ഫിജിയിൽ നിന്നുള്ള സയാമീസ് ഇരട്ടക്കുട്ടികൾ വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് മുമ്പ്


സൗദിയുടെ കരുതലിന് ആദരം; സൗദി നാമം സ്വീകരിച്ച് ഫിജിയിലെ സയാമീസ് ഇരട്ടകൾ

റിയാദ്: സൗദി അറേബ്യയിൽ ലഭിച്ച പരിചരണത്തോടും ശ്രദ്ധയോടും ഉള്ള ആദരസൂചകമായി ഫിജിയിൽ നിന്നുള്ള ഒട്ടിച്ചേർന്ന ഇരട്ടക്കുട്ടികളുടെ മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ പേരുകൾ ‘ജസ്ബീലി, ഡെസീസിയ’ എന്നതിൽ നിന്ന് ‘നൂറ, സാറ’ എന്ന് മാറ്റാൻ തീരുമാനിച്ചു. സൗദി നൽകിയ വൈദ്യശാസ്ത്രപരവും മാനുഷികവുമായ സേവനങ്ങളോടുള്ള അവരുടെ നന്ദി പ്രകടിപ്പിക്കുന്നതാണ് ഈ തീരുമാനം. സയാമീസ് ഇരട്ടകളെ വേർപ്പെടു ത്തുന്നതിനുള്ള സൗദി പ്രോഗ്രാമിന്റെ മെഡിക്കൽ, സർജിക്കൽ ടീം മേധാവിയും കിങ് സൽമാൻ റിലീഫ് സെന്റർ ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽ റബീഅയോട് കുട്ടികൾക്ക് രണ്ട് പേരുകൾ നിർദ്ദേശിക്കാൻ മാതാപിതാക്കൾ അഭ്യർഥിച്ചതിനെത്തുടർന്നാണ് ഈ തീരുമാനം. അദ്ദേഹത്തിന്റെ നിർദ്ദേശം സ്വീകരിച്ചാണ് മാതാപിതാക്കൾ ‘നൂറ, സാറ’ എന്നീ പേരുകൾ തിരഞ്ഞെടുത്തത്.

റിയാദിലെ നാഷണൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലെ കിങ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ആശുപത്രിയിൽ 13 മാസം പ്രായമുള്ള ഫിജിയിൽ നിന്നുള്ള ഇരട്ടക്കുട്ടികളെ വേർപെടുത്തുന്നതിനുള്ള ശസ്ത്രക്രിയ 2026 ഒക്ടോബർ 15 രാവിലെയാണ് മെഡിക്കൽ-സർജിക്കൽ സംഘം ആരംഭിച്ചത്. വേർപ്പെടുത്തൽ ശസ്ത്രക്രിയ ആരംഭിച്ചതിനോടൊപ്പമാണ് കുട്ടികളുടെ പേര് മാറ്റാനുള്ള തീരുമാനം വന്നത്. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദ്ദേശപ്രകാരം 2026 ജൂലൈ 21-നാണ് ഫിജിയിൽ നിന്ന് സയാമീസ് ഇരട്ടകളെ സൗദിയിൽ എത്തിച്ചത്. തുടർന്ന് ഇരുവരെയും വിദഗ്ധ പരിശോധനകൾക്കും വിശദമായ പഠനങ്ങൾക്കും വിധേയരാക്കി. വയറ്, ഇടുപ്പ് എന്നീ ഭാഗങ്ങളിൽ ഒട്ടിച്ചേർന്ന നിലയിലായിരുന്ന കുട്ടികൾ കരൾ, കുടൽ, വൻകുടൽ, ഗുദം, മൂത്ര-പ്രജനന വ്യവസ്ഥകൾ, ഇടുപ്പെല്ല് എന്നിവ പങ്കിടുന്നതായി പരിശോധനകളിൽ കണ്ടെത്തിയതായും അൽറബീഅ പറഞ്ഞു. അനസ്തെഷ്യ, പീഡിയാട്രിക് സർജറി, പ്ലാസ്റ്റിക് സർജറി, ഓർത്തോപീഡിക്സ്, യുറോളജി, അനുബന്ധ വിഭാഗങ്ങൾ എന്നിവയിലുള്ള 34 കൺസൾട്ടന്റുമാരും സ്പെഷ്യലിസ്റ്റുകളും സാങ്കേതിക-നഴ്സിംഗ് ജീവനക്കാരും അടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയയിൽ പങ്കെടുക്കുന്നതെന്ന് ഡോ.അൽറബീഅ പറഞ്ഞു. ഏകദേശം 15 മണിക്കൂറോളം ദൈർഘ്യമുള്ള ഈ ശസ്ത്രക്രിയ ഒമ്പത് ഘട്ടങ്ങളായാണ് നടത്താൻ തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മൾട്ടി-ഡിസിപ്ലിനറി മെഡിക്കൽ വിലയിരുത്തലുകൾക്കും രോഗനിർണയ പഠനങ്ങൾക്കും അനുസൃതമായി 70 ശതമാനം വിജയസാധ്യത പ്രതീക്ഷിക്കുന്ന, ഏറെ സങ്കീർണമായ ഒരു ശസ്ത്രക്രിയയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫിജിയിൽ നിന്നുള്ള ഒട്ടിച്ചേർന്ന ഇരട്ടക്കുട്ടികളെ വേർപെടുത്തുന്ന ആദ്യ ശസ്ത്രക്രിയയാണിത്. കൂടാതെ വേർപ്പെടുത്തൽ ശസ്ത്രക്രിയ പ്രോഗ്രാമിനു കീഴിൽ നടക്കുന്ന 74-ാമത് ശസ്ത്രക്രിയ കൂടിയാണിത്. 1990ൽ ആരംഭിച്ചതിനുശേഷം അഞ്ച് വൻകരകളിലെ 28 രാജ്യങ്ങളിൽ നിന്നായി 159 ഇരട്ടക്കുട്ടികൾക്ക് ഈ പ്രോഗ്രാം പരിചരണം നൽകിയിട്ടുണ്ട്. സൗദി ഭരണനേതൃത്വത്തിന്റെ പൂർണ പിന്തുണയോടെ സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന മേഖലയിൽ ആഗോള തലത്തിലുള്ള സൗദി അറേബ്യയുടെ പ്രമുഖ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ ഇതിലൂടെ സാധിച്ചുവെന്നും അൽ റബീഅ പറഞ്ഞു.

Tags:    
News Summary - Saudi Arabia Separates Siamese Twins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.