ബ്രഡ് ബോക്സ്


ഇനി ഇഫ്താർ വിരുന്നുകൾക്ക് രുചിയേറും

ബ്രഡ് ബോക്സ്

ചേരുവകൾ

1. പാൽ -മുക്കാൽ കപ്പ്

2. കോൺഫ്ലവർ -ഒന്നര ടേബിൾ സ്പൂൺ

3. പഞ്ചസാര -3 ടീസ്പൂൺ

4. വാനില എസൻസ് -ഒരു ടീസ്പൂൺ

5. ബ്രഡ് സ്ലൈസ് ചെയ്തത് -10 എണ്ണം

6. സേമിയ (കനം കുറഞ്ഞത്) -കാൽ കപ്പ്

7. മുട്ട -1

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ പാലൊഴിച്ച് തിളപ്പിക്കാൻ വെക്കുക. കുറച്ച് പാലിൽ കോൺഫ്ലവർ ചേർത്തിളക്കി തിളച്ചുവരുന്ന പാലിലേക്ക് ഒഴിച്ച് പഞ്ചസാരയും വാനില എസൻസും ചേർത്ത് ചെറുതീയിൽ ഇളക്കി കുറുക്കിയെടുക്കാം. ഫില്ലിങ് തയാർ.

ശേഷം ബ്രഡ് സ്ലൈസ് എടുത്ത് അതിന്‍റെ നടുവിലായി ഒരു ടേബിൾ സ്പൂൺ ഫില്ലിങ് വെച്ച് അതിന് മുകളിലായി അടുത്ത ബ്രഡ് വെച്ച് വീതിയുള്ള ഗ്ലാസ് വെച്ച് വട്ടത്തിൽ മുറിച്ചെടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ രണ്ടു ബ്രഡും ഒട്ടുകയും നല്ലൊരു ഷേപ്പ് കിട്ടുകയും ചെയ്യും.

പിന്നീട് ഒരു പാത്രത്തിൽ ഒരു മുട്ട പൊട്ടിച്ചൊഴിച്ച് ഒരു സ്പൂൺ പഞ്ചസാരയും ഏലക്കാപൊടിയും ചേർത്ത് നന്നായി അടിച്ചെടുക്കാം. തുടർന്ന് തയാറാക്കിവെച്ച ബ്രഡ് മുട്ടയിൽ മുക്കി സേമിയയിൽ പൊതിഞ്ഞെടുക്കാം. ഒരു പാനിൽ നെയ്യൊഴിച്ച് ചൂടായശേഷം മീഡിയം തീയിൽ രണ്ടുഭാഗവും ഫ്രൈ ചെയ്തെടുക്കാം.

തക്കാര റോൾ


തക്കാര റോൾ

ചേരുവകൾ

1. മൈദ -ഒരു കപ്പ്

2. മുട്ട -1

3. വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ

4. ചെറിയ ജീരകം -കാൽ ടീസ്പൂൺ

5. സവാള -2 എണ്ണം

6. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ

7. പച്ചമുളക് -3 എണ്ണം

8. കറിവേപ്പില -ആവശ്യത്തിന്

9. മല്ലിയില -ഒരുപിടി

10. മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

11. മുളകുപൊടി -ഒരു ടീസ്പൂൺ

12. ചിക്കൻ മസാല -മുക്കാൽ ടീസ്പൂൺ

13. കടലപ്പൊടി -3 ടേബിൾ സ്പൂൺ

14. വെള്ളം -ഒരു കപ്പ്

15. ഉപ്പ് -പാകത്തിന്

16. ബ്രഡ് പൊടി -അര കപ്പ്

17. ഓയിൽ -പൊരിക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ചെറിയ ജീരകം ഇട്ട് പൊട്ടുമ്പോൾ സവാള ചേർത്ത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും പച്ചമുളകും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റാം. ഇതിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി, ചിക്കൻ മസാല, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റണം. കടലമാവും ചേർത്ത് വഴറ്റി അവസാനം കുറച്ച് മല്ലിയിലയും ചേർത്തിളക്കി മാറ്റിവെക്കാം. ഫില്ലിങ് തയാർ.

