ലോക്ഡൗണിൽ ഇളവ് ആവശ്യപ്പെട്ട് സർക്കാറിന് കത്ത് നൽകുമെന്ന് പ്രതിപക്ഷ നേതാവ്

മലപ്പുറം: ലോക്ഡൗണിൽ ഇളവ് ആവശ്യപ്പെട്ട് സർക്കാറിന് കത്ത് നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജനങ്ങൾ വലിയ പ്രതിസന്ധിയിലാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് യു.ഡി.എഫ് നിരുപാധിക പിന്തുണയാണ് നൽകിയത്. എന്നാൽ, ലോക്ഡൗൺ ഇങ്ങനെ തുടരണോയെന്ന കാര്യം സർക്കാർ ആലോചിക്കണം -അദ്ദേഹം പറഞ്ഞു.

38 ദിവസമായി സംസ്ഥാനത്ത് ലോക്ഡൗണാണ്. കഴിഞ്ഞ ലോക്ഡൗൺ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നതു കൊണ്ട് ഒരുപാട് ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ഉണ്ടായിരുന്നു. വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു, നികുതി ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ അവയൊന്നുമില്ല.

പ്രതിപക്ഷം നിയമസഭ‍യിൽ ആവശ്യപ്പെട്ടത് പ്രകാരം ആഗസ്റ്റ് 31 വരെ നികുതി അടക്കുന്നതിന് കാലതാമസം നൽകുക മാത്രമാണ് ഇപ്പോൾ ചെയ്തിട്ടുള്ളത്. ജനങ്ങൾ വലിയ സാമ്പത്തിക പ്രയാസത്തിലാണ്. ഒരുപാട് പേർക്ക് തൊഴിൽ നഷ്ടപ്പെട്ടിരിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

അതേസമയം, സംസ്​ഥാനത്ത്​ ലോക്​ഡൗണിൽ ഇളവുകൾ അനുവദിക്കുന്നത്​ സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിലായിരിക്കും തീരുമാനമെടുക്കുക.

ഇളവുകളോടെ ലോക്​ഡൗൺ തുടരുമെന്നാണ്​ വിവരം. സംസ്​ഥാനത്ത്​ ലോക്​ഡൗൺ പ്രഖ്യാപിച്ചിരുന്ന​ ജൂൺ 16ന്​ (ബുധനാഴ്​ച) ശേഷമായിരിക്കും ഇളവുകൾ അനുവദിക്കുക. പൊതു ഗതാഗതം ആവശ്യത്തിന്​ മാത്രം അനുവദിച്ചു​ം കൂടുതൽ കടകളും സ്​ഥാപനങ്ങളും പ്രവർത്തിക്കാൻ അനുമതി നൽകിയുമായിരിക്കും ആദ്യ ഘട്ട ഇളവുകൾ. കോവിഡിന്‍റെ മൂന്നാംതരംഗ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ ആൾക്കൂട്ടം ഒഴിവാക്കാനുള്ള നിയന്ത്രണങ്ങൾ തുടർന്നേക്കും.

അതേസമയം ലോക്​ഡൗൺ പൂർണമായും ഒഴിവാക്കാൻ കഴിയില്ലെന്ന്​ ആരോഗ്യമന്ത്രി വീണ ജോർജ്​ പറഞ്ഞു. ചില ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക്​ കുറയുന്നില്ല. മരണനിരക്കും ഉയർന്നുനിൽക്കുന്നു. ഈ സാഹചര്യത്തിൽ ലോക്​ഡൗണിൽ പൂർണമായും ഇളവ്​ നൽകാനാകില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. വാക്​സിൻ എല്ലാവർക്കും എത്തിക്കാനാണ്​ ശ്രമമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - will write letter to the government asking lockdown relaxation -vd satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.