മുജീബ് റഹ്മാൻ
മട്ടാഞ്ചേരി: നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്തിന്റെ വിവരങ്ങൾ തേടി കൊച്ചി നാവിക ആസ്ഥാനത്തേക്ക് പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നെന്ന വ്യാജേന ഫോൺ ചെയ്തയാൾ അറസ്റ്റിൽ. കോഴിക്കോട് നടക്കാവ് സ്വദേശി മുജീബ് റഹ്മാനാണ് (34) അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ കോഴിക്കോട്ടുനിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യംചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊച്ചി ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്തേക്ക് പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നാണെന്നു പറഞ്ഞ് ഫോൺ കാൾ എത്തിയത്. രാഘവൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ശേഷം ഐ.എൻ.എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ നാവികസേന അധികൃതർ പൊലീസിൽ പരാതി നൽകുകയും ഹാർബർ പൊലിസ് കേസെടുക്കുകയും ചെയ്തു. ഇന്ത്യ-പാകിസ്താൻ ബന്ധം വഷളായ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു ഫോൺ കാൾ എത്തിയത്.
അതേസമയം, പ്രതി മാനസിക പ്രശ്നമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. 2021 മുതൽ ഇയാൾ ചികിത്സ തേടുന്നുണ്ടെന്ന് കൊച്ചി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ വ്യക്തമാക്കി. ഇയാൾക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുള്ളതായി തെളിവില്ല. പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും ഫോൺ വിളിച്ച കാര്യം മുജീബ് സമ്മതിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.