അസ്ഗറലി ഫൈസിയെ അധ്യാപകസ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ നടന്ന പ്രതിഷേധ സംഗമം

ജാമിഅയുടെ പവിത്രത കളങ്കപ്പെടുത്താൻ അനുവദിക്കില്ല -സമസ്ത നേതാക്കൾ

മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പവിത്രത കളങ്കപ്പെടുത്താനും ദുഷ് പ്രചാരണത്തിലൂടെ ഇല്ലാതാക്കാനും അനുവദിക്കില്ലെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെയും പോഷകഘടകങ്ങളുടെയും ഭാരവാഹികൾ അറിയിച്ചു.

പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, ഹാജി യു. മുഹമ്മദ് ശാഫി, അബ്ദുസ്സമദ് പൂക്കോട്ടൂർ, പുത്തനഴി മൊയ്തീൻ ഫൈസി, കെ.എ. റഹ്മാൻ ഫൈസി കാവനൂർ, ഓണംപിള്ളി മുഹമ്മദ് ഫൈസി, നാസർ ഫൈസി കൂടത്തായി, സലീം എടക്കര, ഖാദർ ഫൈസി കുന്നുംപുറം, സി.എച്ച്. ത്വയ്യിബ് ഫൈസി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, പി.എ. ജബ്ബാർ ഹാജി എന്നിവരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.

ജാമിഅ ജനറൽ ബോഡി അംഗങ്ങൾ, ഓസ് ഫോജ്ന ഭാരവാഹികൾ, സമസ്ത നേതാക്കൾ, പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന പ്രത്യേക സംഗമം വ്യാഴാഴ്ച വൈകീട്ട് നാലിന് ജാമിഅ നൂരിയ്യയിൽ നടക്കും.

സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ അസ്ഗറലി ഫൈസിയെ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബി കോളജിലെ അധ്യാപകസ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ പെരിന്തൽമണ്ണയിൽ നടന്ന പ്രതിഷേധ സംഗമത്തിെൻറ പശ്ചാത്തലത്തിലാണ് പ്രസ്താവന. അൻവാറു ത്വലബ സ്റ്റുഡന്റ്സ് അസോസിയേഷൻ ആണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.

പെരിന്തൽമണ്ണ ബൈപാസ് റോഡിൽ ശംസുല്‍ ഉലമ നഗരിയില്‍ നടന്ന പ്രതിഷേധസംഗമത്തിന് വൻ ജനപങ്കാളിത്തമുണ്ടായിരുന്നു. എസ്.വൈ.എസ് കോഴിക്കോട് ജില്ല പ്രസിഡന്റ് ടി.പി.സി. തങ്ങള്‍ നാദാപുരം ഉദ്ഘാടനം ചെയ്തു. ‌ഫൈസല്‍ തങ്ങള്‍ ജീലാനി കാളാവ് അധ്യക്ഷത വഹിച്ചു. എം.പി. മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ ആമുഖപ്രഭാഷണം നടത്തി.

അസ്ഗറലി ഫൈസി അഞ്ചു വർഷമായി ജാമിഅ നൂരിയ്യയിൽ അധ്യാപകനാണ്. സ്ഥാപനത്തിന് 250 ഏക്കറോളം ഭൂമി വിട്ടുനൽകിയ ബാപ്പു ഹാജിയുടെ കുടുംബാംഗംകൂടിയാണ് അദ്ദേഹം. എസ്.കെ.എസ്.എസ്.എഫ് ആദർശ സമ്മേളനത്തിൽ അസ്ഗറലി ഫൈസി നടത്തിയ പ്രസംഗത്തിലെ ചില കാര്യങ്ങൾ മുൻനിർത്തിയാണ് അദ്ദേഹത്തെ ജാമിഅ നൂരിയ്യയിൽനിന്ന് ഒഴിവാക്കിയതെന്നാണ് പറയുന്നത്. ആദര്‍ശം പറഞ്ഞതിന്റെ പേരില്‍ അകാരണമായി പിരിച്ചുവിട്ട നടപടി പുനഃപരിശോധിക്കണമെന്നും പണ്ഡിതര്‍ പടുത്തുയര്‍ത്തിയ ജാമിയ നൂരിയ്യയെ അതിന്റെ ഭരണഘടനക്ക് അനുസൃതമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഭരണസമിതി തയാറാകണമെന്നും സംഗമം ആവശ്യപ്പെട്ടു.

സമസ്തയുടെ പോഷകവിഭാഗങ്ങളിലെ നേതൃനിരയിലുള്ള അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, സത്താർ പന്തല്ലൂർ, ഒ.പി.എം. അഷ്‌റഫ് കുറ്റിക്കടവ്, അന്‍വര്‍ സ്വാദിഖ് ഫൈസി പാലക്കാട്, സുഹൈല്‍ ഹൈതമി പള്ളിക്കര എന്നിവര്‍ സംസാരിച്ചു. 

Tags:    
News Summary - Will not allow Jamia's sanctity to be tarnished - All leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.