ശേഷം മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് അതിലേക്ക് മൈദ, മുട്ട, ഉപ്പ് എന്നിവ ചേർത്ത് അടിച്ചെടുക്കാം. കട്ടിയില്ലാത്ത മാവാണ് വേണ്ടത്. ഒരു ഫ്രൈപാൻ ചൂടാക്കിയ ശേഷം ദോശ ചുട്ടെടുക്കാം. തുടർന്ന് ചൂടോടെ ദോശയുടെ നടുവിലായി നീളത്തിൽ ഫില്ലിങ് വെച്ച് രണ്ടുവശവും മടക്കി ഫില്ലിങ് പുറത്തേക്ക് കാണാത്തവിധം റോൾ ചെയ്തെടുക്കാം.

മറ്റൊരു പാത്രത്തിൽ രണ്ടു സ്പൂൺ മൈദയും കുറച്ച് വെള്ളവും ചേർത്ത് ലൂസായിട്ടുള്ള ബാറ്റർ ഉണ്ടാക്കി റോളിന്‍റെ രണ്ട് വശവും അതിൽ മുക്കി ബ്രഡ് ക്രംസിൽ പൊതിയാം. ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടായാൽ കറിവേപ്പില ചേർത്ത് ഓരോ റോളും ഫ്രൈ ചെയ്തെടുക്കാം.

ബ്രഡ് കോക്കനറ്റ് പോള


ബ്രഡ് കോക്കനറ്റ് പോള

ചേരുവകൾ

1. ബ്രഡ് സ്ലൈസ് ചെയ്തത് -4 എണ്ണം

2. തേങ്ങ -അര കപ്പ്

3. നെയ്യ് -മൂന്ന് ടേബിൾ സ്പൂൺ

4. അണ്ടി, മുന്തിരി -ആവശ്യത്തിന്

5. പഞ്ചസാര -കാൽ കപ്പ് + 3 ടേബിൾ സ്പൂൺ

6. മുട്ട -4 എണ്ണം

7. ഏലക്കാപൊടി -അര ടീസ്പൂൺ

8. പാൽ -കാൽ കപ്പ്

തയാറാക്കുന്ന വിധം

ഒരു പാൻ ചൂടാക്കി നെയ്യൊഴിച്ച് ചൂടായി വരുമ്പോൾ അണ്ടിയും മുന്തിരിയും ചേർത്ത് വറുക്കാം. അതിലേക്ക് തേങ്ങ, രണ്ടര ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് നന്നായി വഴറ്റിയെടുക്കാം. തേങ്ങ ചെറുതായിട്ട് കളർ മാറിവന്നാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ശേഷം ഒരു ബൗളിൽ മുട്ട, കാൽകപ്പ് പഞ്ചസാര, ഏലക്കാപൊടി എന്നിവ ചേർത്ത് നന്നായി അടിച്ചെടുത്ത ശേഷം പാൽ മിക്സ് ചെയ്തെടുക്കാം. ബ്രഡ് മിക്സിയിലിട്ട് പൊടിച്ചെടുത്ത് ഇതിലേക്ക് ചേർക്കണം.

വറുത്തുവെച്ച തേങ്ങയുടെ മുക്കാൽ ഭാഗവും ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യുക. ഒരു കടായി അടുപ്പിൽവെച്ച് ചൂടായി വരുമ്പോൾ കുറച്ച് നെയ്യ് ബ്രഷ് ചെയ്ത് നേരത്തേ തയാറാക്കിയ മിക്സ് ചേർത്ത് മുകൾഭാഗം ലെവൽ ചെയ്യാം. അതിന് മുകളിലായി ബാക്കിയുള്ള തേങ്ങ വിതറി അടച്ചുവെച്ച് ചെറിയ തീയിൽ 20 മിനിറ്റ് വേവിച്ചെടുക്കാം.

