദം കരസ്ഥമാക്കിയ ശേഷം മലപ്പുറത്തിന് സമീപത്തെ മീനാർകുഴിയിലാണ് ആലിക്കുട്ടി മുസ്‍ലിയാർ ആദ്യമായി ദർസ് നടത്താൻ എത്തിയത്. താടിയോ മീശയോ ഇല്ലാത്ത ഉസ്‍താദിനെ കണ്ട നാട്ടുകാർ കോട്ടുമല ബാപ്പു മുസ്‍ലിയാരോട് പരാതി പറഞ്ഞു. നിങ്ങൾ പുറമേക്കല്ല, ആളുടെ ഉള്ളിലേക്കാണ് നോക്കേണ്ടത് എന്നായിരുന്നു ബാപ്പു മുസ്‍ലിയാരുടെ പ്രതികരണം. അതിന് ശേഷം എട്ടു വർഷത്തോളം മീനാർകുഴിയിൽ തുടർന്ന ആലിക്കുട്ടി മുസ്‍ലിയാരുടെ വ്യക്തിത്വവും പാണ്ഡിത്യവും നാട്ടുകാർക്കുതന്നെ ബോധ്യമായി.

Tags:    
News Summary - Faded, gentle smile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.