മുഹമ്മദ്‌ അമാൻ

ലോകത്തിലെ പ്രായം കുറഞ്ഞ നോവലിസ്റ്റുകളുടെ കൂട്ടത്തിലേക്ക് ജിദ്ദയിൽ നിന്നും മലയാളി ബാലനും

ലോകത്തിലെ പ്രായം കുറഞ്ഞ നോവലിസ്റ്റുകളുടെ കൂട്ടത്തിൽ അറിയപ്പെടാൻ ജിദ്ദയിൽ നിന്നും മലയാളിയായ ഒരു കൊച്ചു ബാലൻ കൂടി തയാറെടുക്കുകയാണ്. തിരുവനന്തപുരത്തുകാരനും ജിദ്ദ ഇന്‍റർനാഷനൽ ഇന്ത്യൻ സ്കൂൾ മൂന്നാം ക്ലാസ്സ്‌ വിദ്യാർഥിയുമായ എട്ട് വയസുകാരൻ മുഹമ്മദ്‌ അമാൻ ആണ് തന്റെ 'ഔട്ടർ സ്പേസ്' (Outer Space) എന്ന ഇംഗ്ലീഷ് നോവലിലൂടെ ഈ നേട്ടം കൈവരിക്കാൻ ഉത്സാഹത്തോടെ കാത്തിരിക്കുന്നത്.

26 പേജുകളിലായി മനോഹരമായ ലേഔട്ടോട് കൂടി പ്രസാധനം ചെയ്തിരിക്കുന്ന ചിത്രനോവൽ ആണ് ഔട്ടർ സ്പേസ്. ഈ നോവൽ ലോക ബാലസാഹിത്യ രചനാ വിഭാഗത്തിലേക്ക് എത്തപ്പെടുമെന്ന പ്രതീക്ഷയിലാണ് മുഹമ്മദ്‌ അമാന്‍റെ മാതാപിതാക്കളായ ജിദ്ദയിലെ അറിയപ്പെടുന്ന ഗായിക സോഫിയ നജ്മുദ്ദീനും സുനിൽ സെയ്ദും. ഇവരുടെ ഏറ്റവും ഇളയ മകനാണ് മുഹമ്മദ് അമാൻ. കോവിഡ് കാലത്ത് കുടുംബവുമൊന്നിച്ച് നോവലിലെ കുട്ടി കഥാപാത്രങ്ങൾ നടത്തുന്ന രസകരമായ വ്യത്യസ്തമായ അവധിക്കാല യാത്രയാണ് ഇതിലെ പ്രമേയം.

മുഹമ്മദ് അമാന്‍റെ കുടുംബം

വായനയും എഴുത്തും വരകളും യാത്രകളും അത്യാവശ്യം അഭിനയവും ഹോബിയാക്കിയവനാണ് കൊച്ചു നോവലിസ്റ്റ് മുഹമ്മദ് അമാൻ. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ പ്രസ് ആന്‍റ് ഇൻഫോർമേഷൻ, കൊമേഴ്‌സ് വിഭാഗം കോൺസലും മലയാളിയുമായ ഹംന മറിയമാണ് ഔട്ടർ സ്പേസ് നോവലിനെ പരിചയപ്പെടുത്തി അവതാരിക എഴുതിയിരിക്കുന്നത്. പ്രമുഖ പ്രസാധകരായ സാഹിതി ആണ് പുസ്തകം ഇ-ബുക്ക് വേർഷനുകളിൽ പ്രസിദ്ധീകരിക്കുന്നത്.

ഔട്ടർ സ്പേസ് നോവലിന്‍റെ കവർ ഫോട്ടോ

ആമസോൺ കിൻഡലിലെ ആഗോളാടിസ്ഥാനത്തിലുള്ള ഇ-ബുക്ക് വേർഷനിലും പ്രിന്‍റ് എഡിഷനിലും പുസ്തകം ഈ മാസം അവസാനത്തോടെ ലഭ്യമാവുമെന്ന് സാഹിതി പബ്ലിക്കേഷൻ ചീഫ് എഡിറ്ററും മുൻ മന്ത്രിയുമായ വി.സി. കബീർ മാസ്റ്ററും എക്സിക്യൂട്ടീവ് എഡിറ്റർ ബിന്നി സാഹിതിയും പറഞ്ഞു.

പുസ്തകത്തിന്‍റെ കോപ്പികൾ ആവശ്യമുള്ളവർക്ക് സുനിൽ സെയ്ദ്, ജിദ്ദ (00966 539130643), ബിന്നി സാഹിതി (0091 9447661834) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.