മനാമ: അഡ്വ. പോൾ സെബാസ്റ്റ്യനും കുടുംബവും മൂന്നര പതിറ്റാണ്ട് നീണ്ട ബഹ്റൈൻ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്നു. 1987ൽ അൽമസീറ പ്രിന്റിങ് ആൻഡ് പബ്ലിഷിങ് ഹൗസിലാണ് പോൾ സെബാസ്റ്റ്യൻ ജോലിയിൽ പ്രവേശിച്ചത്. അവിടെ ജനറൽ മാനേജരായിരുന്ന അദ്ദേഹം 2011ൽ സ്വന്തം സ്ഥാപനം ആരംഭിച്ചു.
ഇന്റർ ആഡ്സ് ഇന്റർനാഷനൽ കമ്പനി എന്ന അദ്ദേഹത്തിന്റെ സ്ഥാപനം ഇവന്റ് മാനേജ്മെന്റ്, അഡ്വൈർടൈസ്മെന്റ്, പ്രിന്റിങ് മേഖലകളിൽ പ്രമുഖ സാന്നിധ്യമായിരുന്നു. പാലക്കാട് വടക്കഞ്ചേരി സ്വദേശിയായ അദ്ദേഹം എറണാകുളം ലോ കോളജിൽനിന്നാണ് നിയമവിദ്യാഭ്യാസം പൂർത്തിയാക്കിയത്. പഠനകാലയളവിൽ കെ.എസ്.യു പ്രവർത്തകനായിരുന്നു. പി.ടി. തോമസ്, ആന്റോ ആന്റണി തുടങ്ങിയ കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു.
മൂവാറ്റുപുഴ ബാർ അസോസിയേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചുവരുമ്പോഴാണ് ബഹ്റൈനിലെത്തിയത്. പ്രവാസ കാലയളവിൽ സാമൂഹിക, സാംസ്കാരിക മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു. പാലക്കാട് ആർട്സ് ആൻഡ് കൾചറൽ സൊസൈറ്റി (പാക്ട്) സ്ഥാപക പ്രസിഡന്റ്, മഹാത്മ ഗാന്ധി കൾചറൽ ഫോറം പ്രസിഡന്റ്, കോഓഡിനേഷൻ കമ്മിറ്റി ഓഫ് ഇന്ത്യൻ അസോസിയേഷൻസ് ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചു.
തൃശൂർ മണ്ണുത്തിയിലെ വീട്ടിലായിരിക്കും ഇനി താമസമെന്ന് അദ്ദേഹം പറഞ്ഞു. അഭിഭാഷകവൃത്തി തുടരാനാണ് ആഗ്രഹിക്കുന്നത്. പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രാക്ടിസ് ചെയ്യും. പ്രവാസികൾക്ക് നിയമസഹായം നൽകാൻ സന്നദ്ധനായി താൻ എപ്പോഴുമുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിൽ നഴ്സായിരുന്ന ലിസി പോൾ ആണ് ഭാര്യ. മകൻ അരുൺ പോൾ ബാപ്കോയിൽ ജീവനക്കാരനാണ്. മകൾ: കിരൺ പോൾ. മരുമകൻ ബിവിൻ തോമസ് ഗൾഫ് ഇൻഡസ്ട്രിയൽ പെട്രോകെമിക്കൽസിൽ ജീവനക്കാരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.