ലോകകപ്പ് ഫുട്ബാളിനായി കാനഡ പുറത്തിറക്കിയ സ്പെഷൽ നാണയങ്ങൾ, ഷംനാസ്  

ലോകകപ്പ് സ്പെഷൽ നാണയം സ്വന്തമാക്കി ഷംനാസ്

കോട്ടയം: ലോകകപ്പ് ഫുട്ബാൾ കലാശകൊട്ടിനിടെ മറ്റൊരു വിസ്മയവുമായി ഏറ്റുമാനൂർ കണിയാംപറമ്പിൽ കെ.എസ്. ഷംനാസ്. ലോകകപ്പ് ഒാർമക്കായി ആതിഥേയ രാജ്യം കാനഡ പുറത്തിറക്കിയ ഒരു ഡോളറിന്‍റെ സ്പെഷൽ നാണയം ഇദ്ദേഹം സ്വന്തമാക്കി. കാനഡയുടെയും 2026 ലോകകപ്പിന്‍റെയും ഔദ്യോഗിക ലോഗോകൾ, ഫുട്ബാൾ, കാനഡയിലെ ആതിഥേയ നഗരങ്ങളായ ടൊറന്‍റോ, വാൻകൂവർ എന്നിവയുടെ പേരുകൾ, 2026 ഫിഫ ലോകകപ്പ്, മൊസൈക്ക് രൂപത്തിലുള്ള മേപ്പിൾ ഇല എന്നിവ നാണയത്തിന്‍റെ ഒരു വശത്തും ബൈ ദ ഗ്രേസ് ഒാഫ് ഗോഡ്-കിങ് എന്ന് സൂചിപ്പിക്കുന്ന ഡി.ജി റെക്സ് എന്ന ലാറ്റിൻ പദം, ഡോളർ, ചാൾസ് മൂന്നാമൻ, കാനഡ 2026 എന്ന് മറുവശത്തും ആലേഖനം ചെയ്തിട്ടുണ്ട്.

ഗോൾഡ് നിറം നൽകിയതും അല്ലാത്തതുമായ പതിപ്പുകൾ ഉൾപ്പെടുന്ന അഞ്ച് നാണയങ്ങളുടെ സെറ്റാണ് റോയൽ കനേഡിയൻ മിന്‍റ് ലോകകപ്പിനായി പുറത്തിറക്കിയത്. കാനഡയിൽ നഴ്സും ബാല്യകാല സുഹൃത്തുമായ കോട്ടയം സ്വദേശി ജെറി വർഗീസാണ് ഷംനാസിന് സ്പെഷൽ നാണയം സമ്മാനിച്ചത്. കാനഡയിൽ നിന്ന് നാട്ടിലേക്ക് വന്ന കുറുപ്പുന്തറ കല്ലമ്പാറ സ്വദേശി നിഖിലിന്‍റെ കൈവശമാണ് ജെറി നാണയം കൊടുത്തുവിട്ടത്. തിങ്കളാഴ്ച ലോകകപ്പ് ഫൈനൽ മത്സരത്തിന് വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഏറെ അനിശ്ചിതത്വത്തിന് ശേഷം ഞായറാഴ്ചയാണ് വിലമതിക്കാനാവാത്ത സമ്മാനം ഷംനാസിന്‍റെ കൈകളിലെത്തിയത്.

നാണയം ഉൾപ്പെടുന്ന ബാഗേജ് സൗദിയിൽവെച്ച് മാറി പോവുകയും പിന്നീട് മറ്റൊരു വിമാനത്താവളത്തിൽ കൊച്ചിയിൽ എത്തിക്കുകയുമായിരുന്നു. കളിഞ്ഞ ലോകകപ്പ് വേളയിൽ ഖത്തർ സെൻട്രൽ ബാങ്കും സുപ്രീം കമ്മിറ്റി ഫോർ പ്രൊജക്ട് ആൻഡ് ലെഗസിയും ചേർന്ന് പുറത്തിറക്കിയ 22 റിയാൽ കറൻസി ഷംനാസ് സ്വന്തമാക്കിയിരുന്നു. മണർകാടുള്ള സുഹൃത്ത് വഴിയായിരുന്നു അന്ന് ഷംനാസ് റിയാൽ സംഘടിപ്പിച്ചത്. എം.സി റോഡിൽ ഏറ്റുമാനൂർ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേനടയിൽ മൊബൈൽ റിപ്പയറിങ് സെന്‍റർ നടത്തുകയാണ് ഷംനാസ്. വിവിധ രാജ്യങ്ങളുടെ 3000ത്തോളം നാണയങ്ങളും കറൻസികളും മുദ്രപത്രങ്ങളും പോസ്റ്റ് കാർഡും വിപുലമായ ശേഖരത്തിലുണ്ട്. രേഷ്മയാണ് ഷംനാസിന്‍റെ ഭാര്യ. റിഷാം, അജ്മൽ എന്നിവർ മക്കൾ.

Tags:    
News Summary - Shamnas wins World Cup special coin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.