കൊച്ചി: എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡിൽ നിന്ന് വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയും നൽകിയ അപ്പീൽ ഹരജി ഡിവിഷൻ ബെഞ്ച് പരിഗണിച്ചെങ്കിലും സ്റ്റേ ആവശ്യം അനുവദിച്ചില്ല. തൽസ്ഥിതി തുടരാൻ നിർദേശിച്ച ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
പൊതുയോഗം ചേർന്ന് പുതിയ ഡയറക്ടർമാരെ തെരഞ്ഞെടുക്കുന്നതുവരെ താൽകാലിക ഡയറക്ടർമാരെ നിയമിക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിൽ സർക്കാറിന് നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന് സർക്കാർ അറിയിച്ചതോടെയാണ് ഇനിയൊരു ഉത്തരവുണ്ടാകും വരെ തൽസ്ഥിതി തുടരാൻ ഇടക്കാല ഉത്തരവിൽ നിർദേശിച്ചത്. അപ്പീലുകളടക്കം ബന്ധപ്പെട്ട ഹരജികൾ തിങ്കളാഴ്ച ഒന്നിച്ച് പരിഗണിക്കും.
സിംഗിൾ ബെഞ്ച് ഉത്തരവ് അധികാരപരിധി മറികടന്നാണെന്നും കമ്പനികളുടെ ആഭ്യന്തര കാര്യങ്ങളിലും ഡയറക്ടർമാരുടെ അയോഗ്യത സംബന്ധിച്ച തർക്കങ്ങളിലും ഇടപെടാൻ ഹൈകോടതിക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയത്. ഇത്തരം വിഷയങ്ങൾ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലാണ് പരിഗണിക്കേണ്ടതെന്നും അപ്പീലിൽ പറയുന്നു. യോഗം ഭരണസമിതി തുടർച്ചയായ മൂന്നു വർഷം വരവുചെലവ് കണക്കുകൾ സമർപ്പിക്കാത്തതും ഡയറക്ടർമാർക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഡയറക്ടർ ഐഡൻഫിക്കേഷൻ നമ്പർ (ഡി.ഐ.എൻ) ഇല്ലെന്നതും കണക്കിലെടുത്താണ് സിംഗിൾ ബെഞ്ച് വെള്ളാപ്പള്ളി നടേശൻ അടക്കമുളളവരെ അയോഗ്യരാക്കിയത്.
പ്രഫ. എം.കെ. സാനു ഉൾപ്പെടെ നൽകിയ ഹരജികളിലായിരുന്നു മാർച്ച് 12ന് ഉത്തരവുണ്ടായത്. സിംഗിൾ ബെഞ്ച് ഉത്തരവിലൂടെ അയോഗ്യത നേരിട്ട ഡോ. എം.എൻ. സോമൻ, അരയാക്കണ്ടി സന്തോഷ് തുടങ്ങിയവരും അപ്പീലിൽ കക്ഷികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.