സി.പി.എം ഇല്ലെങ്കിൽ കേരളം ഉണ്ടാവില്ല, ഇടതുപക്ഷം ദുർബലപ്പെട്ടാൽ ലോകം നശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇ.പി. ജയരാജൻ
കോഴിക്കോട്: സി.പി.എം ഇല്ലെങ്കിൽ കേരളം എന്ന സങ്കൽപ്പം തന്നെ ഇല്ലാതാകുമെന്നും നാടിന്റെ നിലനിൽപ്പ് പൂർണ്ണമായും ഇടതുപക്ഷത്തിലാണെന്നും മുതിർന്ന സി.പി.എം നേതാവ് ഇ.പി. ജയരാജൻ. ഇടതുപക്ഷം ദുർബലമായാൽ ലോകം തന്നെ വിനാശത്തിലേക്ക് നീങ്ങുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോവിയറ്റ് യൂണിയന്റെ പതനവും ആഗോളതലത്തിൽ ഇടതുപക്ഷത്തിന് സംഭവിച്ച അപ്രതീക്ഷിത തിരിച്ചടികളുമാണ് ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അമേരിക്കയിൽ വലതുപക്ഷ തീവ്ര നിലപാടുകാരാണ് ഇപ്പോൾ ഭരണത്തിലിരിക്കുന്നത്. ഈ ഒരു പ്രത്യേക സാഹചര്യത്തിൽ ഇടതുപക്ഷത്തെ കൂടുതൽ കരുത്തുറ്റതാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ ഇടതുപക്ഷത്തിന് കോട്ടം തട്ടിയാൽ ഈ നാട് തന്നെ തകർന്നടിയുമെന്ന മുന്നറിയിപ്പും ഇ.പി. ജയരാജൻ നൽകി. അതിനാൽ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തേണ്ടത് കമ്മ്യൂണിസ്റ്റുകാരുടെ മാത്രം ബാധ്യതയല്ല. നാടിന്റെ പുരോഗതിയും ജനങ്ങളുടെ സുരക്ഷയും ആഗ്രഹിക്കുന്ന ഓരോ പൗരനും അതിനായി മുന്നോട്ടുവരണം. ഇടതുപക്ഷത്തിനും മുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.എമ്മിനും കരുത്ത് പകരാൻ ജനങ്ങൾ തയ്യാറാകണമെന്നും ശരിയായ നിലപാടുകൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
പാർട്ടി എക്കാലത്തും ജനങ്ങൾക്കിടയിലാണുള്ളതെന്നും ആ ബന്ധം സി.പി.എമ്മിന് കൂടുതൽ ഊർജ്ജം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന കമ്മിറ്റിയിലേക്ക് കൂടുതൽ യുവാക്കൾ കടന്നുവരുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, തങ്ങളുൾപ്പെടെയുള്ള മുൻനിര നേതാക്കളെല്ലാം വളരെ ചെറുപ്പത്തിൽ തന്നെ പ്രസ്ഥാനത്തിലേക്ക് എത്തിയവരാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.