മരംമുറി ഉത്തരവ്: നാടിനോട് ചെയ്ത ഏറ്റവും വലിയ ചതി -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിലെ മരം മുറിക്കാനുള്ള ഉത്തരവ് സർക്കാർ തിരുത്തയത് പിടിക്കപ്പെട്ടപ്പോൾ തൊണ്ടി മുതൽ തിരിച്ചുനൽകിയ കള്ളനെ പോലെയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രി അറിയാതെ മരം മുറിക്കാനുള്ള അനുമതി തമിഴ്നാടിന് കൊടുക്കാൻ ഉദ്യോ​ഗസ്ഥൻമാർക്ക് കഴിയില്ല.

സർക്കാർ നാടകം കളിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ്. സംസ്ഥാനത്തിന്‍റെ താത്പര്യത്തിന് വിരുദ്ധമായ ഉത്തരവ് സർക്കാർ അറിയാതെ ഇറക്കാൻ ഉദ്യോ​ഗസ്ഥൻമാർക്ക് സാധിക്കുന്നുണ്ടെങ്കിൽ പിണറായി വിജയൻ രാജിവെച്ച് വാനപ്രസ്ഥത്തിന് പോവുന്നതാണ് നല്ലത്.

ഉദ്യോ​ഗസ്ഥൻമാരാണ് ഉത്തരവിന് പിന്നിലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയാറാവണം. കേരളത്തിലെ ജനങ്ങളെ മറന്നാണ് സർക്കാർ ഈ ഉത്തരവ് ഇറക്കിയത്. നാടിനോട് ചെയ്ത ഏറ്റവും വലിയ ചതിയാണിത്.

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പിണറായി വിജയന് കത്തയച്ചത് രണ്ടുപേരും അറിഞ്ഞുള്ള നാടകമാണ് ഇതെന്നതിന്‍റെ തെളിവാണ്. വനംമന്ത്രി അറിയാതെയാണ് ഇതൊക്കെ നടന്നതെന്ന് വിശ്വസിക്കാൻ അരിയാഹാരം കഴിക്കുന്നവർക്കാവില്ല.

മുഖ്യമന്ത്രിയും വനമന്ത്രിയും ഉരുണ്ടുകളിക്കുകയാണ്. ഉദ്യേഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. മുല്ലപ്പെരിയാർ കേസിൽ കേരളത്തിന് തിരിച്ചടിയാവുന്ന ഉത്തരവ് ഇറക്കിയതിന് പിന്നിൽ വൻ​ഗൂഢാലോചനയുണ്ട്. ഇതിനെ കുറിച്ച് അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Wood cutting order: The biggest betrayal to the country -K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.