അഞ്ച് മണിക്ക് അത്താഴം, ദിവസവും കടൽവിഭവങ്ങൾ; ഷുഗർ കട്ടില്ലാതെ 101ആം വയസിലും ആരോഗ്യത്തോടെ ലു ഷിസെങ്
ബീജിങ്: നല്ല ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കാൻ മധുരം കുറഞ്ഞ ഭക്ഷണവും ചിട്ടയായ ജീവിതശൈലിയും പിന്തുടരണമെന്ന് പറയുമ്പോൾ തന്റെ 101ാം വയസ്സിലും വ്യത്യസ്തമായ ജീവിതരീതി പിന്തുടരുകയാണ് ലു ഷിസെങ്. ശീതളപാനീയങ്ങൾ ഇഷ്ടംപോലെ കുടിക്കുന്നതിനൊപ്പം കടൽവിഭവങ്ങളും മാംസവും പഴങ്ങളും ഭക്ഷണത്തിന്റെ ഭാഗമാക്കിയ ഇദ്ദേഹത്തിന്റെ ജീവിതശൈലിയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് ലുവിന്റെ താമസം.
ചൈനയിൽ ഇന്ന് യുവാക്കൾ ഭക്ഷണത്തിൽനിന്ന് ഒഴിവാക്കുന്ന ഒന്നാണ് പഞ്ചസാര. ഇതോടൊപ്പം കുറഞ്ഞ അളവിലുള്ള ഭക്ഷണവും പരമ്പരാഗത ആരോഗ്യസംരക്ഷണ മാർഗങ്ങളും പ്രചാരം നേടുന്നതിനിടെയാണ് ലുവിന്റെ വ്യത്യസ്തമായ ജീവിതശൈലി ശ്രദ്ധ നേടുന്നത്. പ്രായം 101 പിന്നിട്ടിട്ടും ഭക്ഷണകാര്യത്തിൽ ലു പ്രത്യേക താൽപര്യം പുലർത്തുന്നു.
അഞ്ച് ദിവസത്തിലൊരിക്കൽ ലു റിക്ഷയിൽ മാർക്കറ്റിലെത്തി മീൻ, ചെമ്മീൻ, ഞണ്ട് തുടങ്ങിയ കടൽവിഭവങ്ങളും പന്നിയിറച്ചിയും പച്ചക്കറികളും വാങ്ങും. കഴിഞ്ഞ വർഷം വരെ സ്വന്തം സൈക്കിളിലായിരുന്നു മാർക്കറ്റിലേക്കുള്ള യാത്ര. എന്നാൽ ഒരു ദിവസം സൈക്കിളിൽനിന്ന് വീണതിനെ തുടർന്ന് കുടുംബം ഇനി സൈക്കിൾ ഓടിക്കേണ്ടെന്ന് നിർദേശിക്കുകയായിരുന്നു.
ഭക്ഷണത്തിനായി തന്റെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ലു ചെലവഴിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പരിചരണത്തിനായി രണ്ടുപേരെ മക്കൾ ഏർപ്പെടുത്തിയിട്ടുമുണ്ട്. എപ്പോഴും നല്ല വിശപ്പുള്ള ലു ഒരു നേരം പകുതി പാത്രം ചോറിനൊപ്പം ഒരു പ്ലേറ്റ് നിറയെ ഞണ്ടും കഴിക്കാറുണ്ടെന്നും പരിചാരിക പറയുന്നു.
ലുവിന്റെ ഫ്രിഡ്ജിൽ ശീതളപാനീയങ്ങൾ എപ്പോഴും ഉണ്ടാകും. തണുപ്പിച്ച പാനീയങ്ങളിൽ അൽപം വൈറ്റ് വൈൻ ചേർത്ത് കുടിക്കാനാണ് ലുവിന് കൂടുതൽ താൽപര്യം. തണ്ണിമത്തൻ, മന്ദാരിൻ ഓറഞ്ച് തുടങ്ങിയ മധുരമുള്ള പഴങ്ങളും അദ്ദേഹത്തിന്റെ ഇഷ്ടവിഭവങ്ങളാണ്.
