പഴയ പാട്ടിന്റെ ഈണത്തിൽ വൈറലായ ഒതുക്കുങ്ങൽ സ്വദേശി അബ്ദുക്കയും ചെറുമകൾ ഷഹീമയും

വല്യുപ്പാന്റെ ഈണം, ചെറുമകളുടെ ശബ്ദം; പതിറ്റാണ്ടുകൾക്ക് ശേഷം പാട്ട് വൈറൽ

വേങ്ങര: 1989 കളിൽ ദുബൈയിൽ വെച്ച് സുഹൃത്ത് രചിച്ച പാട്ടിന് ഈണം നൽകുമ്പോൾ ഒതുക്കുങ്ങൽ സ്വദേശി ആട്ടീരി മണിപ്പറമ്പൻ അബ്ദുക്ക പതിറ്റാണ്ടുകൾക്ക് ശേഷം തന്റെ ചെറുമകളിലൂടെ ഈ പാട്ട് ലോകം മുഴുവൻ കേൾക്കുമെന്ന് ഒരിക്കലും ഓർത്തിരിക്കാൻ സാധ്യതയില്ല. ഇപ്പോൾ 78 വയസ്സിലെത്തിയ അബ്ദുക്കയുടെ സന്തോഷത്തിന് അത് കൊണ്ട് തന്നെ ഇരട്ടി മധുരമുണ്ട്. ഇദ്ദേഹം വിദേശത്തായിരിക്കെ 1989ൽ ഈണം നൽകി, 2021ൽ റെക്കോഡ് ചെയ്ത ഗാനമാണ് വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

1989 കാലത്ത് ദുബൈയിൽ ജോലി ചെയ്യുമ്പോഴാണ് കോട്ടക്കൽ ആട്ടീരി മണിപ്പറമ്പൻ അബ്ദു ഒരു പാട്ടിന് ആദ്യമായി ഈണം നൽകുന്നത്. സ്നേഹിതനും ദുബൈ പോസ്റ്റ് ഓഫിസിൽ ജീവനക്കാരനുമായ തിരുവനന്തപുരം സ്വദേശി ഹുമയൂൺ കബീർ, ഉമ്മയെ ഓർത്ത് എഴുതിയ വരികൾക്കാണ് അന്ന് അബ്ദു ഈണം നൽകിയത്. ഹുമയൂൺ കബീർ വിദേശത്ത് അസുഖമായി കഴിയവെ, അരികിൽ ഉമ്മയില്ലാത്ത സങ്കടം കോറിയിട്ട വരികൾ ആരെകൊണ്ടെങ്കിലും സംഗീതം നൽകി പാടിക്കേൾക്കണം എന്ന ആഗ്രഹത്തോടെയാണ് സുഹൃത്ത് അബ്ദുവിനെ ഏൽപിച്ചത്. പക്ഷെ പ്രവാസത്തിന്റെ തിരക്കുകൾക്കിടയിൽ ഇരുവർക്കും അന്നത് സാധ്യമായില്ല.

1996ൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ അബ്ദുക്കയും കുടുംബവും തന്റെ ജോലികളുമായി മുന്നോട്ടുപോവുകയും ചെയ്തു. പിന്നീട് 2021ൽ അബ്ദുക്കയുടെ മകൾ അസ്മയുടെ മകളായ അഞ്ചാം ക്ലാസുകാരി ഷഹിമ നല്ല ഈണത്തിൽ പാട്ടുകൾ പാടുന്നത് കേട്ട് താൻ ഈണം നൽകിയ വരികൾ ചെറുമകളെക്കൊണ്ട് പാടിക്കുകയായിരുന്നു. ചെറുമകൾ ഷഹിമയുടെ പാട്ട് ഏറെ ഇഷ്ടമായതോടെ സ്റ്റുഡിയോയിൽ റെക്കോഡ് ചെയ്തു. വെള്ളില അന്ധവിദ്യാലയത്തിലെ അധ്യാപകനും തൊടുപുഴ സ്വദേശിയുമായ നിസാർ മാഷിന്റെ സഹായത്തോടെയായിരുന്നു റെക്കോഡിങ്. റെക്കോർഡ് ചെയ്ത പാട്ട്, ഇത് എഴുതിയ സുഹൃത്ത് ഹുമയൂൺ കബീറിന് അയച്ചുകൊടുത്തു. ബന്ധുവും ഗാനരചയിതാവുമായ ഡോ. കോട്ടക്കൽ കുഞ്ഞു മൊയ്ത‌ീൻ കുട്ടിയാണ് പാട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതോടെ പാട്ട് വൈറലാവുകയും ചെയ്തു. പാട്ടുപാടിയ ഷഹീമ കോട്ടൂർ എ.കെ.എം.എച്ച്.എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.

Tags:    
News Summary - Grandfather's melody, granddaughter's voice; Song goes viral after decades

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.