പാലക്കാട്: ഇടത് സർക്കാർ അനുമതി നൽകിയ മദ്യനിർമാണ കമ്പനിയെ പാലക്കാട്ട് കാലുകുത്താൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാവ് വി.കെ ശ്രീകണ്ഠൻ എം.പി. ജനത്തെ വെല്ലുവിളിച്ച് ബ്രൂവറി തുടങ്ങാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൽഹി മദ്യനയ അഴിമതിക്ക് പിന്നിലെ കമ്പനിക്ക് പാലക്കാട് ബ്രൂവറി നടത്താൻ അനുമതി നൽകിയത് വ്യാപക അഴിമതി ലക്ഷ്യമിട്ടാണ്. കുടിവെള്ള പദ്ധതി പോലുമില്ലാത്തിടത്താണ് മദ്യനിർമാണശാല അനുവദിക്കുന്നത്.
മദ്യകമ്പനിയെ പുകഴ്ത്തി വാതോരാതെയാണ് എക്സൈസ് മന്ത്രി സംസാരിച്ചത്. എന്തെങ്കിലും പഠിച്ചിട്ടാണോ മന്ത്രി കമ്പനിയെ ഇത്രമാത്രം പുകഴ്ത്തിയതെന്നും വി.കെ. ശ്രീകണ്ഠൻ ചോദിച്ചു.
കേരളത്തെ മദ്യത്തിൽ മുക്കി ജനങ്ങളെ കൊല്ലുകയാണ് സംസ്ഥാന സർക്കാരെന്നും വർധിക്കുന്ന കുറ്റകൃത്യങ്ങൾക്ക് പിന്നിലെല്ലാം മദ്യവും മയക്കുമരുന്നുമാണെന്നും വി.കെ. ശ്രീകണ്ഠൻ ചൂണ്ടിക്കാട്ടി.
കഞ്ചിക്കോട്ട് മദ്യനിർമാണശാല സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ അനുമതി നൽകിയത് എല്ലാ നിയമവും പാലിച്ചാണെന്നാണ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത്. എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ കേരളത്തിൽ ഉത്‌പാദിപ്പിക്കുമെന്ന് കഴിഞ്ഞ വർഷത്തെ മദ്യനയത്തിൽ പ്രഖ്യാപിച്ചതാണെന്നും അതനനുസരിച്ച് നടപടിയെടുക്കുകയാണ് സർക്കാർ ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.
മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയിടങ്ങളിൽ വർഷങ്ങളായി ഈ പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന അനുഭവ സമ്പത്തുള്ള ഒരു സ്ഥാപനം അപേക്ഷിച്ചു. പരിശോധനകൾ നടത്തി എല്ലാ നിയമവും അനുസരിച്ച് ആരംഭിക്കുന്നതിനുള്ള പ്രാരംഭ അനുമതിയാണ് മന്ത്രിസഭ നൽകിയത്. കേന്ദ്ര സർക്കാർ ഷോർട്ട് ലിസ്റ്റ് ചെയ്ത കമ്പനിയാണ്.
600 കോടിയുടെ പദ്ധതി യാഥാർഥ്യമായാൽ നിരവധി പേർക്ക് ജോലി കിട്ടും. കാർഷികോത്പന്നങ്ങൾക്ക് വില കൂടും. റെയിൻവാട്ടർ ഹാർവസ്റ്റിങ് പദ്ധതിയുടെ ഭാഗമായിരിക്കും. വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് വെള്ളം ലഭ്യമാക്കും. എക്സൈസ് കമീഷണർ ഇക്കാര്യങ്ങൾ പ്രത്യേകം പരിശോധിച്ചിട്ടുണ്ട്. പ്രതിപക്ഷം ഇത്തരം ആരോപണങ്ങളുമായി വരുന്നത് സ്വാഭാവികമാണെന്നും മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.