രാവിലെ നാലിന് ഉണരും; രാത്രി എട്ടിന് ഉറക്കം
ഭക്ഷണരീതിക്കു പുറമെ കൃത്യമായ ദിനചര്യയും ലു പിന്തുടരുന്നുണ്ട്. വൈകീട്ട് അഞ്ചുമണിയോടെ അത്താഴം കഴിക്കും. രാത്രി എട്ടുമണിയോടെ ഉറങ്ങാൻ കിടക്കും. പുലർച്ചെ നാലുമണിയോടെ ഉണരുമെങ്കിലും കിടക്കയിൽ വിശ്രമത്തിനായി രണ്ടുമണിക്കൂർ ചെലവഴിച്ച ശേഷം രാവിലെ ആറുമണിയോടെയാണ് എഴുന്നേൽക്കുന്നത്. ഉച്ചക്കും അൽപനേരം ഉറങ്ങും.
തന്റെ പ്രായത്തിനനുസരിച്ച് നല്ല ആരോഗ്യം തനിക്കുണ്ടെന്ന് ലു പറയുന്നു. ചെറുപ്പകാലത്തെ ഓർമകൾ വ്യക്തമായി ലു ഓർത്തെടുക്കുന്നു. അപൂർവമായാണ് അസുഖം വരാറുള്ളത്. ലുവിന് രക്തസമ്മർദം താരതമ്യേന കുറവാണ്.
ഷെജിയാങ് പ്രവിശ്യയിൽ 100 വയസ്സും അതിനുമുകളിൽ പ്രായമുള്ളവർക്കും പ്രതിമാസം 800 യുവാൻ (ഏകദേശം 120 യു.എസ് ഡോളർ) ലഭിക്കുന്നു. ഇതിൽ ലു ഏറെ സംതൃപ്തനാണ്. 90നും 99നും ഇടയിൽ പ്രായമുള്ളവർക്ക് 100 യുവാനാണ് പ്രതിമാസ സഹായം.
സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ജീവിതശൈലി
പഞ്ചസാര അടങ്ങിയ ശീതളപാനീയങ്ങൾ പതിവായി കുടിക്കുന്ന ഒരാൾ 101 വയസ്സിലും ആരോഗ്യത്തോടെ ജീവിക്കുന്നതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് പ്രതികരണവുമായെത്തിയത്. ശീതളപാനീയങ്ങൾ കുടിച്ചിട്ടും 101 വയസ്സിലെത്തിയത് ചില ആരോഗ്യവിദഗ്ധരെ അസ്വസ്ഥരാക്കുമെന്നായിരുന്നു ഒരാളുടെ തമാശരൂപത്തിലുള്ള പ്രതികരണം.
നല്ല മാനസികാവസ്ഥയും കൃത്യമായ ഉറക്കക്രമവുമാണ് ലുവിന്റെ ദീർഘായുസ്സിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. ഓരോ വ്യക്തിയുടെയും ശാരീരിക പ്രത്യേകതകൾ ദീർഘായുസ്സിൽ വലിയ പങ്കുവഹിക്കാമെന്നും ജീവിതശൈലിയിലെ ഒരു ശീലം മാത്രം അതിന്റെ കാരണമായി കാണാനാവില്ലെന്നും മറ്റൊരാൾ ചൂണ്ടിക്കാട്ടി.
ലുവിന്റെ ജീവിതശൈലി കൗതുകമുണർത്തുന്നുണ്ടെങ്കിലും, കൊക്കക്കോളയോ മറ്റ് പഞ്ചസാര അടങ്ങിയ പാനീയങ്ങളോ കുടിക്കുന്നത് ഒരിക്കലും ദീർഘായുസ്സ് വർധിപ്പിക്കില്ല. കടൽവിഭവങ്ങൾ ഉൾപ്പെടുന്ന ഭക്ഷണരീതിയും ചിട്ടയായ ഉറക്കക്രമവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാണെന്നത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.