സുരേഷ് ഗോപി
കൊല്ലം: സംസ്ഥാന സർക്കാർ തൃശൂരിനോട് വൈരാഗ്യം പുലർത്തുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര ഫൊറൻസിക് ലാബ് തൃശൂർ ജില്ലയിൽ സ്ഥാപിക്കാനായി സ്ഥലം ചോദിച്ചപ്പോൾ സംസ്ഥാന സർക്കാർ നൽകിയില്ലെന്നാണ് സുരേഷ് ഗോപിയുടെ പരാതി. ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും സുരേഷ് ഗോപി ആരോപിച്ചു.
തൃശൂരിൽ സ്ഥലം ലഭിക്കാത്തതിനാൽ ലാബ് തിരുവനന്തപുരത്തേക്ക് മാറ്റുകയാണ് ചെയ്തത്. കേരളത്തിൽ ബി.ജെ.പി സർക്കാരോ ബി.ജെ.പി ഭരണത്തിന് തുല്യമായ അവസ്ഥയോ വന്നാൽ ഡബിൾ എഞ്ചിൻ സർക്കാരിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കുമെന്നും സുരേഷ് ഗോപി കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘‘കേന്ദ്ര ഫൊറൻസിക് ലാബിന് വേണ്ടി സ്ഥലം ചോദിച്ചിരുന്നു. എന്നാൽ തൃശൂരിൽ സ്ഥലം ഇല്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ പ്രതികരണം. അതുകൊണ്ട് തിരുവനന്തപുരത്തേക്ക് മാറ്റി. തിരുവനന്തപുരവും എന്റെ രാജ്യമായതുകൊണ്ട് എനിക്കത് എതിർക്കാൻ വയ്യ. തൃശൂരിൽ ആവശ്യപ്പെടുന്നത് 25 ഏക്കർ ഭൂമിയാണ്. അവിടെ വലിയ പദ്ധതി വരും. സംസ്ഥാന സർക്കാർ അവിടെ ഭൂമി ഏറ്റെടുത്ത് തരണം. തൃശൂരിനോട് എന്തിനാണ് വൈരാഗ്യം. അതിൽ രാഷ്ട്രീയമുണ്ട്. അത് തൃശൂരിലെ ജനങ്ങളോട് വ്യക്തമാക്കിയാൽ മതി.’’ – സുരേഷ് ഗോപി പറഞ്ഞു.
ഡബിൾ എഞ്ചിൻ സർക്കാറിന്‍റെ ഗുണം പല സംസ്ഥാനങ്ങൾക്കും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാടിന്‍റെ കാര്യം വ്യത്യസ്തമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
‘‘ഡബിൾ എഞ്ചിൻ സർക്കാരിന്റെ ഗുണം ഏതൊക്കെ സംസ്ഥാനങ്ങൾക്ക് ലഭിച്ചു. തമിഴ്നാട് അതിൽ നിന്ന് വ്യത്യസ്തമാണ്. ഒരു ഡബിൾ എഞ്ചിൻ സർക്കാർ ഇല്ലാത്ത അവസ്ഥയിലും ഒരു ഡബിൾ എഞ്ചിൻ സർക്കാരായാണ് അവർ പ്രവർത്തിക്കുന്നത്. തമിഴൻമാർക്ക് കിട്ടേണ്ടതെല്ലാം, അത് ഏത് ശത്രു ഭരിച്ചാലും കേന്ദ്രത്തിൽ നിന്ന് അവർ കൊണ്ടുവരും. അവർ ജനങ്ങൾക്ക് സാധ്യമാക്കി കൊടുക്കുന്നുണ്ട്. കേരളത്തിൽ അത് നടപ്പാകണമെങ്കിൽ ഒരു ബി.ജെ.പി സർക്കാർ, അല്ലെങ്കിൽ ബി.ജെ.പി ഭരണത്തിന് തുല്യമായ അവസ്ഥ വരണം. ’’ – സുരേഷ് ഗോപി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.