ആലപ്പുഴ: യൂത്ത് കോൺഗ്രസ് അംഗങ്ങളുടെ പ്രായപരിധി 40 ആയി ഉയർത്തണമെന്ന സംഘടനാ പ്രമേയത്തിൽ വൻഎതിർപ്പ്. ആലപ്പുഴയിൽ നടന്ന സംസ്ഥാന പരിശീലന ക്യാമ്പിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് അവതരിപ്പിച്ച പ്രമേയത്തിലാണ് പ്രായപരിധി 35ൽനിന്ന് 40 ആക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചത്. വിഷയത്തിൽ 12 ജില്ല കമ്മിറ്റികളിൽനിന്നുള്ള പ്രതിധിധികൾ രൂക്ഷമായ എതിർപ്പുമായി രംഗത്തുവന്നതോടെ പ്രമേയത്തിന് അംഗീകാരം കിട്ടാതെപോയി. പുതുമുഖങ്ങളെ സംഘടനയിലേക്ക് കൊണ്ടുവരാതിരിക്കാനുള്ള അജണ്ടയുടെ ഭാഗമാണിതെന്ന് ഇവർ വിമർശിച്ചു.
ജനപ്രതിനിധികൾക്ക് തിരക്ക് കാരണം സംഘടനാകാര്യങ്ങളിൽ ശ്രദ്ധിക്കാനാകുന്നില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് പറയാതെയായിരുന്നു വിമർശനം. ഭാരവാഹികൾ ജനപ്രതിനിധികളായാൽ സ്ഥാനം ഒഴിയണമെന്ന വിമർശനം കേട്ടില്ലെന്നും ജനപ്രതിനിധിയാകുന്നത് അയോഗ്യതയല്ലെന്നുമായിരുന്നു രാഹുലിന്റെ മറുപടി.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ഉയർന്ന ക്യാപ്ടൻ, മേജർ വിളികൾ കോൺഗ്രസിന് നാണക്കേടുണ്ടാക്കിയെന്ന വിമർശനവും വന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ കെ.എസ്.യു -യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പരിഗണിക്കണം.
ദേശീയ നേതൃത്വം തയാറാക്കിയ തെരഞ്ഞെടുപ്പ് രീതിയിലെ പോരായ്മകൾ മൂലം യൂത്ത് കോൺഗ്രസ് ഭാരവാഹിത്വത്തിൽ അനർഹർ കയറിക്കൂടിയെന്ന് പ്രമേയത്തിൽ വിമർശനമുണ്ട്.
ആദ്യമായി അംഗമാകുന്നവർക്ക് ജില്ല പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാമെന്നതടക്കമുള്ള മാനദണ്ഡങ്ങൾ സംഘടനയെ ദുർബലമാക്കി.
വേടൻ ശൈലിക്കും യൂത്ത് കോൺഗ്രസിൽ പിന്തുണ കിട്ടി. വേടൻ യുവാക്കളെ ആകർഷിക്കുന്നുവെന്നും പുതുതലമുറയെ ആകർഷിക്കുന്ന ശൈലി വേണമെന്നുമാണ് ആവശ്യം. വേറിട്ട വരികളിലൂടെ രാഷ്ട്രീയം പറഞ്ഞ് ഗായകൻ വേടൻ പുതിയ തലമുറയെ ആകർഷിക്കുന്നത് കാണണമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.