മസിൽ വർധിപ്പിക്കാം, നല്ല ഉറക്കം... മഗ്നീഷ്യം സപ്ലിമെന്റ് നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണോ?

ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ വളരെയേറെ പ്രചരിച്ചുകൊണ്ടിരിക്കുകയും വിപണി കീഴടക്കുകയും ചെയ്യുന്ന ഉൽപ്പന്നമാണ് മഗ്നീഷ്യം സപ്ലിമെന്റുകൾ. ജെൻസി മുതൽ മധ്യവയസ്കർ വരെ ഇത് നിർബാധം വാങ്ങി ഉപയോഗിക്കുന്നുണ്ട്. നല്ല ഉറക്കം ലഭിക്കും, മാനസിക ശാന്തതയും ജിമ്മിൽ പോകുന്നവർക്ക് പേശിവളർച്ചയ്ക്ക് സഹായിക്കും, ക്ഷീണം മാറി ശരീരത്തിന് ഊർജ്ജവും ഉൻമേഷവും ലഭിക്കും, ഉപാപചയ പ്രവർത്തനം കാര്യക്ഷമമാകും, എല്ലുകളുടെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് ഗുണം ചെയ്യും, തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും തുടങ്ങിയവയാണ് കമ്പനികളുടെ വാഗ്ദാനങ്ങൾ. ജിമ്മിൽ പോകുന്നവർക്ക് മസിൽ ബിൽഡ് ചെയ്യാൻ സഹായിക്കും, മസിൽ വേദന ഒഴിവാക്കാം, നല്ല ഉറക്കം ലഭിക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് മഗ്നീഷ്യം സപ്ലിമെന്റുകളെ ജനപ്രിയമാക്കുന്നത്. ഇത്തരം അവകാശവാദങ്ങളുടെ ശാസ്ത്രീയ വശം വ്യക്തമാക്കുകയാണ് കോട്ടയത്തെ ഡോ. ജോജൊ വി ജോസഫ്.

മഗ്നീഷ്യത്തിന്റെ പ്രാധാന്യം

ശരീരത്തിന്റെ ആരോഗ്യവും സുഗമമായ പ്രവർത്തനവും ഉറപ്പാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് മഗ്നീഷ്യം. പേശികളുടെ പ്രവർത്തനം, നാഡീവ്യൂഹത്തിന്റെ ആരോഗ്യം, ഊർജ്ജ ഉത്പാദനം, എല്ലുകളുടെയും പല്ലുകളുടെയും ബലം, രക്തസമ്മർദ്ദം നിയന്ത്രിക്കൽ, ഹൃദയാരോഗ്യം, മാനസിക സമ്മർദ്ദം, ഉറക്കം എന്നിവക്കെല്ലാം മഗ്നീഷ്യം അത്യാവശ്യമാണ്. കേരളീയ ഭക്ഷണക്രമത്തിൽ ഇത് സാധാരണയായി നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് തന്നെ ലഭിക്കും.

ഡോക്ടറുടെ നിർദ്ദേശമില്ലാതെ ആരും ഇത് കഴിക്കരുത്. ശരീരത്തിൽ മഗ്നീഷ്യം കുറവ് അനുഭവപ്പെടുന്നവർ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രമാണ് സപ്ലിമെന്റുകൾ കഴിക്കേണ്ടത്. ആരോഗ്യവാനായ ഒരു സാധാരണ മനുഷ്യനിൽ സ്ത്രീകളിൽ 400-420 മില്ലിഗ്രാമും പുരുഷന്മാരിൽ 300-310 മില്ലിഗ്രാമും മഗ്നീഷ്യമാണ് ഒരു ദിവസം ആവശ്യമുള്ളത്.

അധികമായാൽ

ഇതിൽ കൂടുതൽ കഴിച്ചിട്ടും കാര്യമൊന്നുമില്ലെന്നും ഡോക്ടർ വ്യക്തമാക്കുന്നു. മാത്രമല്ല, ഇത് കൂടുതൽ കാലം സ്ഥിരമായി കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ, വയറിളക്കം, ഛർദ്ദി, ക്ഷീണവും തളർച്ച, രക്തസമ്മർദ്ദത്തിലെ വ്യതിയാനങ്ങൾ തുടങ്ങി ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നിടത്തേക്ക് വരെ കാര്യങ്ങൾ എത്തിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡയറ്റിൽ നിന്ന് ലഭിക്കുന്നതും സപ്ലിമെന്റുകൾ കഴിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഉറക്കക്കുറവ്, ക്ഷീണം എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ മഗ്നീഷ്യം വാങ്ങി കഴിക്കരുത്. ഡോക്ടറെ കണ്ട് യഥാർത്ഥ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ഡോ. ജോജൊ വി ജോസഫ് പറഞ്ഞു.

