യൂട്യൂബേഴ്സിന്‍റെ സൈബർ ആക്രമണങ്ങളും അധിക്ഷേപ ഉള്ളടക്കവും കാരണം മാനസിക സമ്മർദത്തിലാണെന്ന് തുറന്ന് പറഞ്ഞ സീരിയൽ നടി രേഖ രതീഷ് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇൻസ്റ്റഗ്രാം വിഡിയോ വഴിയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ചില യൂട്യൂബേഴ്സ് മോശം കാപ്ഷനുകളും മറ്റും നൽകി അപകീർത്തിപ്പെടുത്തുന്നു എന്നും ഇതുണ്ടാക്കുന്ന മാനസിക സമ്മർദം താങ്ങാൻ കഴിയുന്നില്ലെന്നും രേഖ മുമ്പ് തുറന്ന്പറഞ്ഞിരുന്നു. താൻ മാത്രമല്ല, സഹതാരങ്ങളും സമാന പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ഇതിനെതിരെ മുഖ്യമന്ത്രിയും സർക്കാറും നടപടി സ്വീകരിക്കണം എന്നുമായിരുന്നു രേഖ ആവശ്യപ്പെട്ടത്.
തന്നെ മാനസികമായി തളർത്തിയ യൂട്യൂബ് ചാനലുകളുടെ പേരുകളും പുതിയ വിഡിയോയിൽ താരം പറയുന്നുണ്ട്. മറുനാടന്‍ മലയാളി, എബ ഡിബേറ്റ്, സിനി ലൈഫ്, കക്കിരി ആൻഡ് ഫാമിലി തുടങ്ങിയ ചാനലുകളുടെ പേരാണ് താരം വെളിപ്പെടുത്തിയത്. രേഖക്ക് പിന്തുണ അറിയിച്ച് നിരവധി പേരാണ് കമന്‍റ് ചെയ്തിരിക്കുന്നത്. ഇത്തരം യൂട്യൂബ് ചാനലുകളെ ആളുകൾ ബഹിഷ്കരിക്കണമെന്നും കമന്‍റുകൾ വന്നു.
എന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാ മനുഷ്യര്‍ക്കും ഒരായിരം നന്ദി ഞാൻ രേഖപ്പെടുത്തുന്നു. ഇത്രയും പേര്‍ എനിക്ക് വേണ്ടി ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതല്ല. ഒരുപാട് സന്തോഷം തോന്നി. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ സാറിനും പ്രദീപ് സാറിനും ശശി സാറിനും പ്രത്യേകം നന്ദി അറിയിക്കുന്നു. ഇന്നലെ മൂന്ന് മണിക്ക് ഞാന്‍ സി. എം ഓഫീസില്‍ ചെന്നു. എന്‍റെ പരാതികള്‍ അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ പ്രിയപ്പെട്ട യുട്യൂബേഴ്സ്, ഞാന്‍ എല്ലാ യുട്യൂബേഴ്സെന്നും പറഞ്ഞിട്ടില്ല. ഒരു കൂട്ടം യുട്യൂബേഴ്സ് എന്നാണ് പറഞ്ഞിരിക്കുന്നത്. അപ്പോഴത്തെ മാനസികാവസ്ഥ എന്നെ അങ്ങനെയാകാം പറയിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. അതാരെയെങ്കിലും നോവിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു.
മനഃപൂര്‍വ്വം ചെയ്തതല്ല ആ വീഡിയോ. ആ നിമിഷം ആരോടെങ്കിലും പറഞ്ഞാല്‍ അമ്മക്ക് ആ പ്രഷര്‍ മാറുമെന്ന് മകന്‍ പറഞ്ഞപ്പോള്‍, എനിക്ക് ആരും ഇല്ലാത്തത് കൊണ്ട് പെട്ടെന്ന് എന്‍റെ മുന്നില്‍ വന്ന മുഖം മുഖ്യമന്ത്രിയുടേത് ആയിരുന്നു. അതെന്‍റെ അവസാന ഹോപ്പ് ആയിരുന്നു. അങ്ങനെയാണ് ഞാനത് ട്രൈ ചെയ്തത്. ഇന്‍സ്റ്റ മുഖേനയാണോ ഇതൊക്കെ അറിയിക്കേണ്ടതെന്ന് പലരും ചോദിച്ചു. അങ്ങനെ അല്ലെന്ന് എനിക്കറിയാം.
