കെ.എസ്.ആർ.ടി.സി റിട്ടയർമെന്‍റ് ആനുകൂല്യ വിതരണം; സുപ്രീംകോടതി മേൽനോട്ടം വഹിക്കും

ന്യൂഡൽഹി: കെ.എസ്.ആർ.ടി.സിയിലെ റിട്ടയർമെന്‍റ് ആനുകൂല്യങ്ങളുടെ വിതരണത്തിന് സുപ്രീംകോടതിയുടെ മേൽനോട്ടം. ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സീനിയോറിറ്റിയും മറ്റ് മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് കോടതി ഇടപെടൽ. ആനുകൂല്യ വിതരണം നിരീക്ഷിക്കുമെന്ന് ജസ്റ്റിസുമാരായ ദീപാങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമയും അടങ്ങുന്ന ബെഞ്ചാണ് പ്രഖ്യാപിച്ചത്. വെഹിക്കിൾ ഇൻസ്‍പെക്‌ടറായി 2024ൽ വിരമിച്ച പ്രദീപ് ഡി. നായരുടെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ആനുകൂല്യങ്ങൾ നൽകണമെന്നുള്ള ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്താണ് കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയെ സമീപിച്ചത്.

നിലവിൽ 41,355 പെൻഷൻകാരാണുള്ളത്, അവർക്കുള്ള പെൻഷൻ ബാധ്യത 16,000 കോടി രൂപ വരും. കോർപറേഷന് പ്രതിവർഷം ഉണ്ടാകുന്ന നഷ്‍ടം 1500 കോടി രൂപയാണെന്നും, ആനുകൂല്യങ്ങൾ വിതരണം ചെയ്യാനുള്ള കാലതാമസത്തിന് കാരണം സാമ്പത്തിക ഞെരുക്കമാണെന്നും കെ.എസ്.ആർ.ടി.സി കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ ഈ ന്യായീകരണത്തോട് വിയോജിച്ച കോടതി, ഭീമമായ നഷ്‍ടമായിട്ടും സർവിസ് നടക്കുന്നുണ്ടല്ലോയെന്നും, സ്വകാര്യ കമ്പനികൾ ഈ രംഗത്ത് ലാഭകരമായി പ്രവർത്തിക്കുന്നുണ്ടല്ലോയെന്നും ചോദിച്ചു.

കോർപറേഷന്‍റെ പൊതുജന സേവനത്തിനും സാമൂഹിക ഉത്തരവാദിത്തത്തിനുമുള്ള പ്രതിബദ്ധതയിൽ നിന്നാണ് നഷ്‍ടം ഉണ്ടായതെന്ന് കെ.എസ്.ആർ.ടി.സിക്കുവേണ്ടി ഹാജരായ അഭിഭാഷകർ ആബിദ് അലി ബീരാനും പ്രണവ് കൃഷ്‍ണയും വാദിച്ചു. കെ.എസ്.ആർ.ടി.സി ഉന്നയിച്ച കാര്യങ്ങൾ പരിഗണിക്കാമെന്ന് സമ്മതിച്ച കോടതി, പ്രദീപ് ഡി. നായർക്ക് പെൻഷൻ ആനുകൂല്യങ്ങളുടെ ഭാഗമായി രണ്ട് ലക്ഷം രൂപ നൽകാൻ കോർപറേഷന് നിർദേശം നൽകി.

Tags:    
News Summary - KSRTC retirement benefit distribution; Supreme Court to supervise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.