സ്വാഭാവികമായി എങ്ങനെ ലഭിക്കും?

ശരാശരി മനുഷ്യന്റെ ശരീരത്തിലേക്ക് ആവശ്യമായ മഗ്നീഷ്യം സന്തുലിതാവസ്ഥയിലുള്ള ആഹാരം കഴിക്കുന്നതിലൂടെ സ്വാഭാവികമായി ലഭിക്കും:

ഇലക്കറികൾ: ചീരയും മറ്റ് പച്ച ഇലക്കറികളും.

നട്സും വിത്തുകളും: ബദാം, കശുവണ്ടി, മത്തങ്ങയുടെ വിത്തുകൾ, ചിയ വിത്തുകൾ (Chia seeds), ഫ്ലാക്സ് സീഡ്സ്.

ധാന്യങ്ങൾ: ബ്രൗൺ റൈസ്, ഓട്സ്, ഗോതമ്പ് ഉൽപ്പന്നങ്ങൾ.

പഴങ്ങൾ: ഏത്തപ്പഴം, അവക്കാഡോ.

മറ്റുള്ളവ: പയർവർഗ്ഗങ്ങൾ (കടല, പരിപ്പ്), സോയാബീൻ.

ഉറക്കം ലഭിക്കുമോ?

നല്ല ഉറക്കം ലഭിക്കുമെന്നതാണ് കമ്പനികളുടെ പ്രധാന വാഗ്ദാനം. എന്നാൽ മെറ്റാ അനാലിസിസ് (Meta-analysis) പഠനത്തിൽ ഇതിന് വളരെ കുറഞ്ഞ സാധ്യതയേ ഉള്ളൂ എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2015-ൽ 155 പേരിൽ നടത്തിയ പഠനത്തിൽ വെറും 1.6 പോയിന്റിന്റെ വ്യത്യാസം മാത്രമാണ് കണ്ടെത്തിയത്.

മസിൽ ബിൽഡ് ചെയ്യാൻ സഹായിക്കുമോ?

മസിൽ ബിൽഡ് ചെയ്യാൻ സഹായിക്കുമെന്ന വാഗ്ദാനത്തിൽ ആകൃഷ്ടരായി ജിമ്മിൽ പോകുന്നവരാണ് ഇന്ന് മഗ്നീഷ്യം സപ്ലിമെന്റിന്റെ പ്രധാന ഉപയോക്താക്കൾ. എന്നാൽ, മസിൽ ബിൽഡ് ചെയ്യുന്നതിനോ ജിമ്മിലെ പെർഫോമൻസിനോ മസിൽ റിക്കവറിക്കോ മഗ്നീഷ്യം സപ്ലിമെന്റുകൾ സഹായിക്കുന്നില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 16 പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

സപ്ലിമെന്റുകൾ ഉപയോഗിക്കണോ?

സാധാരണയായി ആഹാരത്തിലൂടെ തന്നെ ആവശ്യത്തിന് മഗ്നീഷ്യം ലഭിക്കുമെങ്കിലും, ചില പ്രത്യേക സാഹചര്യങ്ങളിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം സപ്ലിമെന്റുകൾ കഴിക്കേണ്ടി വരാം:

മഗ്നീഷ്യം കുറവുള്ളവർ: രക്തപരിശോധനയിലൂടെ ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറവാണെന്ന് (Hypomagnesemia) കണ്ടെത്തിയവർ.

ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ: വിട്ടുമാറാത്ത വയറിളക്കം, സീലിയാക് ഡിസീസ്, ടൈപ്പ്-2 പ്രമേഹം, അല്ലെങ്കിൽ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഉള്ളവർ.

പ്രായമായവർ: പ്രായമാകുമ്പോൾ ശരീരത്തിൽ മഗ്നീഷ്യം ആഗിരണം ചെയ്യാനുള്ള ശേഷി കുറയാറുണ്ട്.

ചില പ്രത്യേക മരുന്നുകൾ കഴിക്കുന്നവർ: ചില മരുന്നുകൾ സ്ഥിരമായി കഴിക്കുന്നവരിൽ മഗ്നീഷ്യം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

Tags:    
News Summary - Is magnesium supplementation the solution to all your problems?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.