കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയക്ക് പിന്നാലെ യുവതിയുടെ 9 വിരലുകൾ മുറിച്ച സംഭവം: സ്വകാര്യ ക്ലിനിക്കിനെ സംരക്ഷിച്ച് റിപ്പോർട്ട്

തിരുവനന്തപുരം: കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയക്ക്​ നടത്തിയ യുവതിയുടെ വിരലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവത്തിൽ സ്വകാര്യ ക്ലിനിക്കിനെ സംരക്ഷിച്ച് സംസ്ഥാനതല എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട്. ഇതോടെ തുമ്പ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തുടർനടപടികളുമായി മുന്നോട്ട് പോകേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കഴക്കൂട്ടം കുളത്തൂരിലെ ക്ലീനിക്കിലെ ഡോക്ടർമാർ നടപടിക്രമങ്ങൾ പാലിച്ച് യുവതിക്ക് കൃത്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നാണ് രേഖകളിൽ നിന്ന് വ്യക്തമാക്കുന്നതെന്നാണ് എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിലുള്ളത്. ഇതിൽ പൊലീസ് വ്യക്തതേടിയെങ്കിലും കമ്മിറ്റി ഇതിൽ ഉറച്ചുനിൽക്കുകയാണ്. അതിനാൽ ക്രമിനൽ സ്വഭാവം സംഭവത്തിനില്ലെന്നും കമ്മിറ്റി പൊലീസിനോട് വ്യക്തമാക്കി. ഇതോടെയാണ് തുടർനടപടികളുമായി മുന്നോട്ട്പോകേണ്ടതില്ലെന്ന പൊലീസ് തീരുമാനം.

ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ. റീനയുടെ അധ്യക്ഷതയിൽ ഡി.എം.ഇ, അഡീഷനൽ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ, പ്ലാസ്റ്റിക് സർജറി വിദഗ്ദ്ധൻ എന്നിവർ അംഗങ്ങളായ എത്തിക്‌സ് കമ്മിറ്റിയുടേതാണ് റിപ്പോർട്ട്. നേരത്തെ ജില്ലാതല എത്തിക്സ് കമ്മിറ്റിയിലും ഡോക്ടർമാരെല്ലാം സ്വകാര്യ ക്ലീനിക്കിന അനുകൂലിക്കുന്ന റിപ്പോർട്ടായിരുന്നു തയാറാക്കിയത്. എന്നാൽ ആരോപണവിധേയമായ ക്ലീനിക്കിനെയും ഡോക്ടർമാരെയും വെള്ളപൂശി റിപ്പോർട്ട് തയാറാക്കിയെന്നും ഗൗരവകരമായ വസ്തുതകൾ പരിശോധിച്ചില്ലെന്നും ജില്ലാതല കമ്മിറ്റിയിൽ അംഗമായി ജില്ല പബ്ലിക് പ്രോസിക്യൂട്ടർ നിലപാടെടുത്തിരുന്നു. അഭിപ്രായഭിന്നത ഉണ്ടായതോടെയാണ് വിഷയം സംസ്ഥാനതല എത്തിക്‌സ് കമ്മിറ്റിക്ക്​ മുമ്പാകെ എത്തിയത്.

അതേസമയം യുവതിക്ക്​ ശസ്ത്രക്രിയെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്ലിനിക്കിന് കഴിഞ്ഞില്ലെന്നും വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്കു മാറ്റുന്നതിൽ താമസമുണ്ടായെന്നും ജില്ല മെഡിക്കൽ ഓഫീസറുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ക്ലിനിക്കിന് വീഴ്ചയുണ്ടായെന്നായിരുന്നു ഡി.എം.ഒ റിപ്പോർട്ട്.

സോഫ്റ്റ്‌വെയർ എൻജിനീയർ നീതുവിന്റെ ഒൻപത്​ വിരലുകളാണ് മുറിച്ചത്. മൂന്നുലക്ഷം രൂപ ചെലവിട്ട് ഫെബ്രുവരി 22നാണ് നീതു വയറ്റിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ നടത്തിയത്. എന്നാൽ ശസ്ത്രിക്രിയക്ക്​ പിന്നാലെ നീതുവിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക്​ നീതുവിനെ മാറ്റി. അണുബാധയെത്തുടർന്ന് 21ദിവസം വെന്റിലേറ്റർ സഹായത്തിൽ ചികിത്സയിലായിരുന്നു. ഇപ്പോഴും ജോലിക്ക്​ പോകാനാകാതെ വിശ്രമത്തിലാണ്. നീതിക്ക്​ വേണ്ടി ഹൈകോടതിയെ സമീപിക്കാനാണ്​ കുടുംബത്തിന്‍റെ തീരുമാനം. 

Tags:    
News Summary - Woman's fingers cut during fat transfer surgery: Report defends private clinic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.