'ലോകപ്രശസ്തനായ വിപ്ലവകാരി, ബുദ്ധിജീവി'; തരൂരിനെ പുകഴ്ത്തി എ.കെ. ബാലൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെ പ്രകീർത്തിച്ച് ശശി തരൂർ രംഗത്തെത്തിയതിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായങ്ങൾ ഉയരവേ, തരൂരിനെ പുകഴ്ത്തി സി.പി.എം നേതാവ് എ.കെ. ബാലൻ. നാലു വര്‍ഷം തുടര്‍ച്ചയായി ലോക്സഭയിലേക്ക് ജയിച്ച വിപ്ലവകാരിയാണെന്നും ലോകം അറിയുന്ന ബുദ്ധിജീവിയാണ് തരൂരെന്നും എ.കെ. ബാലൻ പുകഴ്ത്തി. മഹാനായ ഡിപ്ലോമാറ്റാണ് ശശി തരൂരെന്നും ലേഖനത്തിൽ പറഞ്ഞ കാര്യങ്ങള്‍ യഥാർഥ വസ്തുതയാണെന്നും എ.കെ. ബാലൻ പറഞ്ഞു.

വിവരമുള്ള ഒരാൾ പോലും കോൺഗ്രസിൽ ഉണ്ടാവരുതെന്നാണോ മറ്റ് നേതാക്കൾ കരുതുന്നതെന്ന് ബാലൻ ചോദിച്ചു. സത്യസന്ധമായി ഒന്നും പറയാൻ പാടില്ലെന്നാണോ. കേരളത്തിന്‍റെ നേട്ടം ഓരോ ദിവസവും കുറച്ച് പറയണമെന്നാണോ ഇവർ പറയുന്നതിന്‍റെ അർഥമെന്നും ബാലൻ ചോദിച്ചു.

അതിനിടെ, ശശി തരൂരിന്‍റെ ലേഖനത്തിന് മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. ആന്റണി സർക്കാറിന്റെ വ്യവസായ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ശശി തരൂരിന് മറുപടിയുമായി മുൻ വ്യവസായ മന്ത്രികൂടിയായ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. നിക്ഷേപങ്ങൾക്ക് അനുകൂലമായ നയമല്ല ഒരു കാലത്തും ഇടത് സർക്കാറുകളുടെത്. അവരുടെത് പൊളിച്ചടുക്കൽ നയമാണ്.

കേരളത്തിന്റെ വ്യവസായഭൂപടം മാറ്റിവരച്ചത് ആന്റണി സർക്കാറാണ്. പല ലോകോത്തര ആശയങ്ങളും കേരളത്തിലെത്തിച്ചത് ആന്റണി സർക്കാറാണ്. കിൻഫ്ര കൊണ്ടുവന്നത് യു.ഡി.എഫ് സർക്കാറാണ്. പിൽക്കാലത്ത് കേരളത്തിൽ വന്ന വ്യവസായങ്ങളിൽ 90 ശതമാനവും കിൻഫ്ര പാർക്കിനകത്താണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. വിമാനത്താവളങ്ങൾക്കുള്ള ഭൂമി പോലും നേടിയെടുത്തത് ഈ കിൻ​ഫ്രയാണ്. അക്ഷയ കേന്ദ്രങ്ങളും ഇൻഫോപാർക്കും തുടങ്ങിയതും യു.ഡി.എഫ് സർക്കാറുകളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സംസ്ഥാന സർക്കാറിനെ പുകഴ്ത്തിയുള്ള ലേഖനത്തിൽ വീണ്ടും വിശദീകരണവുമായി ശശി തരൂർ രംഗത്തെത്തുകയും ചെയ്തിരിക്കുകയാണ്. പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും നല്ല കാര്യം ആരു ചെയ്താലും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വികസനം ആരു കൊണ്ടുവന്നാലും അംഗീകരിക്കണം. കേരളത്തി​ന്റെ പോരായ്മകളും ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചല്ല ലേഖനം എഴുതിയത്. ഒരു കാര്യത്തിലും അടിസ്ഥാനമില്ലാതെ സംസാരിക്കില്ല. പറഞ്ഞ കാര്യങ്ങളിൽനിന്ന് പിന്നോട്ടില്ലെന്ന് നിലപാട് കടുപ്പിച്ച തരൂർ താൻ എഴുതിയ ലേഖനത്തിലെ തെറ്റുകൾ കാണിച്ചു തന്നാൽ തിരുത്താമെന്നും വ്യക്തമാക്കി.

Tags:    
News Summary - World-renowned revolutionary, intellectual AK Balan Praising Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.