കെ.എം-1 ആനയെ നിരീക്ഷിക്കണമെന്നും അനിഷ്ടസംഭവങ്ങൾ ഒഴിവാക്കണമെന്നും ഹൈകോടതി

കണ്ണൂർ: ആറളം ഫാമിൽ ജനങ്ങൾക്ക് ഭീഷണിയാകുന്ന കെ.എം-1 എന്ന ആനയെ നിരീക്ഷിക്കണമെന്നും അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതെ നോക്കണമെന്നും ഹൈകോടതി. പി.എം. ബൈജു പോൾ മാത്യൂസ് നൽകിയ ഉപ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ഫാം മേഖലയിൽ കെ.എം-1 എന്ന കാട്ടാനയെ കണ്ടതോടെ ജനങ്ങൾ ഭീതിയിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പി.എം. ബൈജു പോൾ മാത്യൂസിന്റെ ഹരജി.

ഓരോ ജീവനും അമൂല്യമാണ്. പൗരൻമാർക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി ഓർമിപ്പിച്ചു. ഫെബ്രുവരിയിൽ അനീഷ് എന്നയാൾ കെ.എം-1 എന്ന കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. ആറളം ഫാമിലെ വന്യജീവി ആക്രമണം തടയാൻ ശ്രമിക്കണമെന്നും കോടതിയുടെ നിർദേശം മുമ്പേ നിലവിലുണ്ടെന്നും വിശദീകരിച്ചു. ആറളം ഫാമിന്റെ അഭിഭാഷകനും ഇക്കാര്യം അംഗീകരിച്ചതിനെ തുടർന്നാണ് നിരീക്ഷണം കർശനമാക്കണമെന്ന് നിർദേശം നൽകിയത്. 22ന് കേസ് വീണ്ടും പരിഗണിക്കും.

ആറളത്ത് 12 വർഷത്തിനിടെ കാട്ടാനക്കലിയിൽ ജീവൻ നഷ്ടമായത് 15 പേർക്കാണ്. ഇതിന് കാരണമായത് കെ.എം-1 എന്ന മോഴയാനയെണെന്ന് പ്രദേശവാസികൾ പറയുന്നത്. കെ.എം-1 എന്നത് കണ്ണൂർ മോഴയെന്നതാണ്. കഴിഞ്ഞ വർഷം ഫെബ്രുവരി 23ന് വെള്ളി-ലീല ദമ്പതികളുടെ കൊന്നതും ഈ വർഷം ഫെബ്രുവരി 27ന് അനീഷിനെ കൊന്നതും മോഴയാനയാണെന്ന് കണ്ടെത്തിയിരുന്നു. അനീഷിന്റെ വീട്ടുമുറ്റത്ത് രണ്ടാഴ്ച മുമ്പ് മോഴയാന എത്തിയിരുന്നു. അന്നു അനീഷിന്റെ മാതാപിതാക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

40 ആനകൾ ഫാമിൽ തമ്പടിച്ചിട്ടുണ്ട്. ഇതിൽ ഭീമാകാരനായ ഈ മോഴയാനയാണ് കൂടുതൽ അക്രമണകാരിയെന്ന് നാട്ടുകാർ പറയുന്നു. ഒന്നരയടി വലുപ്പമുള്ള കാലടിയാണ് ഈ ആനയുടെതെന്നും അനീഷിന്റെ വീട്ടുമുറ്റത്ത് പതിഞ്ഞ കാലടിയിൽ ഇതു വ്യക്തമാണെന്നും നാടുക്കാർ പറയുന്നു.

വെള്ളി-ലീല ദമ്പതികളുടെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ സ്ഥലത്തെത്തിയ അന്നത്തെ വനമന്ത്രി എ.കെ. ശശീന്ദ്രനോട് മോഴയാനയെ പിടികൂടി മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്നു മന്ത്രി ഉറപ്പു നൽകിയെങ്കിലും നടപടിയുണ്ടായില്ല. അനീഷ് ഇതേ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തു. ഇപ്പോഴും സ്ഥിരമായി ആറളം പുനരധിവാസ മേഖലയിലും ഫാം കൃഷിയിടത്തിലുമെത്തുന്ന മോഴയാന സോളർ തൂക്കുവേലിക്ക് മുകളിൽ മരം കൊണ്ടുവന്നിട്ടു തകർക്കുന്നതു പതിവാണ്.

Tags:    
News Summary - High Court orders to monitor KM-1 elephant and prevent untoward incidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.