വര്‍ഷങ്ങളോളം കമ്മീഷണര്‍ ഓഫീസും പൊലീസ് സ്റ്റേഷനും കയറി ഇറങ്ങിയിട്ടുണ്ട്. അതുകൊണ്ടൊന്നും നേട്ടം ഉണ്ടായിട്ടില്ല. ഇതെല്ലാം തള്ളിക്കളഞ്ഞ് ഞാന്‍ എന്‍റെ മകനുമായി ജീവിച്ച് പൊയ്ക്കോണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി എനിക്ക് താങ്ങാവുന്നതിനും അപ്പുറമായി കാര്യങ്ങള്‍. മറുനാടന്‍ മലയാളി, എബ ഡിബേറ്റ്, സിനി ലൈഫ് എന്നിവരാണ് എനിക്കെതിരെ വീഡിയോ ചെയ്തത്. ഇതില്‍ മറുനാടനും സിനി ലൈഫുമാണ് എനിക്കെതിരെ വിത്തുകള്‍ പാകിയത്. 14 വര്‍ഷം മുന്‍പ് ആത്മഹത്യയിലേക്ക് എന്നെ എത്തിച്ചതാണ് വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്. എബ ഡിബേറ്റിലെ രണ്ട് പെണ്‍കുട്ടികള്‍ വന്നിരുന്ന് പറയുന്ന കാര്യങ്ങളും വാക്കുകളും നിങ്ങള് കണ്ടുനോക്കൂ. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു അത്. ഞാനും മകനും വളരെയധികം വേദനിച്ച വീഡിയോ ആയിരുന്നു അത്.
അതുപോലെ കക്കിരി ആന്‍റ് ഫാമിലി. ബ്രദറേ.. ഞാന്‍ നിങ്ങളോട് എന്ത് ചെയ്തിട്ടാ? സാരി മാറ്റുന്നത് പോലെയെന്ന് മകന്‍ ചോദിച്ചാല്‍ ഞാൻ എന്ത് പറഞ്ഞ് കൊടുക്കണം. ദൈവത്തെ ഓർത്ത് ഒരു നന്മയും ഞങ്ങൾക്ക് ചെയ്യണ്ട. പക്ഷേ പ്ലീസ് ജീവിക്കാന്‍ അനുവദിക്കൂ. ഞാനും എന്‍റെ മകനും ഈ കൊച്ചു കേരളത്തില്‍ ജീവിച്ച് പൊക്കോട്ടേ. ദൈവത്തെ ഓര്‍ത്ത് ഉപദ്രവിക്കാന്‍ വരരുത്.
എന്നെ സപ്പോര്‍ട്ട് ചെയ്തവരോട് നന്ദി. അവരോട് ഞാന്‍ സംസാരിച്ചിട്ടുണ്ട്. ഒരുപാട് നന്ദി. എന്‍റെ സഹപ്രവര്‍ത്തകരെയും ക്രൂരമായി ക്രൂശിക്കുന്ന തമ്പ് നെയിലുകള്‍ ഇട്ട് ഞങ്ങളെ ഉപദ്രവിക്കരുത്. ഞങ്ങളും ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന പാവപ്പെട്ടവര്‍ തന്നെയാണ്. അന്നന്നുള്ള വരുമാനത്തില്‍ ജീവിച്ച് പോകുന്നവരാണ്. ഞങ്ങളെ തകര്‍ക്കാനോ മനസിക സമ്മര്‍ദത്തിലാക്കാനോ ശ്രമിക്കരുത്. ഇതൊരു അഭ്യര്‍ത്ഥനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.