ലോക ഫുട്ബാളിന്റെ നെറുകയിൽ കാലുകൊണ്ട് താളം തീർക്കുന്ന നോർവേയുടെ വിസ്മയ കളിക്കാരനാണ് എർലിങ് ബ്രൂട്ട് ഹാലണ്ട്. ചുരുങ്ങിയ കാലംകൊണ്ട് നിരവധി റെക്കോർഡുകൾ വാരിക്കൂട്ടിയ അത്ഭുതം സൃഷ്ടിക്കുന്ന ഇതിഹാസം ഈ ലോകകപ്പിലെ നാല് മത്സരങ്ങളിൽ നിന്ന് മാത്രം ഏഴ് ഗോളുകളാണ് നേടിയത്. കരിയർ അവസാനിപ്പിച്ച ശേഷമുള്ള ജീവിതം എങ്ങനെയായിരിക്കണമെന്ന താരത്തിന്റെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് ഫുട്ബാൾ ലോകം. അടിമുടി വെറൈറ്റി ആഗ്രഹിക്കുന്ന ഈ ഇരുപത്തിയഞ്ചുകാരന് ആഡംബരപൂർണമായ മണിമാളികയോ കാശെറിഞ്ഞുള്ള ലക്ച്വറി ലൈഫോ വേണമെന്നല്ല. മറിച്ച്, വ്യത്യസ്തമായ വിരമിക്കൽ ജീവിതമാണ് താരം സ്വപ്നം കാണുന്നത്.
ഫുട്ബാളിൽനിന്ന് വിരമിച്ചതിന് ശേഷം ജന്മനാടായ നോർവേയിലെ 'ബ്രൈൻ' എന്ന കൊച്ചുഗ്രാമത്തിൽ കാർഷിക ജീവിതം നയിക്കാനാണ് താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. സ്വന്തമായി ഒരു ട്രാക്ടറും കുറച്ച് പശുക്കൾ നിറഞ്ഞ ഒരു ഫാമും വേണം. ട്രാക്ടർ ഓടിച്ച് നിലം ഉഴുതുമറിക്കുകയും പശുക്കൾക്ക് വയറുനിറയെ തീറ്റ നൽകുകയും വേണം. അങ്ങനെ മണ്ണോട് ചേർന്ന് കൃഷിയുടെ സ്പന്ദനമറിഞ്ഞ് ഒരു കുഞ്ഞു ജീവിതം നയിക്കാനാണ് ആശയെന്ന് ഹാലണ്ട് തന്നെ തുറന്നുപറയുന്നു.
ആ ചെറിയ ഗ്രാമത്തിലെ പാടങ്ങളിൽ പന്തുതട്ടിക്കളിച്ചാണ് ഹാലണ്ട് കളിച്ചുവളർന്നത്. ബാല്യത്തിൽ ബ്രൈൻ ക്ലബ്ബിലൂടെ പന്തുതട്ടി വളർന്ന ഈ നോർവേക്കാരന് ഇന്ന് ലോക ഫുട്ബോളിന്‍റെ ഉച്ചിയിലാണ് സ്ഥാനം. എത്രയേറെ പണവും പ്രതാപവും കൈവരിച്ചാലും ആ ഗ്രാമത്തിന്റെ ചൂരേറ്റ് കഴിയണമെന്ന് ഹാലണ്ട് പറയുന്നു. ഫുട്ബാൾ തിരക്കുകളിൽനിന്ന് അവധിക്കാലത്ത് നാട്ടിലെത്തുമ്പോൾ ഫാമുകളിൽ പോയി ട്രാക്ടർ ഓടിക്കുന്നതും പശുക്കൾക്ക് ഭക്ഷണം നൽകുന്നതിന്റെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും പങ്കുവെക്കാറുണ്ട്. സ്റ്റേഡിയങ്ങൾ നൽകുന്ന സമ്മർദ്ദങ്ങൾ അലിയിപ്പിക്കാനും മാനസിക ആശ്വാസം കൈവരിക്കാനും ഈ കാര്യങ്ങൾ തന്നെ സഹായിക്കാറുണ്ടെന്നാണ് ഹാലണ്ടിന്റെ അഭിപ്രായം. എക്കാലവും സന്തോഷവാനായിരിക്കാൻ അതുപോലെയുള്ള വിരമിക്കൽ ജീവിതം നയിക്കാനാണ് താരം ആഗ്രഹം പ്രകടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.