തിരുവനന്തപുരം: ഫിഫ വേൾഡ് കപ്പ് ഫൈനൽ കാണാൻ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി നൽകണമെന്ന് ആവശ്യവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം അവധി ആവശ്യപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ 12.30 നാണ് ഫൈനൽ മത്സരം ആരംഭിക്കുന്നത്. പുലർച്ചെ വരെ മാച്ച് നീണ്ടുനിൽക്കുമെന്നതിനാൽ അതുകണ്ട ശേഷം കുട്ടികൾക്ക് സ്കൂളിലെത്താൻ ബുദ്ധിമുട്ടാകും എന്ന് ശിവൻകുട്ടി പറഞ്ഞു. ഇതിനുപകരം ഏതെങ്കിലും ഒരു ശനിയാഴ്ച പ്രവൃത്തി ദിവസം ആക്കാനുള്ള നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. പുലർച്ചെ 12.30നാണ് അർജന്‍റീനയും സ്പെയിനും തമ്മിലുള്ള ഫൈനൽ മത്സരം നടക്കുന്നത്.
മരടിലെയും ആലപ്പുഴയിലെയും മാനേജ്മെന്‍റ് സ്കൂളുകൾ അവധി പ്രഖ്യാപിച്ചിരുന്നു. നിരന്തരമായി അവധി ആവശ്യപ്പെട്ട് കുട്ടികളുടെ കോളുകൾ വരുന്നുണ്ടെന്ന് കായിക മന്ത്രി ഒ.ജെ ജനീഷ് പറഞ്ഞു. എന്നാൽ അവധി നൽകുന്നതിൽ സാങ്കേതിക തടസമുണ്ടെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്:
'ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. അർജന്റീനയും സ്പെയിനും തമ്മിലുള്ള ആവേശകരമായ ലോകകപ്പ് ഫൈനൽ മത്സരം ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 12.30-നാണ് ആരംഭിക്കുന്നത്. മത്സരം പുലർച്ചെ വരെ നീണ്ടുനിൽക്കുമെന്നതിനാൽ വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച കൃത്യസമയത്ത് സ്കൂളുകളിൽ എത്താൻ ബുദ്ധിമുട്ടായിരിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ചത്തെ അധ്യയന ദിനം ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. തിങ്കളാഴ്ച നൽകുന്ന അവധിക്ക് പകരമായി, പിന്നീട് അവധി വരുന്ന ഏതെങ്കിലും ഒരു ശനിയാഴ്ച പ്രവൃത്തിദിനമാക്കി മാറ്റി അധ്യയന സമയം ക്രമീകരിക്കാവുന്നതാണ്. ഇത് സംബന്ധിച്ച് സർക്കാർ അടിയന്തരമായി അനുകൂല തീരുമാനം കൈക്കൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു.'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.