പത്തനംതിട്ട: പ്രതീക്ഷിച്ച കോന്നി സീറ്റ് ലഭിക്കാത്തതിന് പിന്നാലെ ഫേസ്ബുക്കിൽ വിശദീകരണ കുറിപ്പിട്ട അടൂർ പ്രകാശ് നിമിഷങ്ങൾക്കകം അത് പിൻവലിച്ച് സീറ്റിനായി വീണ്ടും സമ്മർദം ശക്തമാക്കി. കോന്നി മണ്ഡലം ജീവിതത്തിന്‍റെ ഭാഗമാണെന്നും പാർട്ടി പറഞ്ഞതനുസരിച്ച് മത്സരത്തില്‍ നിന്ന് മാറിനില്‍ക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യവിശദീകരണം. എന്നാൽ, കണ്ണൂരിൽ ആദ്യം സീറ്റ് നിഷേധിക്കപ്പെട്ട മുതിർന്ന നേതാവ് കെ. സുധാകരൻ എം.പിയെ വീണ്ടും പാർട്ടി പരിഗണിക്കുന്നുവെന്ന വാർത്ത വന്നതോടെയാണ് അദ്ദേഹം ഫേസ്ബുക് കുറിപ്പ് പിൻവലിച്ചത്.
കോന്നിയിൽ പത്തനംതിട്ട ഡി.സി.സി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിലിനെ സ്ഥാനാർഥിയായി തീരുമാനിച്ചുവെന്ന് വാർത്ത പ്രചരിച്ചതിന് ശേഷമാണ് അദ്ദേഹം ഫേസ്ബുക് പോസ്റ്റ് ഇട്ടത്. കോന്നിയിൽ പാർട്ടി തീരുമാനിക്കുന്ന സ്ഥാനാർഥിയെ വിജയിപ്പിക്കുമെന്നും കേരളം മുഴുവൻ യു.ഡി.എഫിന്‍റെ വിജയത്തിനായി ഇറങ്ങുമെന്നും ഇടതുഭരണം കേരളത്തിൽ അവസാനിപ്പിക്കുമെന്നും അദ്ദേഹം കുറിച്ചു.
എന്നാൽ, കടുത്ത സമ്മർദത്തിനൊടുവിൽ കണ്ണൂരിൽ കെ. സുധാകരനെ വീണ്ടും കോൺഗ്രസ് ഹൈകമാൻഡ് പരിഗണിക്കുന്നുവെന്ന് അറിഞ്ഞതോടെ ഫേസ്ബുക്കിലെ കുറിപ്പ് പ്രകാശ് പിൻവലിച്ചു. കണ്ണൂരിൽ സുധാകരനെങ്കിൽ കോന്നിയിൽ തന്നെയും പരിഗണിക്കണമെന്ന ആവശ്യം പാർട്ടി കേന്ദ്രനേതൃത്വത്തെ അദ്ദേഹം അറിയിച്ചു. ഇതവഗണിച്ച് തീരുമാനമെടുത്താൻ കോന്നിയിൽ എന്ത് പ്രത്യാഘാതമുണ്ടായാലും തനിക്ക് ഉത്തരവാദിത്വമില്ലെന്നും നേതൃത്വത്തെ അറിയിച്ച് അദ്ദേഹം നിലപാട് കടുപ്പിച്ചു.
തുടർന്ന് വിവിധതലങ്ങളിൽ കോൺഗ്രസ് ദേശീയ നേതൃത്വം നടത്തിയ കൂടിയാലോചനകൾക്കൊടുവിൽ കണ്ണൂർ സീറ്റിൽ സുധാകരന്‍റെ ആവശ്യത്തിന് വഴങ്ങേണ്ടെന്ന് തീരുമാനിക്കുകയും വൈകുന്നേരത്തോടെ ആദ്യം നിശ്ചയിച്ചതുപോലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തുകയും ചെയ്തതോടെ അടൂർ പ്രകാശും സമ്മർദ തന്ത്രങ്ങളിൽ നിന്ന് പിൻമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.