മലയാളി എൻജിനീയറിങ്​ വിദഗ്ധന്​ ബ്രിട്ടീഷ്​ രാജാവിന്‍റെ ഉയർന്ന ബഹുമതി

തിരുവനന്തപുരം: മലയാളിയും ബ്രിട്ടനിലെ ലീഡ്​സ്​ സർവകലാശാല പ്രഫസറുമായ പി.എ. മുഹമ്മദ്​ ബഷീറിന്​ ബ്രിട്ടീഷ്​ രാജാവിന്‍റെ ഉയർന്ന ബഹുമതിയായ കമാൻഡർ ഓഫ്​ ദി ഓർഡർ ഓഫ്​ ദ ബ്രിട്ടീഷ്​ എമ്പയർ പുരസ്​കാരം. സിവിൽ എൻജിനീയറിങ്​ കോൺക്രീറ്റ്​ ടെക്​നോളജി രംഗത്തെ 40​ വർഷം നീണ്ട സമഗ്ര ഗവേഷണങ്ങൾ പരിഗണിച്ചാണ്​ അവാർഡ്​.

കോട്ടയം വെണ്ണിക്കുളം സ്വദേശിയായ പ്രഫ. ബഷീർ 1981ൽ കൊല്ലം ടി.കെ.എം എൻജിനീയറിങ്​ കോളജിൽ നിന്ന്​ സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും കോഴിക്കോട്​ റീജനൽ എൻജിനീയറിങ്​ കോളജിൽ (ഇപ്പോഴത്തെ എൻ.ഐ.ടി) നിന്ന്​ സ്​ട്രക്​ചറൽ എൻജിനീയറിങിൽ ബിരുദവും നേടിയ ശേഷം റീജനൽ എൻജിനീയറിങ്​ കോളജിൽ അധ്യാപകനായി. 1987ൽ ബ്രിട്ടനിലെ ക്യൂൻസ്​ ബെൽഫാസ്റ്റ്​ സർവകലാശാലയിൽ നിന്ന്​ ഡോക്ടറേറ്റും പോസ്റ്റ്​ ഡോക്ടറേറ്റും നേടി. തുടർന്ന്​ അതേ സർവകലാശാലയിൽ അധ്യാപകനായ ബഷീർ 1999ൽ സ്​ട്രക്​ചറൽ എൻജിനീയറിങ്​ പ്രഫസറായി. 2014ൽ പ്രശസ്തമായ ലീഡ്​സ്​ സർവകലാശാലയിൽ സ്​ട്രക്​ചറൽ എൻജിനീയറിങ്​ ചെയർ പദവിയിൽ നിയമിതനായി. തുടർന്ന്​ ലീഡ്​സിലെ സിവിൽ എൻജിനീയറിങ്​ സ്കൂൾ മേധാവിയായി.

2021ൽ രാജ്യാന്തര സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ കോൺക്രീറ്റ്​ ടെക്​നോളജിയുടെ അധ്യക്ഷ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി. കോൺക്രീറ്റ്​ ഗവേഷണവുമായി ബന്ധപ്പെട്ട്​ 35 ഡോക്ടറേറ്റുകളും 15 പോസ്റ്റ്​ ഡോക്ടറേറ്റുകളും അദ്ദേഹത്തിന്​ കീഴിൽ പൂർത്തിയാക്കിയിട്ടുണ്ട്​. രാജ്യാന്തര ജേണലുകളിൽ 400ലധികം പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

1991ൽ കേരള ശാസ്ത്ര സാ​ങ്കേതിക വകുപ്പിന്‍റെ മികച്ച യുവശാസ്ത്രജ്ഞനുള്ള പുരസ്​കാരം ഉൾപ്പെടെ ഒട്ടേറെ രാജ്യാന്തര പുരസ്​കാരങ്ങൾ ലഭിച്ചിട്ടുണ്ട്​. ഐ.ഐ.ടികൾ ഉൾപ്പെടെ ലോകത്തെ മുൻനിര സർവകലാശാലകളിൽ വിസിറ്റിങ്​ പ്രഫസറും ഐറിഷ്​ അക്കാദമി ഓഫ്​ എൻജിനീയറിങ്ങിലും യു.കെ റോയൽ അക്കാദമി ഓഫ്​ എൻജിനീയറിങ്​ ഉൾപ്പെടെ രാജ്യാന്തര സംഘടനകളിലും വിശിഷ്ട അംഗവുമാണ്​. ​ ​

Tags:    
News Summary - A Malayali engineering expert Prof P A Muhammed Basheer has been honored Commander of the Order of the British Empire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.