കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ചികിത്സാപ്പിഴവ് മൂലമുള്ള മരണം എന്ന് പരാതി. വാണിമേൽ സ്വദേശി പറമ്പത്ത് റീജിത്ത് (46) ആണ് വ്യാഴാഴ്ച പുലർച്ചെ മരിച്ചത്. വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയിൽ ഗുരുതരമായ പിഴവ് സംഭവിച്ചതായാണ് കുടുംബത്തിന്റെ ആരോപണം.
ഇടതു വൃക്കയിലെ കല്ല് നീക്കം ചെയ്യാനായി നടത്തിയ ശസ്ത്രക്രിയയിൽ ഡോക്ടർമാർക്ക് പിഴവ് പറ്റിയെന്നും, ശസ്ത്രക്രിയ നടത്തിയത് രോഗിയുടെ വലതു വൃക്കയിലാണെന്നുമാണ് കുടുംബം പറയുന്നത്. ഇതേത്തുടർന്ന് ചികിത്സയിലിരിക്കെയാണ് റീജിത്ത് മരണപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ കുടുംബം, മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറായിട്ടില്ല.
2025 ആഗസ്റ്റ് ആറിനാണ് റീജിത്തിന്റെ ആദ്യ ശസ്ത്രക്രിയ നടന്നത്. തുടർന്ന് ഏപ്രിൽ ഒന്നിന് രോഗിയുടെ സമ്മതമില്ലാതെ വീണ്ടും ശസ്ത്രക്രിയ നടത്തിയതായും കുടുംബം ആരോപിക്കുന്നു. വിഷയത്തിൽ മെഡിക്കൽ കോളജ് അധികൃതർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയുമായി ബന്ധപ്പെട്ട് വിവിധ സമയങ്ങളിൽ ചികിത്സാ പിഴവുകൾ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ഏറ്റവും വലിയ ചികിത്സാ പിഴവുകളിൽ ഒന്നാണ് അടിവാരം സ്വദേശിനിയായ കെ.കെ. ഹർഷിനയുടെ കേസ്. 2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ച്ച് ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ (സിസേറിയൻ) നടന്നു. ഈ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ ഉപയോഗിച്ച 12 സെന്റീമീറ്റർ നീളമുള്ള ‘ആർട്ടറി ഫോർസെപ്സ്’ (കത്രിക രൂപത്തിലുള്ള ഉപകരണം) വയറ്റിൽ മറന്നുവെച്ചു.
ശസ്ത്രക്രിയയ്ക്ക് ശേഷം കടുത്ത വയറുവേദനയും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായെങ്കിലും കൃത്യമായ രോഗനിർണയം നടത്താൻ സാധിച്ചില്ല. ഒടുവിൽ 2022 സെപ്റ്റംബറിൽ ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ സി.ടി. സ്കാനിംഗിലാണ് മൂത്രസഞ്ചിയോട് ചേർന്ന് കത്രിക തറച്ചുനിൽക്കുന്നത് കണ്ടെത്തിയത്. തുടർന്നാണ് മറ്റൊരു ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുത്തത്. നിലവിൽ ഈ ക്രിമിനൽ കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
അർഹമായ നീതിക്കും നഷ്ടപരിഹാരത്തിനുമായി ഹർഷിന മെഡിക്കൽ കോളേജിന് മുന്നിൽ 104 ദിവസത്തോളം സത്യാഗ്രഹ സമരം നടത്തിയിരുന്നു.2026 മെയ് മാസത്തിൽ, പുതുതായി അധികാരമേറ്റ മുഖ്യമന്ത്രി വി.ഡി. സതീശൻ, ആരോഗ്യ മന്ത്രി കെ. മുരളീധരൻ എന്നിവരുമായി ഹർഷിന നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെ ഈ വിഷയത്തിൽ അന്തിമ തീരുമാനമായി.ഹർഷിനയുടെ ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ അവർക്ക് കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഓഫിസ് അസിസ്റ്റന്റായി സ്ഥിര ജോലി നൽകുകയും, അർഹമായ നഷ്ടപരിഹാരവും തുടർചികിത്സ സഹായങ്ങളും ഉറപ്പുനൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.