ന്യൂഡൽഹി/കൊച്ചി: ഇന്ധന വിലക്ക് പിന്നാലെ പാചകവാതക വിലയും വർധിപ്പിച്ചതോടെ സാധാരണക്കാരുടെ ജീവിതം ദുരിതപൂർണ്ണമാകുന്നു. 29 രൂപയുടെ ഏറ്റവും പുതിയ വർധനയോടെ കേരളത്തിൽ 14.2 കിലോ ഗാർഹിക സിലിണ്ടറിന്റെ വില 922 രൂപയിൽനിന്ന് 951 രൂപയിലെത്തി. മൂന്ന് മാസത്തിനിടെ 89 രൂപയാണ് കൂട്ടിയത്.
മാർച്ച് ഏഴിന് സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചിരുന്നു. വിലക്കയറ്റത്തിൽ ജനജീവിതം പൊറുതിമുട്ടുന്നതിനിടെയാണ് ഇരുട്ടടിയായി എൽ.പി.ജി വില അടിക്കടി ഉയരുന്നത്.
ദിവസങ്ങൾക്കു മുമ്പാണ് വാണിജ്യ സിലിണ്ടറിന് 46 രൂപ കൂട്ടിയത്. കഴിഞ്ഞ മാസം ആദ്യവും വാണിജ്യ സിലിണ്ടറിന് വില കൂട്ടിയിരുന്നു. അന്ന് 993 രൂപയുടെ വലിയ വര്‍ധനവാണ് ഉണ്ടായത്. ഹോട്ടൽ, ഭക്ഷ്യോൽപാദന മേഖലകളിൽ നിന്നുൾപ്പെടെ കടുത്ത പ്രതിഷേധം ഉയർന്നിട്ടും വില കുറക്കാൻ സർക്കാർ തയാറായിട്ടില്ല.
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പേരു പറഞ്ഞ് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പല കോണുകളിൽനിന്നും പ്രതിഷേധം ഉയരുന്നുണ്ട്. ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വില വർധിപ്പിച്ചതിനു പിന്നാലെ ഇടക്കിടെയുണ്ടാകുന്ന പാചകവാതക വില വർധനവ് കുടുംബ ബജറ്റുകളെ തകിടം മറിക്കുകയാണെന്നും ജീവിതം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും വീട്ടമ്മമാർ ഉൾപ്പെടെ വ്യക്തമാക്കുന്നു.
വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ പോലെത്തന്നെ സാധാരണക്കാരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ആഗോള പെട്രോളിയം വിപണിയിലെ അനിശ്ചിതത്വവും വെല്ലുവിളിയും മൂലം ഇനിയും വിലക്കയറ്റം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് പലരും.
അന്താരാഷ്ട്ര വിപണിയിൽ വില കുറയുമ്പോൾ അതിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ വില കൂടുമ്പോൾ ഭാരം മുഴുവൻ സാധാരണക്കാരുടെ തലയിൽ കെട്ടിവെക്കുകയാണെന്ന് പ്രതിപക്ഷം വിമർശിക്കുമ്പോൾ, ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയിലെ ജനങ്ങൾക്ക് പാചകവാതകം നൽകുന്നതെന്ന് ന്യായീകരിക്കുകയാണ് കേന്ദ്ര സർക്കാർ.
പൊതുമേഖലാ എണ്ണക്കമ്പനികൾ 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 77,280.65 കോടി രൂപയുടെ വൻ ലാഭം നേടിയിരിക്കെ, എന്തിനാണ് വില വർധനവെന്ന് പ്രതിപക്ഷം ചോദിക്കുന്നു.
പൊതുജനങ്ങളെ പിഴിഞ്ഞുഴിഞ്ഞ് സമ്പന്നരായ സുഹൃത്തുക്കളുടെ ഖജനാവ് നിറക്കുന്ന ‘ഇൻഫ്ലേഷൻ മാൻ മോദി’ വീണ്ടും ജനങ്ങളെ ചാട്ടവാറിനടിക്കുകയാണെന്ന് കോൺഗ്രസ് ‘എക്സി’ൽ കുറിച്ചു.
പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ലാഭത്തിൽ 130 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നും കമ്പനികൾ കൊള്ളലാഭം ഉണ്ടാക്കുമ്പോൾ ജനങ്ങളെ കടുത്ത വിലക്കയറ്റത്തിലേക്ക് തള്ളിവിടുന്നതാണോ ഭരണമെന്നും കോൺഗ്രസ് എം.പി മനീഷ് തിവാരി ചോദിച്ചു.
വിലക്കയറ്റം കൊണ്ട് ജനങ്ങളുടെ നടുവൊടിഞ്ഞിരിക്കുമ്പോൾ മോദി സർക്കാർ അവരുടെ വയറ്റത്തടിക്കുകയാണെന്ന് ആം ആദ്മി പാർട്ടിയും വിമർശിച്ചു. ആഗോള പ്രതിസന്ധികളുണ്ടാകുമ്പോൾ ദരിദ്രർ ദുരിതത്തിലാകുകയും സമ്പന്നർ തഴച്ചുവളരുകയും ചെയ്യുന്നതാണ് ബി.ജെ.പി മാതൃകയെന്ന് തൃണമൂൽ കോൺഗ്രസ് പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.