ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം: ആശുപത്രി കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ രാജിക്കായുള്ള പ്രതിപക്ഷ സംഘടനകളുടെ സമരത്തെ പ്രതിരോധിക്കാൻ ഡി.വൈ.എഫ്.ഐ. വീണാ ജോർജിനെ രാജിവെപ്പിക്കാമെന്ന വ്യാമോഹം വേണ്ടെന്നും ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കത്തെ പ്രതിരോധിച്ച് സംരക്ഷണമൊരുക്കുമെന്നും സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് മാധ്യമങ്ങളോട് പറഞ്ഞു.
അധികാരം തിരിച്ചുപിടിക്കാൻ ചില സംഭവങ്ങളെ പർവതീകരിച്ച് വിമോചന സമരം സൃഷ്ടിക്കാനാവുമോ എന്നാണ് നോക്കുന്നത്. കനുഗോലു ആവിഷ്കരിച്ച 2026ലെ കോൺഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രം കേരളത്തിൽ ഏശില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ പത്തനംതിട്ടയിലെ വീട്ടിലേക്ക് മാർച്ച് നടത്തിയവർ പ്രതിപക്ഷ നേതാവിനും പ്രതിപക്ഷ എം.എൽ.എമാർക്കും വീടും ഓഫിസുമുണ്ടെന്ന് ഓർക്കണം. അവിടേക്ക് ഞങ്ങളെക്കൊണ്ട് മാർച്ച് ചെയ്യിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി മാത്രമല്ല, വിവിധ മേഖലകളിലെ ആളുകൾ വിദേശത്ത് ചികിത്സ തേടിയിട്ടുണ്ട്. എവിടെയാണോ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നത് അവിടെ ചികിത്സക്കുപോകുന്നതിൽ തെറ്റില്ലെന്നും സനോജ് ചോദ്യത്തിന് മറുപടി നൽകി.
പാലക്കാട്: ആരോഗ്യമന്ത്രിയുടെയും ആരോഗ്യ വകുപ്പിന്റെയും പിടിപ്പുകേട് പരിഹരിച്ചിട്ട് വേണമായിരുന്നു മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സക്ക് പോകാനെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. അദ്ദേഹം അമേരിക്കയിൽ പോയി ചികിത്സിക്കുന്നതിന് ആരും എതിരല്ല. എന്നാൽ, കേരളത്തിലെ പാവപ്പെട്ട രോഗികൾക്ക് ആരോഗ്യ മേഖലയിൽനിന്ന് നീതി കിട്ടാത്ത ഒരു കാലത്ത് ഇങ്ങനെ പോകുമ്പോൾ വിമർശനം സ്വാഭാവികമാണെന്നും രമേശ് ചെന്നിത്തല പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു.
ഇത്രയും നിരുത്തരവാദപരമായ കാര്യങ്ങൾ ചെയ്യുന്ന, കേരളത്തിന്റെ പുകൾപെറ്റ ആരോഗ്യമേഖലയെ അവതാളത്തിലാക്കിയ മന്ത്രിയുടെ രാജി വാങ്ങിയിട്ട് വേണമായിരുന്നു മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകാൻ.
ആരോഗ്യ വകുപ്പിന്റെ കുത്തഴിഞ്ഞ അവസ്ഥയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വീണ ജോർജ് സ്വയം രാജിവെക്കണം. ഇല്ലെങ്കിൽ മുഖ്യമന്ത്രി ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.