സ്വിഫ്റ്റ് വന്നതോടെ നിരക്ക് കുറച്ച് സ്വകാര്യ ബസുകൾ; സ്ക്രീൻഷോട്ട് പങ്കുവെച്ച് കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: സ്വിഫിറ്റ് ബസുകൾ ഓടിത്തുടങ്ങിയതോടെ സ്വകാര്യ ബസുകൾ നിരക്ക് കുറച്ചെന്ന് വ്യക്തമാക്കി കെ.എസ്.ആർ.ടി.സി. സ്വകാര്യ ബസുകൾ അമിത നിരക്ക് ഈടാക്കുകയാണെന്ന് കാണിച്ച് വ്യാഴാഴ്ച കെ.എസ്.ആർ.ടി.സിയുടെ ഫേസ്ബുക്ക് പേജിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ ബസുകൾ നിരക്ക് കുറച്ചതെന്ന് സ്ക്രീൻ ഷോട്ടുകളടക്കം നൽകി കെ.എസ്.ആർ.ടി.സി പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

കെ.എസ്.ആർ.ടി.സിയുടെ കുറിപ്പിൽനിന്ന്:

ആരെയും തോല്പിക്കാനല്ല...

സാധാരണ യാത്രക്കാരുടെ ന്യായമായ യാത്രാ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് കെഎസ്ആർടിസിയുടെ പുതിയ സംരംഭമായ കെ-സ്വിഫ്റ്റ്. ആയതിന് ഫലം കണ്ടു തുടങ്ങിയിരിക്കുന്നു.

പ്രിയരേ... നിങ്ങൾ വസ്തുതകൾ മനസ്സിലാക്കൂ...

കെ.എസ്.ആർ.ടി.സിയുടെ നൂതന സംരംഭമായ കെ-സ്വിഫ്റ്റ് സർവിസ് ആരംഭിച്ചത് മുതൽ വ്യാപകമായ രീതിയിൽ പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ സോഷ്യൽ മീഡിയകളിലും ഓൺലൈൻ മാധ്യമങ്ങളിലും പടച്ചുവിട്ട അസത്യങ്ങൾ തിരിച്ചറിയൂ.

ഞങ്ങൾ ഇന്നലെ പോസ്റ്റ് ചെയ്ത "കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിനെ ഭയക്കുന്നതാര്? എന്തിന്?" എന്ന സ്‌റ്റോറി വന്ന് മണിക്കൂറുകൾക്കകം സ്വകാര്യ കോൺട്രാക്ട് കാര്യേജ് ബസുകൾ അവരുടെ കൂടിയ നിരക്കുകൾ കുറച്ചുതുടങ്ങി. കെ.എസ്.ആർ.ടി.സിയെ സംബന്ധിച്ചിടത്തോളം ഞങ്ങൾ ആഗ്രഹിച്ചതും അത്രയേ ഉള്ളൂ, ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര സൗകര്യം ഏർപ്പെടുത്തുക.

കേരള സർക്കാർ നിരത്തിലിറക്കിയ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകൾ വ്യാപകമായി അപകടം ഉണ്ടാക്കുന്നു എന്ന് പറഞ്ഞവർ തന്നെ അത് മാറ്റിപ്പറയേണ്ടി വന്ന സാഹചര്യം നിലനിൽക്കുകയാണ്. ഇന്നലെ വൈകീട്ട് സ്വകാര്യ ബസിന്റെ ബാംഗ്ലൂർ - തിരുവനന്തപുരം സർവിസ്

4000 മുതൽ 5000 രൂപ വരെയാണ് ഈടാക്കിയത്. എന്നാൽ ബുക്കിങ് സൈറ്റിൽ നോക്കുമ്പോൾ "From Rs.1599" എന്ന രീതിയിൽ കബളിപ്പിക്കപ്പെടുന്ന തരത്തിലാണ്. വിഷു, ഓണം, ക്രിസ്മസ് തുടങ്ങിയ അവധി ദിവസങ്ങളിൽ മാത്രം പത്രമാധ്യമങ്ങൾ ഈ കൊള്ളയുടെ വാർത്തകൾ ഇട്ടതിനുശേഷം മറ്റൊരു വിഷയത്തിലേയ്ക്ക് മാറുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമല്ലോ?

അന്നു കെ.എസ്.ആർ.ടി.സിയുടെ ബസുകൾ കൊണ്ട് നമുക്ക് ഇതിനൊരു പരിഹാരം കാണാൻ സാധിച്ചിരുന്നുമില്ല. അതിനെല്ലാം പരിഹാരമാർഗം എന്ന നിലയിലാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ ഉദയം. ഇന്നലെ കെ.എസ്.ആർ.ടി.സി ഫേസ്ബുക്ക് പോസ്റ്റ് വന്നശേഷം സ്വകാര്യ ബസ് ലോബികൾ അമിത നിരക്ക് കുറച്ചതിന്റെ സ്ക്രീൻ ഷോർട്ട് ഞങ്ങൾ ഈ പോസ്റ്റിനൊപ്പം ചേർക്കുന്നു.



Tags:    
News Summary - With the advent of Swift, fares were slashed by private buses; Share the screenshot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.