അഡ്വ. കെ.എ. ആബിദ് അലി, റാപ്പർ വേടൻ
കൊച്ചി: ഡൽഹിയിലെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊച്ചിയിൽ റാപ്പർ വേടന്റെ നേതൃത്വത്തിൽ നടന്ന പരിപാടിക്കെതിരെ പൊലീസ് കേസെടുത്തതിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ്. ജനാധിപത്യ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ കേരളത്തിൽ കേസെടുക്കുന്നത് കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാറിനെക്കുറിച്ച് തെറ്റായ രാഷ്ട്രീയ സന്ദേശം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.എ. ആബിദ് അലി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഡൽഹിയിൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തു എന്നിരിക്കെ, അവിടെ നൽകിയ ജനാധിപത്യ പിന്തുണ കേരളത്തിലെ സമരങ്ങൾക്കും ബാധകമല്ലേ എന്ന ചോദ്യം ഉയരാതിരിക്കണമെങ്കിൽ, സർക്കാർ ഈ വിഷയത്തിൽ പുനർവിചാരം നടത്തി കേസ് പിൻവലിക്കണം. ഡൽഹിയിൽ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നുവരുന്നതും ആബിദ് അലി ചൂണ്ടിക്കാട്ടി.
റാപ്പർ വേടന്റെ നേതൃത്വത്തിൽ എറണാകുളത്ത് നടന്ന സി.ജെ.പി അനുകൂല പരിപാടിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്. വാർത്ത ശരിയാണെങ്കിൽ ആ കേസുകൾ പിൻവലിക്കാൻ കേരള സർക്കാർ തയാറാകണം.
ജനാധിപത്യത്തിൽ സമാധാനപരമായ പ്രതിഷേധവും ഐക്യദാർഢ്യ പ്രകടനവും ഒരു കുറ്റകൃത്യമല്ല. അഭിപ്രായ സ്വാതന്ത്ര്യവും പ്രതിഷേധിക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന അവകാശങ്ങളാണ്.
ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർഥികൾക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഒത്തുചേർന്നപ്പോൾ, ആ സമരത്തെ രാജ്യം മുഴുവൻ എങ്ങനെയാണ് കണ്ടതെന്നും അതിനോട് കേന്ദ്ര സർക്കാരും ഡൽഹി പൊലീസും സ്വീകരിച്ച നിലപാടുകൾക്കെതിരെ എത്ര വലിയ ജനാധിപത്യ പ്രതിഷേധമാണ് ഉയർന്നതെന്നും കേരള സർക്കാർ മറക്കരുത്.
ആ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തു എന്നതും ശ്രദ്ധേയമാണ്.
സമരക്കാരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തയാറാകുമ്പോൾ, സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്ന ആവശ്യവും ശക്തമായി ഉയർന്നിരുന്നു.
രാജ്യത്ത് ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ ജനങ്ങൾ ഒന്നിച്ചുനിൽക്കുന്ന ഈ ഘട്ടത്തിൽ, സമാനമായ ജനാധിപത്യ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ കേരളത്തിൽ കേസെടുക്കുന്നത് കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാറിനെക്കുറിച്ച് തെറ്റായ രാഷ്ട്രീയ സന്ദേശമാണ് നൽകുക.
ഡൽഹിയിലെ സമരത്തിന് നൽകിയ ജനാധിപത്യ പിന്തുണ കേരളത്തിലെ സമരങ്ങൾക്കും ബാധകമല്ലേ എന്ന ചോദ്യം ഉയരാതിരിക്കണമെങ്കിൽ, സർക്കാർ ഈ വിഷയത്തിൽ പുനർവിചാരം നടത്തി കേസ് പിൻവലിക്കണം.
റാപ്പർ വേടന്റെ നേതൃത്വത്തിൽ നടന്ന ‘ആസാദി: പാട്ടും പ്രതിഷേധവും’ പരിപാടിക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്ത്. പനമ്പള്ളി നഗർ സെൻട്രൽ പാർക്കിൽ അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചെന്നും ആരോപിച്ചാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.