സുധാ മൂർത്തി

സാരിയുടുത്താൽ ഇംഗ്ലീഷ് അറിയില്ലെന്ന് കരുതും; സ്മാർട്ടാകാൻ സ്യൂട്ട് വേണ്ടെന്ന് സുധാ മൂർത്തി

ന്യൂഡൽഹി: ഇന്ത്യയിൽ സ്ത്രീകൾ ഏറ്റവും കൂടുതൽ ധരിക്കുന്ന വസ്ത്രങ്ങളിൽ ഒന്നാണ് സാരി. എന്നിട്ടും കോർപ്പറേറ്റ് ലോകത്തിന്റെ ഉന്നത തലങ്ങളിൽ സാരി ഇപ്പോഴും അന്യമായി കാണപ്പെടുന്നു. ഒരു നേതൃസ്ഥാനത്തിരിക്കുന്ന സ്ത്രീയെക്കുറിച്ച് ചിന്തിക്കുമ്പോൾ പലർക്കും സാരിയുടുത്ത ഒരു സ്ത്രീയെ സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. ഈ മുൻവിധിയെ പൊളിച്ചെഴുതുകയാണ് എഴുത്തുകാരിയും ജീവകാരുണ്യ പ്രവർത്തകയുമായ സുധാ മൂർത്തി.

ഇൻഫ്ലുവൻസറായ ഐശ്വര്യ ഡി കെ എസ് ഹെഗ്‌ഡെക്ക് നൽകിയ സമീപകാല അഭിമുഖത്തിലാണ് സുധാ മൂർത്തി സാരിയെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്. വൈറലായ വിഡിയോയിൽ, സ്ത്രീകൾ സാരി ധരിച്ച് ബോർഡ് റൂമിലേക്ക് പോകണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് സുധാ മൂർത്തി പറഞ്ഞു. സാരിയുടുത്താൽ ഇംഗ്ലീഷ് അറിയില്ലെന്ന് കരുതും. സ്മാർട്ട് ആയി കാണപ്പെടാൻ സ്യൂട്ട് ധരിക്കണമെന്ന സങ്കൽപ്പത്തെ താൻ എതിർക്കുന്നുവെന്ന് സുധാ മൂർത്തി പറഞ്ഞു.

‘സ്ത്രീകൾ സാരി ധരിച്ച് ബോർഡ് റൂമിലേക്ക് പോകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സ്മാർട്ട് ആയി കാണപ്പെടാൻ സ്യൂട്ട് ധരിക്കണമെന്ന ധാരണയെ ഞാൻ എതിർക്കുന്നു. അവർ പറയും, ബെഹൻജി, ആപ് ഇധർ ബൈഠിയേ. ഞാൻ സാരി ധരിക്കുന്നതുകൊണ്ട് എനിക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് അവർ കരുതുന്നു. എന്നാൽ എന്റെ അറിവ് ഞാൻ ധരിക്കുന്ന വസ്ത്രത്തെ ആശ്രയിച്ചല്ല ഇരിക്കുന്നത്’ സുധാ മൂർത്തി പറഞ്ഞു.

സുധാ മൂർത്തി എന്ന പേര് കേൾക്കുമ്പോൾ തന്നെ മനസ്സിൽ തെളിയുന്ന ചിത്രം സാരിയുടുത്ത, ലളിതമായ ഒരു വ്യക്തിത്വമാണ്. ഫാഷന്റെ പേരിൽ വസ്ത്രങ്ങൾ മാറി മാറി പരീക്ഷിക്കുന്ന കാലത്ത്, സുധാ മൂർത്തി എപ്പോഴും സാരിയിൽ മാത്രമേ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളൂ. ആഡംബരമല്ല, ലാളിത്യമാണ് അവരുടെ ശൈലി. വിലകൂടിയ ഡിസൈനർ ലേബലുകളോടല്ല, കോട്ടൺ, സിൽക്ക് സാരികളോടാണ് അവർക്ക് ഏറ്റവും ഇഷ്ടം. കൈത്തറി സാരികളോട് പ്രത്യേക ഇഷ്ടവും അവർക്കുണ്ട്.

ഇൻഫോസിസ് ഫൗണ്ടേഷന്റെ ചാരിറ്റി പരിപാടികളിലായാലും, പുസ്തക പ്രകാശന വേദികളിലായാലും, രാജ്യത്തെ ഏറ്റവും ഉയർന്ന ജനാധിപത്യ വേദിയായ പാർലമെന്റിലായാലും വേഷം സാരി തന്നെ. സാരി തനിക്ക് ആത്മവിശ്വാസം നൽകുന്നുവെന്നും, അതാണ് തന്റെ ഐഡന്റിറ്റിയെന്നും സുധാ മൂർത്തി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

സാരിയോടുള്ള സുധാ മൂർത്തിയുടെ ഇഷ്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അമ്മയിൽ നിന്നാണ് സാരി ധരിക്കാൻ താൻ പഠിച്ചതെന്ന് സുധാ മൂർത്തി തന്നെ പറഞ്ഞിട്ടുണ്ട്. ‘സാരിയാണ് ഏറ്റവും മാന്യമായ വസ്ത്രം, അതാണ് ഒരു സ്ത്രീക്ക് ഏറ്റവും അന്തസ്സ് നൽകുന്നത്" എന്നാണ് അമ്മ തന്നെ പഠിപ്പിച്ചതെന്ന് സുധാ മൂർത്തി ഒരഭിമുഖത്തിൽ വെളിപ്പെടുത്തിരുന്നു. ആ വാക്കുകൾ തന്നെയാണ് ഇന്നും അവർ മുറുകെ പിടിക്കുന്നത്. പാശ്ചാത്യ വസ്ത്രങ്ങൾക്ക് പിന്നാലെ പോകാതെ, സാരിയെ തന്റെ അടയാളമാക്കി മാറ്റാൻ ആ അമ്മയുടെ വാക്കുകൾ തന്നെയാണ് സുധാ മൂർത്തിക്ക് പ്രചോദനമായത്.

Tags:    
News Summary - Sudha Murty says Saree Doesn't Mean Not Smart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.