കണ്ണുംപൂട്ടി ഭക്ഷണം കഴിക്കരുത്; ഷിഗെല്ല വ്യാപനം വീണ്ടും, ഇന്നലെ മാത്രം 11 കേസുകൾ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗം വ്യാപിക്കുന്നു. ഇന്നലെ മാത്രം വിവിധ ജില്ലകളിലായി 11 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് ചികിത്സ തേടിയ രണ്ടു പേർക്ക് രോഗം സംശയിക്കുകയും ചെയ്യുന്നുണ്ട്. ഇത്തവണ തൃശൂർ ജില്ലയിലാണ് രോഗം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 14-ന് മാത്രം ജില്ലയിൽ എട്ടു പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. കോഴിക്കോട് ജില്ലയിലാണ് മറ്റ് കേസുകൾ. 12-ന് ആറ് പേർക്കും 11-ന് ഏഴ് പേർക്കും സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഈ മാസം 14 വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. ഇത് കഴിഞ്ഞ മാസത്തേക്കാൾ വളരെ കൂടുതലാണ്. കഴിഞ്ഞ മാസം 32 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. സംസ്ഥാനത്ത് ഈ വർഷം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 531 ആയി ഉയർന്നു. എട്ട് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. 116 പേർക്ക് രോഗം സംശയിക്കുകയും ചെയ്യുന്നുണ്ട്. ശുചിത്വമില്ലാത്ത ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് രോഗം മനുഷ്യനിലേക്ക് പകരുന്നത്. അതിനാൽ ഭക്ഷണത്തിലും വെള്ളത്തിലും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഷിഗെല്ല

ഷിഗെല്ല ബാക്ടീരിയകളാണ് രോഗം പടർത്തുന്നത്. ഇ.കോളിയുമായി ജനിതകമായി അടുത്ത ബന്ധമുള്ള ബാക്ടീരിയയുടെ ഒരു ജനുസ്സാണ് ഷിഗെല്ല. പ്രാഥമികമായി ഇത് വയറിനെയും കുടലിനെയുമാണ് ബാധിക്കുന്നത്. രോഗം മൂർച്ഛിച്ചാൽ തലച്ചോറിനെയും ബാധിക്കും. ഇതാണ് ഷിഗെല്ല എൻകെഫലൈറ്റിസ് (Shigella Encephalitis). തുടർച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന നിർജലീകരണം "ഷോക്ക്" (ശരീരത്തിലെ സുപ്രധാന അവയവങ്ങളിലേക്കും കോശങ്ങളിലേക്കും ആവശ്യത്തിന് രക്തമോ ഓക്സിജനോ ലഭിക്കാതെ വരുന്ന ജീവന് ഭീഷണിയായ മെഡിക്കൽ അവസ്ഥയാണ് ഷോക്ക്) എന്ന അവസ്ഥയിലേക്കും, മരണത്തിലേക്കും വരെ നയിച്ചേക്കാം.

ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന ഈ രോഗം, വളരെ പെട്ടെന്ന് മറ്റുള്ളവരിലേക്ക് പകരും. ഷിഗെല്ല ബാക്ടീരിയ പ്രധാനമായും ഫീക്കൽ-ഓറൽ പാതയിലൂടെയാണ് പടരുന്നത്. അതായത് രോഗബാധിതനായ ഒരാളുടെ മലത്തിലൂടെ പുറത്തുവരുന്ന ബാക്ടീരിയകൾ മറ്റൊരാളുടെ ഉള്ളിലെത്തുമ്പോഴാണ് രോഗമുണ്ടാകുന്നത്. ശരിയായി ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം കുടിക്കുന്നതിലൂടെയോ അത്തരം വെള്ളത്തിൽ കുളിക്കുന്നതിലൂടെയോ രോഗം പകരാം. സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാകാൻ സാധ്യതയുള്ള ഒന്നായതുകൊണ്ട് തന്നെ തുടക്കത്തിലേ തിരിച്ചറിയുന്നതും കൃത്യമായ ചികിത്സ തേടുന്നതും രോഗം പടരുന്നത് തടയാൻ സഹായിക്കും.

