തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ പോസ്റ്റർ പതിച്ച എസ്.എഫ്.ഐക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ 'സി.പി.എം കോഴിഫാം' എന്നെഴുതിയ പോസ്റ്ററുകൾ പതിച്ചു. പ്രവർത്തകർ പൊലീസ് ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രതിഷേധിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസമാണ് എസ്.എഫ്.ഐ പ്രവർത്തകർ പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് അതിക്രമിച്ച് കയറുകയും പോസ്റ്റർ പതിക്കുകയും ചെയ്തത്. അതേസമയം, കന്റോൺമെന്റ് ഹൗസിലെ സുരക്ഷ വീഴ്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
അതേസമയം, സി.പി.എമ്മുകാർ അധികം കളിക്കേണ്ടെന്നും കേരളം ഞെട്ടുന്ന വാർത്ത ഉടൻ പുറത്തുവരുമെന്നുമെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തി.
സി.പി.എം സ്ത്രീവിരുദ്ധ പാർട്ടിയാണെന്ന ആരോപണത്തോടെയായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ മുന്നറിയിപ്പ്. ഭൂരിപക്ഷ വർഗീയതയെ പിന്തുണക്കുകയാണ് സി.പി.എമ്മെന്നും ബംഗാളിൽ സംഭവിച്ചത് ഇവിടെയും സംഭവിക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കവെ പറഞ്ഞു.
“ലൈംഗികാരോപണം വന്നയാൾക്കെതിരെ സംഘടനാപരമായ നടപടി ഞങ്ങൾ സ്വീകരിച്ചു. റേപ്പ് കേസിൽ പ്രതിയായ പലരും നിയമസഭയിൽ ഇരിക്കുന്നു. ലൈംഗികാരോപണം നേരിടുന്ന എത്ര മന്ത്രിമാരുണ്ട്? അവരെയൊക്കെ ആദ്യം പുറത്താക്ക്. ആ എം.എൽ.എയോട് രാജിവെക്കാൻ പറ. മുഖ്യമന്ത്രിയുടെ ഓഫിസിലുൾപ്പെടെ ലൈംഗികാരോപണം നേരിടുന്ന ആളുകളെ വെച്ചുകൊണ്ട് സി.പി.എം നടത്തുന്ന പ്രതിഷേധം എം.വി. ഗോവിന്ദനെ രക്ഷിക്കാനും മന്ത്രിയുൾപ്പെട്ട ഹവാലക്കേസ് മുക്കാനുമാണ്. സി.പി.എമ്മുകാർ അധികം കളിക്കണ്ട. കേരളം ഞെട്ടുന്ന വാർത്ത പുറത്തുവരാനുണ്ട്.
പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ഭൂരിപക്ഷ വർഗീയതയെ പിന്തുണക്കുകയാണ് സി.പി.എം. അയ്യപ്പസ്നേഹം അതിന്‍റെ ഭാഗമാണ്. തീക്കൊള്ളി കൊണ്ടാണ് അവർ തല ചൊറിയുന്നത്. സി.പി.എമ്മിന് ബംഗാളിൽ സംഭവിച്ചത് ഇവിടെയും സംഭവിക്കും. സി.പി.എം തികഞ്ഞ സ്ത്രീവിരുദ്ധത പുലർത്തുന്ന പാർട്ടിയാണ്. പൊലീസ് സ്റ്റേഷനിൽ പോലും സ്ത്രീകൾക്ക് നീതി കിട്ടുന്നില്ല. സി.പി.എം ഈ വേട്ടയാടൽ അവസാനിപ്പിക്കണം. എന്തൊരു പാർട്ടിയാണിത്? എത്രമാത്രം അധഃപതിച്ചിരിക്കുന്നു. സ്ത്രീകളെ വേട്ടയാടുന്ന പാർട്ടിയായി സി.പി.എം മാറിയതിൽ ഞങ്ങൾക്ക് ശക്തമായ എതിർപ്പുണ്ട്” -വി.ഡി. സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.