Representational Image
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്ന് പേർ. ഏറ്റവും ഒടുവിൽ തിരുവനന്തപുരം പാലോടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വെന്‍കൊല്ല ഇലവുപാലം അടിപറമ്പ് തടത്തരികത്തു വീട്ടില്‍ ബാബു(54)ആണ് മരിച്ചത്.
വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ബാബുവിനെ നാല് ദിവസമായി കാണാനില്ലായിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച രാത്രി ആറുമണിയോടെ ആന ചവിട്ടിക്കൊന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
കുളത്തൂപ്പുഴ വനംപരിധിയില്‍പ്പെട്ട അടിപറമ്പ് ശാസ്താംനട കാട്ടുപാതയ്ക്കു സമീപം ബാബുവിന്റെ വസ്ത്രങ്ങളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് നീര്‍ച്ചാലിനു സമീപത്തായി ബാബുവിന്റെ മൃതദേഹം കണ്ടെത്തി.
ബാബു മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലാണെന്ന് ഇന്ന് രാവിലെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ഇടുക്കി പെരുവന്താനം സ്വദേശി സോഫിയയും (44) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
സ്കൂളിൽനിന്നും വന്ന മക്കളെ വീട്ടിലെത്തിച്ച ശേഷം സോഫിയ കുളിക്കാനായി സമീപത്തെ കുളിക്കടവിലേക്ക് പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കുളിക്കാൻപോയ ഇവരെ കാണാതായതിനെ തുടർന്ന് മകൻ അന്വേഷിച്ചു വരുമ്പോഴാണ് വിവരം അറിയുന്നത്.
വയനാട്ടിലും കാട്ടാന അക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. നൂൽപ്പുഴ സ്വദേശി മാനുവാണ് മരിച്ചത്. 45-കാരനായ മാനു ജോലി കഴിഞ്ഞ് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് തിരിച്ചുവരുമ്പോഴാണ് ആന ആക്രമിച്ചതെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.