ബ്രഡ് പക്കാവട


ബ്രഡ് പക്കാവട

ചേരുവകൾ

1. ബ്രഡ് സ്ലൈസ് ചെയ്തത് -4 എണ്ണം

2. സവാള -1

3. ഇഞ്ചി -ചെറിയ കഷണം (ചെറുതായി കൊത്തിയരിഞ്ഞത്)

4. കറിവേപ്പില -പാകത്തിന്

5. മല്ലിയില -3 അല്ലി

6. പച്ചമുളക് -3 എണ്ണം

7. മുളകുപൊടി -മുക്കാൽ ടേബിൾ സ്പൂൺ

8. മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

9. ഗരംമസാല -കാൽ ടേബിൾ സ്പൂൺ

10. ഉപ്പ് -പാകത്തിന്

11. കായം -ഒരു നുള്ള്

12. കടലപ്പൊടി -5 ടേബിൾ സ്പൂൺ

13. അരിപ്പൊടി -ഒരു ടേബിൾ സ്പൂൺ

14. ഓയിൽ -പൊരിക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

ബ്രഡ് മിക്സിയിലിട്ട് പൊടിച്ചെടുക്കാം. ഒന്നുമുതൽ 11 വരെയുള്ള ചേരുവകൾ കൈകൊണ്ട് നന്നായിട്ട് തിരുമ്മിയെടുക്കണം. ​ശേഷം കടലപ്പൊടി, അരിപ്പൊടി എന്നിവ ചേർത്ത് പാകത്തിന് വെള്ളമൊഴിച്ച് കട്ടിയുള്ള മാവാക്കി മിക്സ് ചെയ്തെടുക്കാം. വെള്ളം കൂടിപ്പോകരുത്.

ഒരു പാൻ അടുപ്പിൽവെച്ച് ഓയിൽ ഒഴിച്ച് നന്നായി ചൂടായി വരുമ്പോൾ ചെറിയ ഉരുളകളായി എണ്ണയിലിട്ട് ​ഫ്രൈ ചെയ്തെടുക്കാം.

എഗ്ഗ് ലോലിപോപ്പ്


എഗ്ഗ് ലോലിപോപ്പ്

ചേരുവകൾ

1. പുഴുങ്ങിയ മുട്ട -2 എണ്ണം

2. സവാള -പകുതി

3. പച്ചമുളക് -1

4. കറിവേപ്പില -പാകത്തിന്

5. മല്ലിയില -പാകത്തിന്

6. ഉപ്പ് -ആവശ്യത്തിന്

7. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ

8. കുരുമുളകുപൊടി -ഒരു ടേബിൾ സ്പൂൺ

9. ഗരംമസാല -അര ടേബിൾ സ്പൂൺ

10. മൈദ -ഒരു ടേബിൾ സ്പൂൺ

11. ബ്രഡ് ക്രംസ് -അരക്കപ്പ്

12. ഓയിൽ -പൊരിക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

പുഴുങ്ങിയ മുട്ട ഗ്രൈറ്റർ ഉപയോഗിച്ച് പൊടിയായി അരിഞ്ഞെടുക്കാം. അതിലേക്ക് രണ്ടു മുതൽ 10 വരെയുള്ള ചേരുവകൾ ചേർത്ത് കൈകൊണ്ട് നന്നായി യോജിപ്പിച്ചെടുക്കണം. ഇതിൽനിന്ന് ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കാം.

മറ്റൊരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ മൈദയിലേക്ക് കുറച്ച് വെള്ളം ചേർത്ത് ലൂസായിട്ടുള്ള ബാറ്റർ ഉണ്ടാക്കാം. തയാറാക്കിവെച്ച ഓരോ ഉരുളകളും ഈ ബാറ്ററിൽ മുക്കി ബ്രഡ് ക്രംസിൽ പൊതിഞ്ഞെടുക്കാം.

ശേഷം ചൂടായ എണ്ണയിൽ​ ഫ്രൈ ചെയ്തെടുക്കണം. ഓരോന്നിലും ടൂത്ത്‍പിക് വെച്ച് കൊടുത്ത ശേഷം എഗ്ഗ് ലോലിപോപ്പ് വിളമ്പാം.




Tags:    
News Summary - Let's prepare delicious snacks for Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.