പടരുന്നത് എങ്ങനെ?

ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ മനുഷ്യ ശരീരത്തിൽ എത്തുന്നത്. പഴകിയതും ചൂടാക്കിയതുമായ ഭക്ഷണങ്ങൾ, വൃത്തിയില്ലാത്ത വെള്ളം, പെട്ടെന്ന് കേടാകുന്ന മയോണൈസ്, ബേക്കറി പലഹാരങ്ങൾ, സാലഡുകൾ എന്നിവയിലൂടെയാണ് ഷിഗെല്ല ബാക്ടീരിയ ശരീരത്തിനുള്ളിലെത്തുന്നത്. കുടലിനെയാണിത് പ്രധാനമായും ബാധിക്കുന്നത്. ഏത് പ്രായക്കാരെയും ബാധിക്കാമെങ്കിലും കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നത്.

ലക്ഷണങ്ങൾ

ശക്തമായ പനി, വയറുവേദന, വയറിളക്കം, രക്തക്കലർപ്പുള്ള മലം എന്നിവയാണ് പ്രധാനപ്പെട്ടവ. ഷിഗെല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നതിനാലാണ് രക്തക്കലർപ്പ് ഉണ്ടാകുന്നത്. അസുഖം മൂർച്ഛിച്ചാൽ തലച്ചോറിനെ ബാധിക്കുകയും രക്തസമ്മർദ്ദം താഴുകയും ചെയ്യും. തലച്ചോറിനെ ബാധിച്ചാൽ അപസ്മാരവും ബോധക്ഷയവും വരാം. രോഗം ഗുരുതരമാവുകയും ചികിത്സ ലഭിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് മരണം സംഭവിക്കുന്നത്. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടുന്നതിലൂടെ രോഗം മാരകമാകുന്നത് തടയാം.

പ്രതിരോധ മാർഗങ്ങൾ

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വൃത്തിയുള്ള ഭക്ഷണം മാത്രം കഴിക്കുക, വെൽക്കം ഡ്രിങ്കിന്റെ ഉപയോഗം ഒഴിവാക്കുക. പകരം ചായ, കാപ്പി, ചൂടുള്ള മറ്റ് പാനീയങ്ങൾ എന്നിവ നൽകാം. പാകം ചെയ്ത ഭക്ഷണം ഉടനെ കഴിക്കുക. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളിൽ ഈച്ചശല്യം ഒഴിവാക്കുകയും ഭക്ഷണ പദാർഥങ്ങൾ ശരിയായി മൂടി വയ്ക്കുകയും ചെയ്യുക. ഭക്ഷണം ഫ്രിഡ്ജിൽ വെച്ചും പുറത്തെടുത്തും പലതവണ ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. ആഹാരത്തിന് മുൻപും ശൗചാലയം ഉപയോഗിച്ച ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. കുട്ടികളുടെ മലം ശുചിമുറിയിൽ മാത്രം കളയുക. ശുചിമുറി മാലിന്യങ്ങൾ കുടിവെള്ള സ്രോതസ്സുമായി കലരാതെ ശ്രദ്ധിക്കണം. കിണറുകളിലെ വെള്ളം പരിശോധിച്ച് അണുവിമുക്തമാക്കണം.

ചികിത്സ പ്രധാനം

വയറിളക്കത്തിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയായ നിർജലീകരണം സംഭവിച്ച് മരണകാരണമായേക്കാം. വയറിളക്ക രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ പാനീയ ചികിത്സ തുടങ്ങണം. ഇതിനായി ഒ.ആർ.എസ് ലായനി, ഉപ്പിട്ട കട്ടിയുള്ള കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ ഇടയ്ക്കിടെ നൽകുകയും യഥാസമയം ചികിത്സ തേടുകയും വേണം

Tags:    
News Summary - Shigella outbreak again, 11 cases yesterday alone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.