വയോജനങ്ങളുടെ പരിചരണത്തിനും സംരക്ഷണത്തിനുമായി സമഗ്ര നിയമനിർമാണവുമായി കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ വയോജനങ്ങളുടെ പരിചരണം, ക്ഷേമം, അന്തസ്സ്, അവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനായി തയ്യാറാക്കുന്ന കേരള സംസ്ഥാന വയോജന (പരിചരണവും അവകാശ സംരക്ഷണവും) ബിൽ, 2026 സംബന്ധിച്ച് മുഖ്യമന്ത്രി അവലോകന യോഗം നടത്തി. ബില്ലിന്റെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും നിയമ നിർമാണവുമായി സംസ്ഥാന സർക്കാർ ഉടൻ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിന്റെ മാറിവരുന്ന ജനസംഖ്യാ ഘടന കണക്കിലെടുത്ത് വയോജന സൗഹൃദമായ സമഗ്ര സംവിധാനം രൂപപ്പെടുത്തുകയാണ് നിർദ്ദിഷ്ട നിയമത്തിന്റെ ലക്ഷ്യം. ആരോഗ്യകരവും സജീവവുമായ വാർധക്യം പ്രോത്സാഹിപ്പിക്കുക, കഴിയുന്നത്ര സ്വന്തം വീടുകളിലും കുടുംബ-സാമൂഹിക അന്തരീക്ഷത്തിലും തുടരാൻ വയോജനങ്ങൾക്ക് സാഹചര്യമൊരുക്കുക, ആവശ്യമായ ഘട്ടങ്ങളിൽ സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ പരിചരണം ഉറപ്പാക്കുക എന്നിവക്ക് ബിൽ പ്രാധാന്യം നൽകുന്നു.

വയോജന പരിചരണ കേന്ദ്രങ്ങൾ, അസിസ്റ്റഡ് ലിവിങ് സൗകര്യങ്ങൾ, പകൽവീടുകൾ, ഹോം കെയർ ഏജൻസികൾ തുടങ്ങിയ സേവനങ്ങൾക്ക് ആവശ്യമായ നിലവാരവും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനുള്ള സംവിധാനവും ബില്ലിൽ വിഭാവനം ചെയ്യുന്നു.

കെയർഗിവിങ് മേഖലയെ പ്രഫഷണൽ സംവിധാനമായി വികസിപ്പിക്കുക എന്നത് ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായി കേരള ജെറിയാട്രിക് കെയർ സർട്ടിഫിക്കേഷൻ ഫ്രെയിംവർക്ക് രൂപവത്കരിക്കാനും, കെയർ ഗിവർമാർക്ക് പരിശീലനം, സർട്ടിഫിക്കേഷൻ, പശ്ചാത്തല പരിശോധന എന്നിവ ഉറപ്പാക്കി പരിശീലനം നേടിയ കെയർഗിവർമാരുടെ സംസ്ഥാനതല രജിസ്റ്റർ തയ്യാറാക്കാനും നിർദ്ദേശമുണ്ട്. ഇതിലൂടെ വയോജന പരിചരണത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനൊപ്പം നൈപുണ്യമുള്ള കെയർ ഗിവിങ് തൊഴിലാളികളെ സൃഷ്ടിക്കാനും പുതിയ തൊഴിലവസരങ്ങൾ ഒരുക്കാനും കഴിയും.

വയോജനങ്ങളുടെ വർധിച്ചുവരുന്ന ആവശ്യങ്ങളെ പുതിയ സാമ്പത്തിക-തൊഴിൽ അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന ‘സിൽവർ ഇക്കോണമി’ വികസിപ്പിക്കുന്നതിനും സർക്കാർ പ്രാധാന്യം നൽകും. ഗുണനിലവാരമുള്ള പരിചരണ സേവനങ്ങൾ, സാങ്കേതികവിദ്യ, ആരോഗ്യപരിചരണം, അസിസ്റ്റഡ് ലിവിങ്, ഹോം കെയർ, വയോജന സൗഹൃദ ഉൽപന്നങ്ങൾ, മറ്റ് നവീന സേവനങ്ങൾ എന്നിവ പ്രോത്സാഹിപ്പിച്ച് സേവനം, നൈപുണ്യം, സംരംഭകത്വം, തൊഴിൽ എന്നിവ ഉൾപ്പെടുന്ന സുസ്ഥിരമായ ഒരു വയോജന പരിചരണ മേഖല വികസിപ്പിക്കുകയാണ് ലക്ഷ്യം.

നിയമത്തിന്റെ ഫലപ്രദമായ നടത്തിപ്പിനും നിരീക്ഷണത്തിനും പരാതി പരിഹാരത്തിനുമായി സംസ്ഥാന-ജില്ലാതല സംവിധാനങ്ങളും ബില്ലിൽ വിഭാവനം ചെയ്യുന്നു. ഡിജിറ്റൽ-സാമ്പത്തിക സുരക്ഷയ്ക്കും പ്രത്യേക പരിചരണം ആവശ്യമായ വയോജനങ്ങൾക്കുള്ള പിന്തുണയ്ക്കും ആവശ്യമായ വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

വയോജന സമൂഹത്തിന്റെ വെല്ലുവിളികൾ നേരിടുന്നതിനൊപ്പം അതിലെ സാധ്യതകളും പ്രയോജനപ്പെടുത്താൻ കേരളം ഇപ്പോൾ തന്നെ തയ്യാറാകണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അന്തസ്സ്, ഗുണനിലവാരമുള്ള പരിചരണം, സംരക്ഷണം, സജീവമായ വാർധക്യം എന്നിവക്ക് മുൻഗണന നൽകുന്ന ഭാവിസജ്ജമായ സംവിധാനം രൂപപ്പെടുത്തുകയാണ് നിർദ്ദിഷ്ട നിയമത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

Tags:    
News Summary - Elderly care bill 2026: CM holds review meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.